മുഖപ്രസംഗം: കാല്‍കഴുകലിന്റെ മാതൃക
Thursday, April 17, 2014 10:26 PM IST
പീഡാനുഭവവാരം അതിന്റെ പരമകാഷ്ഠയെ സമീപിക്കുകയാണു പെസഹാദിനത്തില്‍. യഹൂദരുടെ ആചാരമായ പെസഹ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ പെസഹാവ്യാഴാഴ്ചയായിത്തീര്‍ന്നത് യേശുവിലൂടെയാണല്ലോ. യേശുവിന്റെ അന്ത്യഭോജനത്തിന്റെയും അവിടുന്നു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും അവിടുത്തെ പീഡാരംഭത്തിന്റെയും ഓര്‍മയ്ക്കായി ക്രൈസ്തവര്‍ ആചരിക്കുന്ന പെസഹ യേശു നടത്തിയ കാല്‍കഴുകലിന്റെ സ്മരണാചരണം കൂടിയാണ്. യേശു സ്വന്തം കാല്‍ കഴുകുകയോ ശിഷ്യന്മാര്‍ അവിടുത്തെ കാല്‍ കഴുകിക്കൊടുക്കുകയോ അല്ല ചെയ്തത്, അവിടുന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിത്തുടയ്ക്കുകയായിരുന്നു.

അനുയായികള്‍ക്കു കഴുകാന്‍ സ്വന്തം പാദങ്ങള്‍ നീട്ടിവച്ചുകൊടുക്കുന്ന നേതാക്കന്മാരെയാണു നാം ഇന്നു കാണുന്നത്. അന്നത്തെ നേതാക്കളും ആചാര്യന്മാരും ചെയ്തിരുന്നതും ഇതുതന്നെ. മറ്റുള്ളവരാല്‍ പൂജിക്കപ്പെടാനും സേവിക്കപ്പെടാനുമുള്ളവരാണു തങ്ങളെന്ന് അവര്‍ വിശ്വസിച്ചു. ധാരാളംപേര്‍ അവരെ പൂജിക്കുകയും അവരുടെ കാലുകള്‍ കഴുകിക്കൊടുക്കുകയും ചെയ്തുപോന്നു. അതിനു വലിയൊരു തിരുത്താണു പെസഹാത്തിരുനാളില്‍ യേശു നല്‍കിയത്. പെസഹാഭക്ഷണം കഴിക്കുന്നതിനു മുമ്പായി, ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായി, യേശു തന്റെ തോള്‍വസ്ത്രമെടുത്ത് അരയില്‍ച്ചുറ്റി, പാത്രത്തില്‍വെള്ളമെടുത്തു ശിഷ്യന്മാര്‍ ഒരോരുത്തരുടെയും പാദങ്ങള്‍ കഴുകാനും തന്റെ വസ്ത്രത്താല്‍ തുടയ്ക്കാനും തുടങ്ങി. ശിഷ്യര്‍ ഞെട്ടിയിരിക്കണം. കാരണം മൂന്നുദിവസം മുമ്പു ജറുസലേം നഗരത്തിലേക്കു വലിയൊരു ജനാവലിയുടെ ആവേശപൂര്‍ണമായ അകമ്പടിയോടെ, ഒരു രാജാവിനെപ്പോലെ കടന്നുവരികയും സമുദായപ്രമാണികളെ കിടിലംകൊള്ളിക്കുകയും ചെയ്ത നേതാവാണ് ഇപ്പോള്‍ അവരുടെ കാല്‍ക്കല്‍ ഒരു നാലാംഗ്രേഡ് ഭൃത്യനെപ്പോലെ ഇരുന്നത്. ജറുസലേം തെരുവീഥിയിലെ രാജത്വപ്രകടനത്തിനുശേഷം തങ്ങളുടെ ഗുരുവിനെ കൂടുതല്‍ പ്രതാപത്തില്‍, വലിയ അധികാരങ്ങളോടെ, ഒരുപക്ഷേ സിംഹാസനത്തില്‍ത്തന്നെ, കാണാമെന്നും ആ അധികാരത്തിന്റെ ഒരു പങ്ക് തങ്ങള്‍ക്കു കിട്ടുമെന്നും ശിഷ്യന്മാര്‍ പ്രതീക്ഷിച്ചിരിക്കെയാണ് അവിടുന്ന് തങ്ങള്‍ക്കു മുന്നില്‍ ഒരു ദാസനെപ്പോലെ പെരുമാറുന്നത് അവര്‍ കണ്ടത്. തൊടാന്‍ അനുവദിക്കാതെ കാല്‍ പിന്‍വലിച്ച പത്രോസിന്റെ കാല്‍ യേശു നിര്‍ബന്ധപൂര്‍വം തന്റെ കൈകളിലേക്കു നീട്ടിച്ചു. ക്ഷാളനം പൂര്‍ത്തിയാക്കിയശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളെന്നെ ഗുരുവെന്നും യജമാനനെന്നും വിളിക്കുന്നു...നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകാന്‍ കടപ്പെട്ടവരാകുന്നു. ഞാന്‍ നിങ്ങളോടു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ ഈ മാതൃക നല്‍കിയിരിക്കുന്നു.

