ഫാ. കൈപ്പന്‍പ്ളാക്കലിന് ആശംസാപ്രവാഹം
ഫാ. കൈപ്പന്‍പ്ളാക്കലിന് ആശംസാപ്രവാഹം
Thursday, April 17, 2014 11:10 PM IST
പാലാ: നൂറ്റിയൊന്നാം വയസിലേക്കു പ്രവേശിച്ച ഫാ.ഏബ്രഹാം കൈപ്പന്‍പ്ളാക്കലിനു ആശംസാപ്രവാഹം. പാലാ ദൈവദാന്‍ സെന്ററില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. നിരാലംബരുടെ സംരക്ഷണവും പുനരധിവാസവും മുഖ്യപ്രവര്‍ത്തനമാക്കിയ ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കലിനു പ്രാര്‍ഥനാശംസകള്‍ നേരാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നു നൂറുകണക്കിനാളുകള്‍ ദൈവദാന്‍ സെന്ററിലെത്തി.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞു വീല്‍ചെയറിലിരുന്ന ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ ദിവ്യബലിയില്‍ പങ്കെടുത്തു. തുടര്‍ന്നു കേക്ക് മുറിച്ച് അന്തേവാസികള്‍ക്കും ആശംസകള്‍ നേരാനെത്തിയവര്‍ക്കും പങ്കുവച്ചു. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി, ഓസാനം സൊസൊറ്റി ഭാരവാഹികള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ആശംസാ പുഷ്പങ്ങളുമായി എത്തി.


സ്നേഹഗിരി, ദൈവദാന്‍ സന്യാസിനീ സമൂഹങ്ങള്‍ക്കു രൂപം നല്‍കുകയും നൂറിലേറെ അഗതി മന്ദിരങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ 1914 ഏപ്രില്‍ 16നു പാലാ കൊഴുവനാല്‍ കൈപ്പന്‍പ്ളാക്കല്‍ ജോസഫ്-ത്രേസ്യാ ദമ്പതികളുടെ ഇളയപുത്രനായി ജനിച്ചു. 1939 ഡിസംബര്‍ 21നു പൌരോഹിത്യം സ്വീകരിച്ചു. 1954ല്‍ പാലായില്‍ ബോയ്സ് ടൌണ്‍ സ്ഥാപിച്ചു. തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ വൃദ്ധ-അഗതി-അനാഥ മന്ദിരങ്ങള്‍ സ്ഥാപിച്ചു താന്‍ കണ്ടുമുട്ടുന്നവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ഒരുക്കി. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല ജീവിതത്തിലാകെ എളിമയും ലാളിത്യവും പുലര്‍ത്തുന്ന ഈ വൈദികന്‍ താന്‍ സ്ഥാപിച്ച വൃദ്ധമന്ദിരത്തില്‍ അവരോടൊത്ത്, അവരിലൊരാളായാണു ജീവിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.