പെസഹ
Thursday, April 17, 2014 11:32 PM IST
ഫാ. ഡാനി കപ്പൂച്ചിന്‍ (തില്ലേരി ആശ്രമം, കൊല്ലം)

നെഞ്ചിലേറ്റ നീറ്റലില്‍നിന്നു പിറക്കുമ്പോഴാണ് ഒരു വാക്കില്‍ ഒരുപാടു സ്നേഹം തെളിയുന്നത്. മുറിവുകള്‍പോലെ മറ്റൊന്നും വാക്കുകളെ രൂപപ്പെടുത്തിയിട്ടില്ല. അനവധി നൊമ്പരം ആരും കാണാതെ കരളിലൊതുക്കി അത്താഴമേശയ്ക്കരികില്‍ അവന്‍ ഇരുന്നു. മരിക്കുമെന്ന് അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളെ വിളിച്ച് അവര്‍ക്ക് അത്താഴം നല്‍കി.

ആ മേശയ്ക്കരികില്‍ തന്നെവിട്ട് ഓടിയകലുന്ന ശിഷ്യഗണമായിരുന്നു. തള്ളിപ്പറയുന്നവരും ഒറ്റിക്കൊടുക്കുന്നവരും ആ വിരുന്നുണ്ണാനുണ്ടായിരുന്നു. സ്വന്തം ഉടല്‍ രണ്ടായി മുറിയുന്ന വേദനയായിരുന്നു ആ വിരുന്നിന്. അതാണ് അപ്പമെടുത്ത് മുറിച്ചു ശിഷ്യന്മാരുടെ നേരേ നീട്ടിക്കൊണ്ട് അവന്‍ പറഞ്ഞത്, "ഇത് എന്റെ ശരീരമാണ്. നിങ്ങള്‍ക്കായി മുറിക്കപ്പെടുന്ന എന്റെ ശരീരം.''

ഒരു കൂദാശ സ്ഥാപിക്കാന്‍ കരുതിക്കൂട്ടി പറഞ്ഞ വാക്കുകളൊന്നുമായിരുന്നില്ലത്. എന്നിട്ടും അതൊരു കൂദാശയായി. അത്രമേല്‍ മുറിവേറ്റു പറഞ്ഞ വാക്കുകളാണത്. അദൃശ്യമായ ദൈവസ്നേഹത്തിന്റെ ദൃശ്യബലിയായി മാറി അത്. ഒറ്റിക്കൊടുക്കാന്‍ അടുത്തുവന്നു ചുംബിക്കുന്ന ശിഷ്യന്റെ ചുണ്ടുകളില്‍നിന്നു കവിള്‍ത്തടം മാറ്റാത്ത സ്നേഹമാണത്. കാലങ്ങള്‍ കഴിഞ്ഞാലും ആ ബലി തുടര്‍ന്നുകൊണ്േടയിരിക്കും.

വിരുന്നിലെ വിഷാദങ്ങളെ സ്നേഹമാക്കിമാറ്റി മനുഷ്യചരിത്രത്തെ അഗാധമാക്കിയ രാത്രിയായിരുന്നു അത്. പെസഹാ ഒരു കടന്നുപോകലിന്റെ ഓര്‍മ ആചരണമാണ്. സംഹാരദൂതന്‍ ഇസ്രയേല്‍ മക്കളെ സംഹരിക്കാതെ കടന്നുപോയതും ഇസ്രയേല്‍ജനം ചെങ്കടല്‍ കടന്നു കാനാനിലേക്കു പോയതുമൊക്കെയാണു പെസഹായുടെ മുഹൂര്‍ത്തങ്ങള്‍. ക്രിസ്തു പെസഹാ ആചരിച്ചപ്പോള്‍ അതില്‍ സ്നേഹത്തിന്റെ നിറം കലര്‍ന്നു. സൂക്ഷിച്ചുകൊണ്ടിരിക്കുന്ന പകയുടെയും വിദ്വേഷത്തിന്റെയും അകലമാണത്. ഒറ്റിക്കൊടുക്കാനിരിക്കുന്നവന്‍ അവനോടൊപ്പം പാത്രത്തില്‍നിന്നു വിരല്‍മുക്കി ഭക്ഷിച്ചു. ഓടിപ്പോകാനിരുന്നവനെയാണ് അവന്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നത്. മുട്ടുകുത്തി ശിഷ്യന്മാരുടെ പാദം കഴുകി. അങ്ങനെഗുരു-ശിഷ്യ ബന്ധങ്ങളെ അഗാധമാക്കി. ശിഷ്യരുടെ പാദങ്ങളോളം താണ് ഈ ഭൂമിയില്‍ വലിപ്പചെറുപ്പങ്ങള്‍ അവന്‍ ഇല്ലാതാക്കി. അപ്പോള്‍ അവനു കടന്നുപോയതു മനുഷ്യബന്ധങ്ങള്‍ക്കിടയിലെ അകലങ്ങളാണ്.


ഇതാ നമ്മള്‍ പെസഹായ്ക്ക് ഒരുങ്ങിക്കഴിഞ്ഞു. അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണു ബലിവേദിയില്‍ അരങ്ങേറാന്‍പോകുന്നത്. അന്തിക്കു മുറിക്കാന്‍ അപ്പത്തിന്റെ മാവും കുഴഞ്ഞുതുടങ്ങി. ഹൃദയങ്ങള്‍ തമ്മില്‍ അകലം ഇപ്പോഴും ബാക്കിനില്‍ക്കുന്നുവോ? അപ്പമല്ല, ഹൃദയമാണു മുറിയേണ്ടത്. എത്ര മുറിഞ്ഞും ക്ഷമിക്കാനും സ്നേഹിക്കാനും കഴിയണം. ക്രിസ്തു തന്നെ കഴുകിയിട്ടും വൃത്തിഹീനമായ പാദങ്ങളുമായി വീട്ടിലേക്കു മടങ്ങരുത്.

കുളി കഴിഞ്ഞവന്റെ പാദങ്ങള്‍ മാത്രം കഴുകുന്ന ശുശ്രൂഷയാണ് അത്താഴമേശയ്ക്കരികില്‍. കുളിച്ചിട്ടു പള്ളിയിലേക്കിറങ്ങാം. സുവിശേഷാത്മകമായ ജീവിതം ഉള്‍ക്കൊണ്ടു സകലരോടും ക്ഷമിച്ചു സ്നേഹത്തില്‍ കുളിച്ച് അത്താഴമേശയ്ക്കരികിലേക്കു യാത്രയാവാം. മനസുവച്ചാല്‍ ഇന്നു സന്ധ്യയോടെ ഭൂമി നിര്‍മലസ്നേഹത്തിന്റെ കുളിരണിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.