പി. ജയചന്ദ്രന് ഹരിവരാസനം സംസ്ഥാന അവാര്‍ഡ്
പി. ജയചന്ദ്രന് ഹരിവരാസനം സംസ്ഥാന അവാര്‍ഡ്
Tuesday, April 15, 2014 12:29 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസം അവാര്‍ഡിനു പ്രശസ്ത ഗായകനായ പി. ജയചന്ദ്രനെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മതസൌഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി, ശബരിമല ശ്രീധര്‍മ ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് 2012 മുതല്‍ ദേവസ്വം വകുപ്പ് നല്‍കിവരുന്ന അവാര്‍ഡാണ് ഇത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഈ വര്‍ഷവും മതസൌഹാര്‍ദത്തിന്റെ സംഗമവേദിയായ ശബരിമലയില്‍ വച്ചുതന്നെ നല്‍കുമെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു.


അരനൂറ്റാണ്ടിലേറെയായി തുടര്‍ന്നുവരുന്ന സംഗീത സപര്യയിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി മുതലായ ഭാഷകളിലായി മത-ദേശ വ്യത്യാസങ്ങള്‍ കൂടാതെ നിരവധി ഗാനങ്ങള്‍ ആലപിച്ച പി. ജയചന്ദ്രന്‍ ഇതിനു മുമ്പ് മികച്ച ഗായകനുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. മലയാള സര്‍വകലാശാല വൈസ് ചാന്‍സലലര്‍ കെ. ജയകുമാര്‍ അധ്യക്ഷനായ സമിതിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2012 ലെ ഹരിവരാസനം അവാര്‍ഡ് കെ.ജെ. യേശുദാസിനും 2013ലേത് ജയവിജയന്മാരിലെ ജയനുമാണ് സമ്മാനി ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.