തന്നെ പിന്തുടരുന്നവര്‍ക്കെല്ലാമായി യേശു നല്‍കിയ ഒരു മാതൃകയായിരുന്നു അത്. അതോടൊപ്പം, എല്ലാക്കാലങ്ങളിലുമുള്ള നേതാക്കള്‍ക്കും തന്റെ അനുയായികള്‍ക്കുമുള്ള മാതൃകയും. നേതാവ് ദാസനായിരിക്കുക, മുന്നില്‍ നില്‍ക്കാന്‍ ശ്രമിക്കാതെ പിന്നിലേക്കു സ്വയം മാറുക എന്നീ ഉപദേശങ്ങള്‍ യേശു മുമ്പും നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, ഇന്നത്തെ നേതാക്കന്മാര്‍ - രാഷ്ട്രീയമേഖലയിലും സാമൂഹ്യ-സാമുദായിക മേഖലകളിലായാലും മതമേഖലയിലായാലും - പാടേ മറക്കുന്ന ഉപദേശമാണിത്. കഴിയുമെങ്കില്‍, ഇടിച്ചുകയറിയോ അല്ലാതെയോ, ഏറ്റവും മുന്നില്‍ നില്‍ക്കാനാണു നേതാക്കളും നേതാവാകാന്‍ ആഗ്രഹിക്കുന്നവരും നേതാവാകുമെന്ന് ഒരുപ്രതീക്ഷയുമില്ലാത്തവര്‍പോലും ശ്രമിക്കുന്നത്. മറ്റൊരാള്‍ക്ക് ഇടംകൊടുത്തു സ്വയം മാറിനില്‍ക്കാന്‍ തയാറാവുന്നവര്‍ എത്രയുണ്ട്? മുന്നിലെ സ്ഥാനത്തിനുവേണ്ടി രാഷ്ട്രീയത്തില്‍ നടക്കുന്ന നാണംകെട്ട കടിപിടികളാണു സ്ഥിരം വാര്‍ത്ത. ജനത്തെ സേവിക്കാനാണു തങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നു പറയുന്ന രാഷ്ട്രീയനേതാക്കള്‍ക്ക് അധികാരമില്ലാതെ രണ്ടുദിവസം കഴിച്ചുവിടാന്‍ പ്രയാസം. അധികാരമോ സ്ഥാനമോ കിട്ടുമെന്നുണ്െടങ്കില്‍ ജനത്തെ ദ്രോഹിക്കാനും ഇവരില്‍ പലരും തയാര്‍.

എങ്ങനെയെങ്കിലും അധികാരത്തില്‍ കയറിയാല്‍ അതു കൈവിടുന്ന കാര്യം പലര്‍ക്കും ആലോചിക്കാനേവയ്യ. മറ്റുള്ളവര്‍ തന്റെ കാല്‍ തൊട്ടുവന്ദിക്കണമെന്നും കഴിയുമെങ്കില്‍ കാല്‍ കഴുകിത്തരണമെന്നും അവര്‍ ആഗ്രഹിക്കുന്നു. സ്വന്തം പ്രതിമകളും ചിത്രങ്ങളും സ്ഥാപിച്ചു സ്വയം ദേവന്മാരാകുന്നു. എല്ലാം തങ്ങള്‍ക്ക്, തങ്ങള്‍ക്കു മാത്രം, അവകാശപ്പെട്ടതാണെന്നാണ് അവരുടെ മനസിലിരിപ്പ്. അങ്ങനെയുള്ളവര്‍ക്ക്, നേതാവ് ദാസനാകണമെന്നും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ പിന്‍നിരയിലേക്കു മാറണമെന്നും മറ്റുമുള്ള ഉപദേശം എങ്ങനെ ദഹിക്കാന്‍!


രാഷ്ട്രീയത്തില്‍ മാത്രമല്ല, സമൂഹത്തിലെ എല്ലാ മേഖലകളിലും ഇത്തരക്കാര്‍ ധാരാളം. മതമേഖലയില്‍പ്പോലും ഇത്തരം നേതാക്കള്‍ ഏറെയുണ്െടന്നതാണു കൂടുതല്‍ ഖേദകരം. തന്റെ പാദം കഴുകാനുള്ളവരാണു മറ്റുള്ളവരെന്നും മറ്റുള്ളവരുടെ മുന്നില്‍ താനൊന്നു തലകുനിക്കുന്ന പ്രശ്നംപോലുമില്ലെന്നും കരുതുന്നവര്‍ എത്ര! ക്രിസ്തുവിന്റെ സഭയില്‍പ്പോലും ഇത്തരക്കാര്‍ ധാരാളമെന്നതു ക്രിസ്തുവിന്റെ വാക്കുകളും മാതൃകയും സഭയില്‍ത്തന്നെ തിരസ്കരിക്കപ്പെടുന്നുവെന്നല്ലേ വ്യക്തമാകുന്നത്? എളിമയുടെ മാതൃക സഭയ്ക്കു കാട്ടിത്തരുന്ന മാര്‍പാപ്പയാണ് ഇപ്പോഴുള്ളത്. മാര്‍പാപ്പയാകുന്നതിനു മുമ്പുതന്നെ തെരുവുകളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം ചേര്‍ന്നുകഴിഞ്ഞിട്ടുള്ള വ്യക്തി. കഴിഞ്ഞവര്‍ഷം പെസഹാദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ത്രീകളുള്‍പ്പെടെ പന്ത്രണ്ട് ജയില്‍പ്പുള്ളികളുടെ പാദങ്ങളാണു കഴുകിയത്. അവരിലൊരാള്‍ മുസ്ലിം വനിതയായിരുന്നു.

