പിന്നോക്ക വിഭാഗക്കാര്‍ എല്ലാ മേഖലയിലും മത്സരം നേരിടുന്നു: ജസ്റീസ് ബാലകൃഷ്ണന്‍
Tuesday, April 15, 2014 12:20 AM IST
കൊച്ചി: പിന്നോക്ക വിഭാഗങ്ങള്‍ക്കു മറ്റുള്ളവരെക്കാള്‍ എല്ലാ മേഖലയിലും കടുത്ത മല്‍സരം നേരിടേണ്ടിവരുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. ലോയേഴ്സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റീസ്, എംജി ട്രസ്റ് എന്നിവയുടെ നേതൃത്വത്തില്‍ എസ്സി, എസ്ടി വിഭാഗത്തില്‍പെട്ട അഭിഭാഷകര്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം കൊണ്ട് എപ്പോഴും പിടിച്ചുനില്‍ക്കാന്‍ സാധിക്കണമെന്നില്ല. നമ്മുടെ കഴിവുകളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വ്യക്തമാക്കുകയാണു വേണ്ടത്. പിന്നോക്ക വിഭാഗക്കാരുടെ വികസനത്തിനു വേണ്ടി അംബേക്ദര്‍ നല്‍കിയ സംഭാവനകള്‍ ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോയേഴ്സ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റീസ് പ്രസിഡന്റ് അഡ്വ.കെ.എ. ബാലന്‍ അധ്യക്ഷനായിരുന്നു. ഹൈക്കോടതി ജഡ്ജി ജസ്റീസ് ബാബു മാത്യു പി. ജോസഫ് മുഖ്യാതിഥിയായി. കേരള ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ്, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.പി. ചാലി, അഡ്വ.ആര്‍. പ്രേംശങ്കര്‍, എംജി ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ ഡൌണ്‍ ഫൌണ്േടഷന്റെ സഹകരണത്തോടെയാണു പരിശീലനം സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.