മൂന്നാമത്തെ ഹൃദയവുമായി ഗിരീഷിനു ഹാപ്പി വിഷു
മൂന്നാമത്തെ ഹൃദയവുമായി ഗിരീഷിനു ഹാപ്പി വിഷു
Tuesday, April 15, 2014 12:00 AM IST
സിജോ പൈനാടത്ത്

കൊച്ചി: അറിവും അനുഭവസമ്പത്തുമുള്ളവര്‍ അസാധ്യമെന്നും അസംഭവ്യമെന്നും കുറിച്ച കാര്യങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അതിനെ അദ്ഭുതമെന്നു വിളിക്കണം. പാലക്കാട് സ്വദേശിയായ ഗിരീഷ് എന്ന ചെറുപ്പക്കാരന്‍ അത്തരമൊരു അദ്ഭുതത്തിനു നിമിത്തമായതിന്റെ ആഹ്ളാദത്തിലാണ്. മൂന്നാമത്തെ ഹൃദയം തന്നില്‍ സ്പന്ദിച്ചതിന്റെ ആഹ്ളാദം.

ഒരിക്കല്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയില്‍ രണ്ടാമതും സമാനമായ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത് ഇന്ത്യയില്‍ ആദ്യം. എറണാകുളം ലിസി ആശുപത്രിയിലാണ് ഈ അപൂര്‍വ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. കേരളത്തില്‍ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. തന്റെ ശരീരത്തില്‍ സ്പന്ദിച്ച മൂന്നാമത്തെ ഹൃദയവുമായി ഗിരീഷ്കുമാര്‍ (39) ഇന്നലെ ആശുപത്രി വിട്ടു. 39 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിലെത്തിയ ഗിരീഷിന് ഇന്നു സന്തോഷത്തിന്റെ വിഷുപ്പുലരി.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അസുഖമുണ്ടായിരുന്ന ഗിരീഷിന് 2013 ജൂണ്‍ നാലിനാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലിസി ആശുപത്രിയില്‍ നടത്തിയത്. മസ്തിഷ്കമരണം സംഭവിച്ച കോലഞ്ചേരി സ്വദേശി അഖില്‍ ബാബുവിന്റെ ഹൃദയമാണ് അന്നു ഗിരീഷ് സ്വീകരിച്ചത്. ഒന്നര മാസത്തിനു ശേഷം ആശുപത്രി വിട്ട ഗിരീഷ് സാധാരണജീവിതം നയിക്കുന്നതിനിടെ ഡിസംബറില്‍ ഇടുപ്പെല്ലു മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇടപ്പള്ളി കിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആഴ്ചകള്‍ക്കുശേഷം ഹൃദയത്തിന്റെ വലതു വാല്‍വിന് അണുബാധയുണ്ടാവുകയായിരുന്നു. വീണ്ടും ലിസി ആശുപത്രിയിലെത്തിയ ഗിരീഷിനു ചികിത്സയ്ക്കിടെ രണ്ടു തവണ ഹൃദയസ്തംഭനമുണ്ടായി. ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍മൂലം ജീവിതത്തിലേക്കു മടങ്ങിയെത്തുകയായിരുന്നു. വാല്‍വോ ഹൃദയമോ മാറ്റിവയ്ക്കുകയാണു ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരിക്കല്‍ ഹൃദയം മാറ്റിവച്ചയാളില്‍ വീണ്ടും മറ്റൊരു ഹൃദയം വച്ചുപിടിപ്പിക്കുന്നതിലെ സങ്കീര്‍ണതകള്‍ ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും ആത്മധൈര്യത്തോടെ ഗിരീഷ് അതിനു സന്നദ്ധനായി.


കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് വഴിയായി, എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശി ഷാജിയുടെ (44) ബന്ധുക്കള്‍ അവയവദാനത്തിനു സന്നദ്ധരാണെന്നറിഞ്ഞു. മാര്‍ച്ച് ആറിനു പുലര്‍ച്ചെ ലിസി ആശുപത്രിയില്‍നിന്നുള്ള വിദഗ്ധസംഘം ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഷാജിയുടെ ഹൃദയം വേര്‍പെടുത്തി 12 മിനിറ്റുകൊണ്ട് ലിസി ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയയുടെ നാലാം മണിക്കൂറില്‍ പുതിയ ഹൃദയം ഗിരീഷില്‍ സ്പന്ദിച്ചുതുടങ്ങി.

ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ബാബു ഫ്രാന്‍സിസ്, ഡോ. ഭാസ്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് ജെ. തോമസ്, ഡോ. ശിശിര്‍ ബാലകൃഷ്ണപിള്ള, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

അതീവസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായതില്‍ അഭിമാനവും സന്തോഷവുമുണ്െടന്നു ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പിലും അസിസ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് അസിന്‍ തൈപ്പറമ്പിലും പറഞ്ഞു. വിപ്രോയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ ഗിരീഷ് ഏതാനും ആഴ്ച വിശ്രമിച്ചതിനുശേഷം ജോലിയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.