റബര്‍ത്തോട്ടം ഉടമ കുത്തേറ്റു മരിച്ചു; കരാറുകാരന്‍ അറസ്റില്‍
റബര്‍ത്തോട്ടം ഉടമ കുത്തേറ്റു മരിച്ചു; കരാറുകാരന്‍ അറസ്റില്‍
Thursday, April 17, 2014 10:26 PM IST
കാഞ്ഞിരപ്പള്ളി: റബര്‍ ടാപ്പിംഗ് പാട്ടക്കരാര്‍ തര്‍ക്കത്തെ തുടര്‍ന്നു തോട്ടം ഉടമ കുത്തേറ്റു മരിച്ചു. ഭാര്യക്കും രണ്ടു മക്കള്‍ക്കും ടാപ്പിംഗ് തൊഴിലാളിക്കും കുത്തേറ്റു. സംഭവത്തില്‍ പ്രതിയായ കരാറുകാരന്‍ പോലീസിനു കീഴടങ്ങി.

മന്ത്രി പി.ജെ. ജോസഫിന്റെ പിതൃസഹോദരിയുടെ മകന്‍ കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാംമൈല്‍ ഞാവള്ളില്‍ ജോസഫ് ജെ. മാത്യു (ഔസേപ്പച്ചന്‍-69) ആണ് മരിച്ചത്. ഭാര്യ ഉഷ (65), മക്കളായ റിജോ (38), അപ്പു (32), ടാപ്പിംഗ് തൊഴിലാളി തമ്പലക്കാട് വള്ളിയില്‍ ബിജു (30) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അപ്പുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

സംഭവത്തില്‍ ചെമ്മലമറ്റം ചാമക്കാലായില്‍ ആന്റണി (കുട്ടപ്പന്‍-60)യെ പോലീസ് അറസ്റ് ചെയ്തു. ജോസഫ് ഞാവള്ളിയുടെ റബര്‍മരങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പിംഗ് നടത്തിവരികയായിരുന്നു ആന്റണി. 1.15 കോടി രൂപയുടെ മൂന്നു വര്‍ഷത്തെ പാട്ടക്കരാര്‍ റബര്‍ വിലയിടിവിനെത്തുടര്‍ന്ന് ഇളച്ചുകൊടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നു പാലാ ഡിവൈഎസ്പി ബിജു കെ. സ്റീഫന്‍ പറഞ്ഞു.

പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ 9.45ന് ജോസഫിന്റെ വീട്ടുമുറ്റത്തായിരുന്നു കൊലപാതകം നടന്നത്. പാട്ടക്കരാറിലെ ഇളവിനെക്കുറിച്ചു സംസാരിച്ചു തര്‍ക്കമായതോടെ കൈയില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ചു ജോസഫിന്റെ നെഞ്ചില്‍ നിരവധി തവണ പ്രതി കുത്തുകയായിരുന്നു. തടസം പിടിക്കാനെത്തിയ ജോസഫിന്റെ ഭാര്യയെയും രണ്ടു മക്കളെയും തോട്ടത്തില്‍നിന്ന് ഓടിയെത്തിയ ബിജുവിനെയും ആന്റണി കുത്തി പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞു ജോസഫിന്റെ പുരയിടത്തില്‍നിന്നു മറ്റു തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും ആന്റണി ഇവരെ കത്തി വീശി ഭീഷണിപ്പെടുത്തി. സ്റോറിനു സമീപത്തു സൂക്ഷിച്ചിരുന്ന ലാറ്റക്സ് വീപ്പയ്ക്കു മുകളില്‍ കത്തി വച്ചശേഷം ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

മറ്റൊരു ടാപ്പിംഗ് തൊഴിലാളി ഓട്ടോറിക്ഷയില്‍ ജോസഫിനെ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റു ചോരയില്‍ കുളിച്ചുനിന്ന റിജോയാണു മാതാവിനെയും അനുജനെയും കാറില്‍ കയറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട്, കോട്ടയം മെഡിക്കല്‍ കോളജിലേക്കും വൈകുന്നേരത്തോടെ കാരിത്താസ് ആശുപത്രിയിലേക്കും മാറ്റി.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്മോര്‍ട്ടത്തിനു ശേഷം ജോസഫിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം തിങ്കഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു കപ്പാട് മാര്‍ സ്ളീവാ പള്ളിയില്‍ നടക്കും.

