മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യവ്യക്തിത്വം: ഉമ്മന്‍ ചാണ്ടി
മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യവ്യക്തിത്വം: ഉമ്മന്‍ ചാണ്ടി
Thursday, April 17, 2014 11:11 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാന്യ വ്യക്തിത്വമാണെന്നും അദ്ദേഹത്തെ വിലയിടിച്ചു കാട്ടാനുള്ള മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ ശ്രമം തെറ്റായിപ്പോയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഞ്ജയ് ബാരുവിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ ചോദ്യങ്ങള്‍ക്കു മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയുമൊക്കെ ചില അവസരങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ അവര്‍ കടുത്ത വിമര്‍ശകരാണെന്നു പറയുന്നതില്‍ അടിസ്ഥാനമില്ല. സാമ്പത്തിക മേഖലയില്‍ നിന്നെത്തിയിട്ടും രാഷ്ട്രീയരംഗത്തു മാന്യത പുലര്‍ത്തിയ വ്യക്തിയാണ് മന്‍മോഹന്‍സിംഗ്. അധികാരത്തിലിരുന്ന പത്തു വര്‍ഷം കൊണ്ട് 70,000 കോടി രൂപയുടെ നിക്ഷേപമാണു കേരളത്തിലേക്കു കൊണ്ടുവന്നത്. മലയാളത്തിനുള്ള ശ്രേഷ്ഠഭാഷാ പദവി തട്ടിത്തെറിപ്പിക്കാനുള്ള നീക്കം മന്‍മോഹന്‍സിംഗ് വ്യക്തിപരമായി ഇടപെട്ടാണു തടഞ്ഞത്. മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലം കേരളത്തിന്റെ സുവര്‍ണകാലമായി വിശേഷിപ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.