ആന്‍ജിയോപ്ളാസ്റി വിദഗ്ധരുടെ ദേശീയ സമ്മേളനം കൊച്ചിയില്‍
Friday, April 18, 2014 10:55 PM IST
കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ആന്‍ജിയോപ്ളാസ്റി വിദഗ്ധരുടെ ദേശീയ സമ്മേളനം 25 മുതല്‍ 27 വരെ മരട് ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 26ന് രാവിലെ 11ന് ഗവര്‍ണര്‍ ഷീലാ ദീക്ഷിത് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉള്‍പ്പെടെ 1,500 ആന്‍ജിയോപ്ളാസ്റി വിദഗ്ധര്‍ പങ്കെടുക്കും. അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള വിഖ്യാത ഗവേഷകര്‍ ആന്‍ജിയോപ്ളാസ്റി ചികിത്സയിലെ നൂതനരീതികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എറണാകുളം ലിസി ആശുപത്രി, അമൃത ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, കോഴിക്കോട് മിംസ് എന്നിവിടങ്ങളിലും എട്ടു വിദേശ രാജ്യങ്ങളിലും നടക്കുന്ന ആന്‍ജിയോപ്ളാസ്റികളെക്കുറിച്ചു സമ്മേളനവേദിയില്‍ തത്സമയം വിദഗ്ധര്‍ വിശകലനം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആന്‍ജിയോപ്ളാസ്റി വിദഗ്ധര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരേസമയം ഏഴു വേദികളില്‍ നടക്കുന്ന ശില്‍പശാലകള്‍ക്കു പ്രശസ്തരായ ഗവേഷകരും അധ്യാപകരും ചികിത്സകരും നേതൃത്വം നല്‍കുമെന്നു സംഘാടക സമിതി ചെയര്‍മാന്‍ ഡോ.വി.കെ. അജിത്കുമാര്‍, സെക്രട്ടറി ഡോ.എ. ജാബീര്‍ എന്നിവര്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.