പ്രതി ആന്റണി പിന്നീട് തിടനാട് പോലീസില്‍ കീഴടങ്ങി. കൊലയ്ക്കുപയോഗിച്ച കത്തി പോലീസ് കണ്െടടുത്തിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മീനച്ചില്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍, കെഎഫ്സി ബോര്‍ഡംഗം, കേരള കോണ്‍ഗ്രസ്-ജെ ജില്ലാ സെക്രട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ് ട്രഷറര്‍ തുടങ്ങിയ നിലകളില്‍ ജോസഫ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

കത്തിയുമായി കൊലവിളി; ഓടിയടുത്തവര്‍ നിസഹായരായി

കാഞ്ഞിരപ്പള്ളി: പ്രമുഖ പ്ളാന്ററും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ സജീവസാന്നിധ്യവുമായിരുന്ന ഞാവള്ളി ഔസേപ്പച്ചന്‍ എന്ന ജോസഫ് ജെ. ഞാവള്ളിയുടെ ദാരുണമായ കൊലപാതകം ഇന്നലെ രാവിലെ നടുക്കത്തോടെയാണു നാട്ടുകാര്‍ കേട്ടറിഞ്ഞത്. ഔസേപ്പച്ചനെ കുത്തിക്കൊലപ്പെടുത്തിയ കുട്ടപ്പനും (ആന്റണി- 60) ചെമ്മലമറ്റം സ്വദേശിയാണെങ്കിലും കാഞ്ഞിരപ്പള്ളി കപ്പാട്, കാളകെട്ടി നിവാസികള്‍ക്കു സുപരിചിതനായിരുന്നു. കുട്ടപ്പന്റെ കൊടുംക്രൂരത ഗ്രാമവാസികള്‍ക്കു ഇനിയും വിശ്വസിക്കാനായിട്ടില്ല. പാട്ടത്തിനെടുത്ത റബര്‍തോട്ടത്തില്‍ ടാപ്പിംഗ് നടക്കുന്നതിനാല്‍ ഞാവള്ളി വീട്ടിലും തോട്ടത്തിലും കുട്ടപ്പന്‍ എത്തുന്നതു പതിവായിരുന്നു.

വീടിന്റെ മുറ്റത്തെ ശബ്ദം കേട്ടാണു ഔസേപ്പച്ചന്റെ ഭാര്യ ഉഷ, മക്കളായ റിജോ, അപ്പു എന്നിവര്‍ ഓടിയെത്തിയത്. ഔസേപ്പച്ചനെ പ്രതി തുടരെ കുത്തുന്നതിനു തടസം പിടിക്കാനെത്തിയപ്പോഴാണു ഭാര്യ ഉഷയുടെ നെഞ്ചിനു കുത്തേറ്റത്. ഔസേപ്പച്ചന്റെ നെഞ്ചില്‍ രണ്ടും പുറത്തു ഒന്നും ആഴത്തിലുള്ള കുത്തേറ്റതായി പറയുന്നു.

ഞാവള്ളില്‍ വീടിന്റെ മുറ്റത്തെ കാര്‍ പോര്‍ച്ചില്‍ വച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. ഉഷയുടെ നിലവിളികേട്ട് ഓടിയെത്തിയ തൊഴിലാളികള്‍ കണ്ടതു കുത്തേറ്റു നിലത്തു കിടന്നു പുളയുന്ന ജോസഫിനെയും പരിക്കേറ്റ ഭാര്യയെയും രണ്ട് മക്കളെയുമാണ്. സമീപത്തു രക്തംപുരണ്ട കത്തിയുമായ അലറുന്ന ആന്റണിയുടെ അടുത്തേക്ക് ആര്‍ക്കും അടുക്കാനായില്ല. ഓടിയെത്തിയ ഇവര്‍ക്കു നേരേയും ഇയാള്‍ കത്തിവീശി. തുടര്‍ന്നു വീടിന്റെ ഗേറ്റിനു സമീപം ലാറ്റക്സ് വീപ്പയ്ക്കു മുകളില്‍ കത്തിവച്ചശേഷം ആന്റണി ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ പോയതിനുശേഷമാണു കുത്തേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞത്.

