വൈഷ്ണവത്തില്‍ ആഹ്ളാദത്തിമിര്‍പ്പ്; വെഞ്ഞാറമൂട് ആഘോഷ ലഹരിയില്‍
Thursday, April 17, 2014 12:23 AM IST
വെഞ്ഞാറമൂട്: മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും അഭ്യുദയകാംക്ഷികളോട് ആഹ്ളാദം പങ്കിട്ടും വൈഷ്ണവം സന്തോഷ ലഹരിയില്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ വെഞ്ഞാറമൂട്ടില്‍ ആഹ്ളാദത്തിന്റെ പെരുമ്പറ. സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതറിഞ്ഞതുമുതല്‍ വീട്ടിലും നാട്ടിലും ഉത്സവ പ്രതീതിയാണ്.
വെഞ്ഞാറമൂട് ജംഗ്ഷനില്‍ ചെണ്ടമേളങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നൂറുകണക്കിനു ആളുകളാണ് സന്തോഷം പങ്കിടാനെത്തിയത്.

എട്ടാം ക്ളാസ് വിദ്യാര്‍ഥിയായിരിക്കെ തന്നെ മിമിക്രി അവതരിപ്പിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയ സുരാജിനു പൂര്‍ണപിന്തുണ വീട്ടില്‍ ലഭിച്ചത് മാതാവ് വിലാസിനിയില്‍ നിന്നും സഹോദരങ്ങളായ സജി, സുനിത എന്നിവരില്‍ നിന്നുമാണ്. പട്ടാളക്കാരനായ പിതാവ് വാസുദേവന്‍നായര്‍ക്കു മകന്‍ മിമിക്രി കലാകാരനായി തീരുന്നതില്‍ താത്പര്യക്കുറവുണ്ടായിരുന്നു.

1987-91 കാലഘട്ടത്തില്‍ അമച്വര്‍ നാടകരംഗത്തുനിന്നു കലാരംഗത്തേക്കു കാലെടുത്തുവച്ച സുരാജ് തിരുവനന്തപുരം സാഗര എന്ന ഗ്രൂപ്പില്‍ സഹോദരന്‍ സജിക്കൊപ്പം പ്രവര്‍ത്തിക്കുകയും 17 വര്‍ഷത്തോളം മിമിക്രി, ടെലിവിഷന്‍ രംഗത്ത് സജീവമാകുകയും ചെയ്തു.


99 ല്‍ കൈരളിയിലെ ജഗപൊഗ എന്ന സീരിയല്‍ സംപ്രേഷണം ആരംഭിച്ചതോടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ പേര് കൂടുതല്‍ പ്രശസ്തമായത്. തുടര്‍ന്നു ധന്വന്തരി, ജഗപൊഗ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയുടെ ദാദാ സാഹിബായി വേഷമിട്ട് ഏറെ കൈയടി നേടി സുരാജ്. എന്നാല്‍, സുരാജ് ആദ്യം ആഭിനയിച്ച തെന്നാലി രാമന്‍ എന്ന സിനിമ ഇതുവരെ റിലീസായിട്ടില്ല. 2009 ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലെയും 2010 ല്‍ ഒരുനാള്‍ വരും എന്ന ചിത്രത്തിലെയും വേഷങ്ങള്‍ക്കു പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈഷ്ണവത്തിലേക്ക് ഒരോ തവണയും അവാര്‍ഡുകള്‍ എത്തുമ്പോഴും ഭാര്യ സുപ്രിയ, മക്കളായ കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവരുടെ രാശിയാണ് ഇതിനു പിന്നിലെന്നാണു സുരാജ് വിശ്വസിക്കുന്നത്.അവാര്‍ഡ് ലഭിച്ച വിവരമറിഞ്ഞതുമുതല്‍ വെഞ്ഞാറമൂട്ടുകാരും വിവിധ സംഘടനകളും വ്യത്യസ്തമായ സ്വീകരണങ്ങള്‍ നല്‍കാന്‍ കാത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.