മഹത്വത്തിന്റെ പാത
മഹത്വത്തിന്റെ പാത
Tuesday, April 15, 2014 12:28 AM IST
പരിഹാരം ഫാ. ഡാനി കപ്പൂച്ചിന്‍ (തില്ലേരി ആശ്രമം, കൊല്ലം)- 44

മുറിവേറ്റു രക്തം വാര്‍ന്നൊഴുകി നില്‍ക്കുന്ന ദൈവപുത്രന്‍ ഇനി നമ്മുടെ മനസില്‍ നിറയുകയാണ്. നമ്മിലുമുണ്ട് മുറിവേറ്റു രക്തം ചിന്തുന്ന അനേകര്‍. ക്രിസ്തുവിന്റെ മുറിവുകളോടു ചേര്‍ത്തുവച്ചു സ്വന്തം സങ്കടങ്ങള്‍ക്ക് അര്‍ഥം നല്‍കാനുള്ള വിശുദ്ധവാരത്തിലാണു നമ്മള്‍. ക്രിസ്തുവിന്റെ മുറിവുകള്‍ക്ക് അര്‍ഥമുണ്െടങ്കില്‍ നമ്മുടെ മുറിവുകള്‍ക്കും അര്‍ഥം കണ്െടത്താനാവും.

വചനം പ്രഘോഷിച്ചപ്പോഴും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചപ്പോഴുമൊന്നും ക്രിസ്തു ദൈവപുത്രനാണെന്ന പരസ്യപ്രസ്താവനകള്‍ ഉണ്ടായില്ല. ഒടുവില്‍ അവന്‍ എല്ലാം അവസാനിപ്പിച്ചു കുരിശില്‍ മരിച്ചു. അപ്പോള്‍ കുരിശിന്‍ചുവട്ടില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു, "സത്യമായും ഇയാള്‍ ദൈവപുത്രനാണ്.'' ക്രിസ്തുവിന്റെ 'ഐഡന്റിറ്റി' ഈ ഭൂമിക്ക് വെളിപ്പെട്ടത് അവന്റെ മുറിപ്പാടുകളിലൂടെയാണ്. ഇതാണു മുറിവുകളുടെ അര്‍ഥം. ഒരാള്‍ താന്‍ ആരാണെന്നു വിളിച്ചുപറയേണ്ടതു തന്റെ മുറിപ്പാടുകളിലൂടെയാണ്.

ഒരു പുരുഷന്‍ അപ്പനാകുന്നതും ഒരു സ്ത്രീ അമ്മയാകുന്നതും മുറിവുകളിലൂടെയാണ്. പകലന്തിയോളം പണിയെടുത്തിട്ട് അവസാനത്തെ ചില്ലിക്കാശും വീട്ടിലുള്ളവര്‍ക്കായി വീതിച്ചുകൊടുത്തിട്ടു വീണ്ടും പുലരിയില്‍ ശൂന്യമായ കരങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്ന ഈ മനുഷ്യനാര് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അപ്പന്‍. വീടിനുള്ളില്‍ എല്ലാവര്‍ക്കുംവേണ്ടി എല്ലാം ചെയ്തു തളരുന്ന ഈ സ്ത്രീ ആര് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് അമ്മ. മുറിവുകളോ അധ്വാനങ്ങളോ സങ്കടങ്ങളോ ഇല്ലായിരുന്നെങ്കില്‍ ഈ ഭൂമിയില്‍ അപ്പനും അമ്മയും ഉണ്ടാകുമായിരുന്നില്ല. സ്ത്രീയും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെ രൂപപ്പെട്ടത് മുറിപ്പാടുകളിലൂടെയാണ്.


ഒരു കുഞ്ഞിനും ജന്മം നല്‍കാതെ സിസ്റര്‍ തെരേസ എങ്ങനെ 'മദര്‍' തെരേസ ആയി. കോല്‍ക്കത്തയിലെ തെരുവുകളിലെ ആരുടെയോ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മുറിവേറ്റപ്പോള്‍. ഗാന്ധിജി എങ്ങനെ രാഷ്ട്രപിതാവായി? രാഷ്ട്രത്തിനുവേണ്ടി മുറിവേറ്റുവീണപ്പോള്‍. ഒരു പഴയഗാനം മനസില്‍ മൂളുന്നു:

കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നുംപാട്ടിന്റെ പാലാഴി തീര്‍ത്തവനേ....

കാട്ടിലൂടെ നടന്ന ഒരു ഇടയച്ചെറുക്കനു കാറ്റത്ത് അടര്‍ന്നുവീണ ഒരു പാഴ്മുളം തണ്ട് കിട്ടി. അവനതു കൂര്‍ത്ത മുനയുള്ള കമ്പികൊണ്ടു കുത്തി മുറിവേല്‍പിച്ചു. മുറിവേറ്റ പാഴ്മുളം തണ്ടിനെ ചുണ്േടാടു ചേര്‍ത്തുവച്ചു നിശ്വസിച്ചപ്പോള്‍ അതു മനോഹരമായ സംഗീതമുതിര്‍ക്കുന്ന ഓടക്കുഴലായി. പാഴ്മുളം തണ്ടിലേറ്റ മുറിവുകളാണ് അതിനെ സംഗീതമൊഴുകുന്ന ഓടക്കുഴലായി മാറ്റുന്നത്. ഒരു പാഴ്ജന്മമായി പോയേക്കാവുന്ന എന്നെ ഒരു പുണ്യജന്മമാക്കുന്നതും എന്നിലേറ്റ മുറിപ്പാടുകളാണ്.

ആര്‍ക്കൊക്കെയോവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള നിങ്ങളെ ഈ നോമ്പുകാലം ക്രിസ്തുവിന്റെ മുറിവുകള്‍കൊണ്ട് സ്പര്‍ശിക്കുന്നു. നിങ്ങളുടെ അലച്ചിലുകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കിയിരിക്കുന്നു. ആര്‍ക്കും മനസിലാക്കാനാവാത്തവിധം നിങ്ങള്‍ വളരെയധികം സഹിക്കേണ്ടിവരുമ്പോള്‍ അറിയുക, 'നിങ്ങളാണു നിങ്ങളുടെ വീട്ടിലെ ക്രിസ്തു.'
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.