ടാപ്പിംഗ് തൊഴിലാളിയായ വര്‍ക്കിച്ചന്റെ ഓട്ടോറിക്ഷയിലാണു ഔസേപ്പച്ചനെ ആശുപത്രിയിലെത്തിച്ചത്. തൊട്ടുപിന്നാലെ പരിക്കേറ്റ മകന്‍ സ്വന്തം കാറില്‍ മാതാവ് ഉഷയെയും സഹോദരന്‍ അപ്പുവിനെയും ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണു റിജോയുടെയും അപ്പുവിന്റെയും ഭാര്യമാര്‍ പെസഹാ ആഘോഷിക്കാന്‍ സ്വന്തം വീടുകളിലേക്കു പോയത്.


ജോസഫ് ജെ. ഞാവള്ളിയുടെ റബര്‍മരങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പിംഗ് നടത്തിവരികയായിരുന്നു ആന്റണി. റബര്‍ വിലയിടിവും സാമ്പത്തിക നഷ്ടവും കൃഷിനാശവുമാണ് ഇയാളെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു.

സംഭവമറിഞ്ഞു നൂറുകണക്കിനാളുകളാണു കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്കും ഞാവള്ളി വീട്ടിലേക്കും എത്തിയത്. നാട്ടുകാര്‍ക്കു ഏറെ പ്രിയങ്കരനായിരുന്നു ഔസേപ്പച്ചന്റെ ദാരുണമായ മരണം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതു സമയത്തും ആവശ്യവുമായി എത്തുന്നവരെ സഹായിക്കാന്‍ ഇദ്ദേഹം സന്നദ്ധനായിരുന്നു.

ഞാവള്ളില്‍ വീടിന്റെ പോര്‍ച്ചിലും ഇവിടെയുണ്ടായിരുന്ന വാഹനങ്ങളിലും നിറയെ ചോരക്കറയാണ്. തിടനാട്, കാഞ്ഞിരപ്പള്ളി പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴാണു നാട്ടുകാര്‍ അഞ്ചു പേര്‍ക്കു കുത്തേറ്റ വിവരം അറിഞ്ഞത്. തൊട്ടുപിന്നാലെ ഔസേപ്പച്ചന്‍ മരിച്ചെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും എത്തി.

ഭര്‍ത്താവിന്റെ ദാരുണമരണം അറിയാതെ ഉഷയും മക്കളും

കോട്ടയം: വീട്ടുമുറ്റത്തു കണ്‍മുന്‍പില്‍ കുത്തേറ്റു പിടഞ്ഞുവീണ ഭര്‍ത്താവ് ദാരുണമായി മരിച്ചതറിയാതെ ഭാര്യയും രണ്ടു മക്കളും ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി കപ്പാട് ഞാവള്ളില്‍ ജോസഫിനെ (ഔസേപ്പച്ചന്‍) റബര്‍ സ്ളോട്ടര്‍ ടാപ്പിംഗ് കരാറുകാരന്‍ വീട്ടുമുറ്റത്തു കഠാരകൊണ്ടു തുടരെ കുത്തുന്നതു കണ്ടു തടസം പിടിക്കാനെത്തിയപ്പോഴാണ് ഭാര്യ ഉഷ, മക്കളായ റിജോ, അപ്പു, ടാപ്പിംഗ് തൊഴിലാളി ബിജു എന്നിവര്‍ക്കും കുത്തേറ്റത്. ജോസഫ് മരിച്ച വിവരം ഇന്നലെ വൈകുന്നേരവും ഇവര്‍ അറിഞ്ഞിട്ടില്ല. ജോസഫിന്റെ നിലയെക്കുറിച്ച് ഇവര്‍ ഇന്നലെ തുടരെ അന്വേഷിച്ചുകൊണ്ടിരുന്നു. ജോസഫ് മറ്റൊരു ആശുപത്രിയിലാണെന്നാണു ഇവരെ ബന്ധുക്കള്‍ ധരിപ്പിച്ചിരിക്കുന്നത്.

കുത്തേറ്റ ജോസഫ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ മരണത്തിനു കീഴടങ്ങിയിരുന്നു. കുത്തേറ്റു വീണ ജോസഫിനെ തോട്ടത്തിലുണ്ടായിരുന്ന ഒരു തൊഴിലാളി പെട്ടി ഓട്ടോയിലാണു താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റു ചോരവാര്‍ന്ന കൈകളുമായി റിജോയാണു കാറോടിച്ച് അമ്മയെയും സഹോദരനെയും ബിജുവിനെയും ഇതേ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ ആശുപത്രിയിലെത്തുമ്പോള്‍ ജോസഫിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.

ഇവരെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോള്‍ തൊട്ടുതാഴെ മോര്‍ച്ചറിയോടു ചേര്‍ന്നു പോസ്റ്മോര്‍ട്ടത്തിനു ജോസഫിന്റെ മൃതദേഹവും എത്തിച്ചിരുന്നു. വിദഗ്ധ പരിശോധനകള്‍ക്കു ഇവരെ സ്കാനിംഗ് സെന്ററുകളിലേക്കു കൊണ്ടുപോകുമ്പോള്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ ഒട്ടേറെപ്പേര്‍ മോര്‍ച്ചറിക്കു സമീപമുണ്ടായിരുന്നു. പോസ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മയുടെയും മക്കളുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് ഇക്കാര്യങ്ങളൊക്കെ ബന്ധുക്കളും പോലീസും ക്രമീകരിച്ചത്.

കാഞ്ഞിരപ്പള്ളിയില്‍നിന്നു രാവിലെ പതിനൊന്നോടെയാണ് ഉഷ, റിജോ, അപ്പു, ബിജു എന്നിവരെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അപ്പുവിനെ ഒട്ടും വൈകാതെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ആഴത്തിലുള്ള മൂന്നു കുത്തുകള്‍ അപ്പുവിനുണ്ട്. ജോസഫിന്റെ ബന്ധുവായ മന്ത്രി പി.ജെ. ജോസഫ് പതിനൊന്നരയോടെ ആശുപത്രിയിലെത്തി ചികിത്സയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കി. ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, മോന്‍സ് ജോസഫ്, ഡോ.എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.

എത്തിയതു കരുതിക്കൂട്ടി

കാഞ്ഞിരപ്പള്ളി: മൂര്‍ച്ചയേറിയ കഠാരയുമായി കരുതിക്കൂട്ടിയാണ് ഇന്നലെ രാവിലെ പ്രതി ആന്റണി (കുട്ടപ്പന്‍) ഞാവള്ളില്‍ ഔസേപ്പച്ചന്റെ വീട്ടിലെത്തിയത്. ആറിഞ്ചോളം നീളമുളള കഠാര മൂര്‍ച്ച കൂട്ടി ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

1.15 കോടി രൂപയ്ക്കു മൂന്നു വര്‍ഷത്തെ കാലാവധിയില്‍ 1,500 റബര്‍ മരങ്ങള്‍ സ്ളോട്ടര്‍ കരാര്‍ വാങ്ങിയതില്‍ സാമ്പത്തിക നഷ്ടമുണ്െടന്നും ഇളവുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സംസാരം തുടങ്ങിയത്. ഔസേപ്പച്ചന്‍ ശാന്തമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ പ്രതി ഏറ്റുമുട്ടലിനു തയാറാവുകയും തുടരെ കുത്തിവീഴ്ത്തുകയുമായിരുന്നെന്നു പറയുന്നു. തുടര്‍ന്ന് ഔസേപ്പന്റെ കുടുംബാംഗങ്ങളെയും ജോലിക്കാരനെയും തുടരെ കുത്തിവീഴ്ത്തിയശേഷം ചോരപുരണ്ട കത്തിയുമായി പ്രതി ആന്റണി വീണ്ടും കൊലവിളി നടത്തി. ഓടിയെത്തിയ മറ്റു തൊഴിലാളികള്‍ക്കു നേരേ കത്തിയുമായി അടുത്തപ്പോള്‍ ഇവര്‍ ഓടി മാറി.

നല്ല കായികശേഷിയുള്ള ആന്റണി പാലായിലും ഈരാറ്റുപേട്ടയിലും വിവിധ ശരീരസൌന്ദര്യ മത്സരത്തില്‍ വിജയിച്ചിട്ടുണ്ട്. ഉഷയും മക്കളും ജോലിക്കാരനായ ബിജുവും വട്ടം പിടിച്ചിട്ടും ഇയാളെ കീഴ്പ്പെടുത്താന്‍ സാധിച്ചിരുന്നില്ല. തിടനാട് സ്റേഷനിലെത്തിയശേഷവും ഇയാള്‍ക്കു യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഔസേപ്പച്ചന്‍ മരിച്ചു എന്നറിഞ്ഞപ്പോഴും ഇയാള്‍ പുച്ഛത്തോടെയാണു പ്രതികരിച്ചത്. ഉഷയും മക്കളും ആശുപത്രിയിലായതിനാല്‍ ഇവരില്‍നിന്നു പിന്നീടു മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയുകയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.