ദൈവത്തിന്റെ ജനത്തിനു വേണ്ടത് ഇടയന്മാരെയാണ്, ഉദ്യോഗസ്ഥമേധാവികളെയും സര്‍ക്കാര്‍ അധികാരികളെയുംപോലെ പെരുമാറുന്ന പുരോഹിതവൃന്ദത്തെയല്ല എന്നും ഇടയന്മാര്‍ക്ക് ആടുകളുടെ ഗന്ധമുണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സുവിശേഷത്തിന്റെ ആനന്ദം (ഇവാന്‍ജലീ ഗൌദിയം) എന്ന ശ്ളൈഹിക പ്രബോധനത്തില്‍ പറയുന്നതു ശ്രദ്ധേയമാണ്. നേതാക്കള്‍ സേവകരാകണമെന്ന ആശയത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടന്നുവരവോടെ പല മേഖലകളിലും വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ഇഫക്റ്റ് എന്ന ഓമനപ്പേരും ഇതിനു കിട്ടിയിട്ടുണ്ട്. എന്നാല്‍, ഇനിയും എത്രയോ മേഖലകളില്‍ അതു ചെന്നെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ ഭയഭക്തി ബഹുമാനങ്ങള്‍ നേടാനല്ല, സ്നേഹവും സഹവര്‍ത്തിത്വവും നേടാനാണ് അധികാരികളും നേതാക്കളും ശ്രമിക്കേണ്ടതെന്ന ആശയം വേണ്ടവിധത്തില്‍ നടപ്പാകുമ്പോള്‍ നല്ലഫലം ഉണ്ടാവുമെന്നുതന്നെ ഉറപ്പിക്കാം. നിര്‍ഭാഗ്യവശാല്‍ ഈ പ്രമാണം ബൈബിളിലും മാര്‍പാപ്പയുടെ പ്രബോധനങ്ങളിലും ഒതുങ്ങുകയല്ലേ ഇപ്പോഴും?

അധികാരികള്‍ക്കുവേണ്ടി മാത്രമുള്ള പാഠമല്ല യേശു നല്‍കിയതെന്നും ഓര്‍ക്കണം. ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകാന്‍ കടപ്പെട്ടവരാകുന്നു എന്ന യേശുവിന്റെ വാക്കുകളില്‍ ദാസഭാവവും സേവനോത്സുകതയും എല്ലാവര്‍ക്കും വേണ്ടതാണെന്ന ഉപദേശമാണുള്ളത്.

ഒരുവിധത്തില്‍ ചിന്തിച്ചാല്‍ എല്ലാവരും ഓരോ തരത്തില്‍, ഓരോ സമയത്ത്, അധികാരികളും അധീനരുമാണ്. അതിനാല്‍ത്തന്നെ, അധികാരികള്‍ക്കുള്ള യേശുവിന്റെ ഉപദേശം എല്ലാവര്‍ക്കും ബാധകമാകുന്നു. സ്വര്‍ഗസ്ഥനായ പിതാവിനെക്കുറിച്ച് യേശു നല്‍കിയ ചിത്രവും അധികാരമെന്ന ആശയത്തിനു പുതിയൊരു മാനം നല്‍കി. ശിക്ഷിക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്ന നിര്‍ദയനായ ഒരു യജമാനന്റെ ചിത്രമാണു പലപ്പോഴും ദൈവത്തിന്റേതായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, യേശു സ്വര്‍ഗസ്ഥനായ പിതാവിനെക്കുറിച്ചു നമുക്കു നല്‍കിയ രൂപമോ? പശ്ചാത്തപിച്ചു മടങ്ങുന്ന ധൂര്‍ത്തപുത്രനെ സ്നേഹാതിരേകത്തോടെ സ്വീകരിക്കുന്ന പിതാവിന്റെ ചിത്രമാണത്.

ദൈവത്തിന്റെ ആ സ്നേഹം, യേശു തന്റെ ശിഷ്യര്‍ക്കു നല്‍കിയ സ്നേഹം, തന്റെ കീഴിലുള്ളവര്‍ക്കു നല്‍കാനും എളിമപ്പെടാനും ഓരോരുത്തരും തയാറാവുമ്പോഴാണു പെസഹാദിനത്തില്‍ യേശു ഒരുപാത്രം വെള്ളത്തിന്റെയും ഒരു ഉറുമാലിന്റെയും സഹായത്തോടെ കാട്ടിത്തന്ന മാതൃകയ്ക്കു വിലയുണ്ടാവുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.