ബേസ്ബൈക്കുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍
ബേസ്ബൈക്കുമായി എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍
Tuesday, April 15, 2014 12:28 AM IST
പത്തനംതിട്ട: പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിക്കാതെയും പ്രകൃതിക്കു ദോഷമുണ്ടാക്കാതെയും ഓടിക്കാനാകുന്ന ബേസ് ബൈക്ക് പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തു.

ബയോഗ്യാസില്‍നിന്നും ഉണ്ടാകുന്ന മീതെയിനെ പ്രത്യേക സംവിധാനരീതിയില്‍ ശേഖരിച്ച് വാഹനത്തിന്റെ എന്‍ജിനിലേക്ക് എത്തിക്കുന്നതാണ് ബൈക്കിന്റെ ഇന്ധനം. ഇത്തരത്തില്‍ മീതെയിന്‍ ഉപയോഗിച്ച് ഓടുന്ന ബൈക്ക് ലിറ്ററില്‍ ഏകദേശം 50 കിലോമീറ്റര്‍ ഓടുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 10 ലിറ്റര്‍ സംഭരണശേഷിയുള്ള സിലിണ്ടറാണ് ബൈക്കില്‍ ഉപയോഗിക്കുന്നത്. 10 ലിറ്ററില്‍ ഏകദേശം 500 കിലോമീറ്റര്‍ ലഭിക്കും. ബയോഗ്യാസ് പ്ളാന്റും മാനുവല്‍ കംപ്രസറും സംഭരണടാങ്കും ബൈക്കിന്റെതന്നെ സൌകര്യപ്രദമായ ഭാഗങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ബയോ എയര്‍ സോളാര്‍ ഇലക്ട്രിക് എന്നിവയുടെ സംയോജന പദമായ 'ബേസ്' ബൈക്കിന്റെ നാമകരണവുമായി.

ബയോഗ്യാസില്‍ നിന്നുള്ള ഇന്ധനം പോരാതെ വന്നാല്‍ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന യൂണിറ്റ് വഴി എക്സ്ഹോസ്റ്റസ് ഗ്യാസിനെ ശുദ്ധീകരിച്ച് സംഭരണത്തിനുള്ള വായുവായി മാറ്റും. ബാറ്ററി സൂര്യപ്രകാശത്തില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യവുമുണ്ട്. സോളാര്‍ റീജറേറ്റീവ് ഡിവൈസാണ് പ്രവര്‍ത്തിക്കുന്നത്. വാഹനം മറ്റ് ഊര്‍ജ്ജസ്രോതസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓള്‍ട്ടനേറ്റര്‍ മുഖേന ബാറ്ററി ചാര്‍ജ്ജ് ചെയ്യുകയും മറ്റൊരു ഘട്ടത്തില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട ബാറ്ററി സ്വിച്ചിന്റെ സഹായത്തോടെ മോട്ടോറിനെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.


സാധാരണ ബൈക്കിലാണ് കിറ്റ് ഘടിപ്പിക്കുന്നത്. വാഹനത്തിനു പുറമേ നാല് കിറ്റുകള്‍ക്കുകൂടി 10,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ ജിബിന്‍ ബാബു, ജോണ്‍സി ഐസക്ക്, അനൂപ് കൃഷ്ണന്‍, വിനീത് ടി.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ബേസ് ബൈക്ക് വികസിപ്പിച്ചെടുത്തത്. അധ്യാപകരായ പ്രഫ.നൈനാന്‍ ചാക്കോ, പ്രഫ.മധു, അജീഷ് സോമന്‍ എന്നിവരും എന്‍ജിനീയര്‍മാരായ വിഷ്ണു രാജേന്ദ്രന്‍, ജോബ് ബാബു എന്നിവരും സാങ്കേതിക വൈദഗ്ധ്യം പകര്‍ന്നു നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.