ഇന്നു ലോക ഹീമോഫീലിയ ദിനം
Thursday, April 17, 2014 11:35 PM IST
കെ. കെ. കുഞ്ഞ് (പ്രസിഡന്റ്, ഹീമോഫീലിയ സൊസൈറ്റി കോട്ടയം ചാപ്റ്റര്‍)

ശരീരത്തില്‍ മുറിവുകളുണ്ടായാല്‍ സാധാരണ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ രക്തം കട്ടപിടിക്കുകയും രക്തസ്രാവം നിലയ്ക്കുകയും ചെയ്യും. എന്നാല്‍ ചിലരുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തസ്രാവം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്നു. രക്തം കട്ടപിടിക്കാത്തതാണ് ഇതിനു കാരണം. ഈ രോഗത്തിനു ഹീമോഫീലിയ എന്നു പറയുന്നു.

രക്തത്തിലെ 13 ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ് രക്തം കട്ടപിടിക്കുന്നത്. ഈ ഘടകങ്ങളില്‍ എട്ടാമത്തെ ഘടകത്തിന്റെയോ ഒമ്പതാമത്തെ ഘടകത്തിന്റെയോ കുറവുമൂലമാണ് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത്.

ഹീമോഫീലിയ ഒരു പാരമ്പര്യജന്യ രോഗമാണെന്ന് പറയാറുണ്െടങ്കിലും രോഗികളില്‍ 30 ശതമാനം പേരിലും പാരമ്പര്യലക്ഷണം കാണാറില്ല. ഈ രോഗത്തിന്റെ പ്രത്യേകത പുരുഷന്മാര്‍ രോഗികളും സ്ത്രീകള്‍ രോഗവാഹകരും ആകുന്നു എന്നതാണ്. രോഗിയായ ഒരു പുരുഷനില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ ഈ രോഗലക്ഷണം കാണാറില്ല. എന്നാല്‍, പെണ്‍കുട്ടികള്‍ തീര്‍ച്ചയായും രോഗവാഹകര്‍ ആയിരിക്കും. അതുപോലെ രോഗവാഹകയായ ഒരു സ്ത്രീയില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ 50 ശതമാനംപേര്‍ രോഗികളും പെണ്‍കുട്ടികളില്‍ 60 ശതമാനംപേര്‍ രോഗവാഹകരും ആയിരിക്കാന്‍ സാധ്യതയുണ്ട്. ഹീമോഫീലിയ രോഗിയായ ഒരു പുരുഷനില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ മുഴുവനും ഈ രോഗത്തില്‍നിന്ന് വിമുക്തരായിരിക്കും എന്നതില്‍ സംശയമില്ല.

ഹീമോഫീലിയ രോഗികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നതിനുള്ള ഘടകത്തിന്റെ ഏറ്റക്കുറച്ചിലുകളെ ആശ്രയിച്ചാണ് ഇങ്ങനെതരംതിരിച്ചിരിക്കുന്നത്. രക്തം കട്ടപിടിക്കുന്നതിനുള്ള ഘടകത്തിന്റെ തോത് ഒരുശതമാനത്തില്‍ കുറവാണെങ്കില്‍ അത് കൂടിയ ഹീമോഫീലിയയും ഒരു ശതമാനത്തിനും അഞ്ചുശതമാനത്തിനും ഇടയ്ക്കാണെങ്കില്‍ മിതമായ ഹീമോഫീലിയ എന്നും അഞ്ചുശതമാനത്തിനും 25 ശതമാനത്തിനും മധ്യേ എങ്കില്‍ ലഘുവായ ഹീമോഫീലിയ എന്നും തരംതിരിച്ചിരിക്കുന്നു. ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്ന് പരിശോധനകളിലൂടെ കണ്െടത്തണം. അങ്ങനെയെങ്കില്‍ ചികിത്സ വളരെ എളുപ്പമായിരിക്കും. രക്തസ്രാവം നില്‍ക്കുന്നതിനു കൊടുക്കുന്ന മരുന്നിന്റെ അളവ് തിട്ടപ്പെടുത്താന്‍ അത് സഹായിക്കും.


ഏതെങ്കിലും കാരണവശാല്‍ മുറിവോ ചതവോ ഉണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ വൈകുന്നുവെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് ഹീമോഫീലിയ രോഗം ഉണ്േടായെന്ന് പരിശോധനയിലൂടെ കണ്ടുപിടിക്കണം. ശരീരത്തിനു പുറമേയുണ്ടാകുന്ന രക്തസ്രാവത്തിന്റെ തീവ്രത തിട്ടപ്പെടുത്തുക എളുപ്പമാണ്. എന്നാല്‍ ശരീരത്തിന്റെ ഉള്ളിലുണ്ടാകുന്ന രക്തസ്രാവം തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. എങ്കിലും ശരീരത്തുണ്ടാകുന്ന അസ്വസ്ഥത, രക്തസ്രാവം ഉള്ളിടത്ത് ചൂട് അനുഭവപ്പെടുക, നിറഭേദം കാണുക, നീര്‍ക്കെട്ടും വേദനയും ഉണ്ടാവുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ രക്തസ്രാവം ഉണ്േടായെന്ന് മനസിലാക്കാന്‍ കഴിയും.

തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നതു പ്രത്യേകം ശ്രദ്ധിക്കണം. പരസ്പരബന്ധമില്ലാത്ത ചിന്തകള്‍, ഓര്‍മക്കുറവ്, തലവേദന, തലകറക്കം, കാഴ്ചയില്‍ ഉണ്ടാകുന്ന വ്യത്യാസം, ഛര്‍ദിക്കാന്‍ തോന്നുക തുടങ്ങിയവ അതിന്റെ ലക്ഷണങ്ങളാകാം. എത്രയുംവേഗം രോഗിയെ ആശുപത്രിയിലെത്തിച്ച ചികിത്സയ്ക്കു വിധേയമാക്കണം.

രോഗമില്ലാത്ത ആളുകള്‍ ചെയ്യുന്ന ശ്രമകരമായ ജോലികള്‍ രോഗമുള്ളവര്‍ എടുക്കാതിരിക്കുന്നത് മുന്‍കരുതലാണ്. ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ കളികളില്‍നിന്നു കുട്ടികള്‍ മാറിനില്‍ക്കുന്നത് നന്നായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.