സ്റിക്കറും ജെല്ലുമായി ലഹരി മാഫിയ പുതുവഴി തേടുന്നു
Friday, April 18, 2014 11:28 PM IST
കൊച്ചി: കേരളത്തില്‍ ലഹരി മാഫിയ പല തന്ത്രങ്ങളിലൂടെ പുതിയ ഇരകളെ തേടുന്നു. വര്‍ഷങ്ങളായി വിപണിയിലുള്ള കഞ്ചാവിനു പുറമെ വേദനസംഹാരികളുടെ ആം പ്യൂളുകളും ജെല്ലും സ്റിക്കറും മറ്റുമായാണ് ഇപ്പോള്‍ അവര്‍ യുവതലമുറയെ വലയിലാക്കുന്നത്.

കഴിഞ്ഞ മാസം സ്റിക്കര്‍ രൂപത്തിലുള്ള ലഹരിമരുന്നുകള്‍ വാങ്ങാന്‍ കടവന്ത്രയിലെത്തിയ കോയമ്പത്തൂരിലെ പ്രഫഷണല്‍ കോളജിലെ മൂന്നു മലയാളി വിദ്യാര്‍ഥികളെയും ഏജന്റിനെയും എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് സംഘം പിടികൂടിയിരുന്നു.

ഒരു കാര്‍ഡില്‍ പൊട്ടുപോലുള്ള സ്റിക്കറുകളാണു മയക്കുമരുന്നായി ഉപയോഗിക്കുന്നത്. ഇതില്‍ എല്‍എസ്ഡി എന്ന മയക്കുമരുന്ന് ജെല്‍ രൂപത്തില്‍ തേച്ചുപിടിപ്പിച്ചിരിക്കും. ഇത് ഉയര്‍ന്ന ഊഷ്മാവില്‍ അലിഞ്ഞു പോകുമെന്നതിനാല്‍ എസിയിലാണു സൂക്ഷിക്കുന്നത്.

ഗോവ, ബാംഗളൂര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്നു കൊച്ചിയിലെത്തിച്ചു വിപണനം നടത്തുകയാണു പതിവ്. കൊച്ചിയില്‍ നടത്തുന്ന പല നിശാനൃത്തപരിപാടികളിലും ഈ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായിട്ടുണ്ട്. സെക്സ് റാക്കറ്റും ക്രിമിനല്‍ ഗ്രൂപ്പുകളും ഇത് ഉപയോഗിക്കുന്നു. സാധാരണക്കാര്‍ക്ക് ഇതു പെട്ടെന്നു മയക്കുമരുന്നാണെന്നു പോലും മനസിലാകില്ല.

ഒരു കാര്‍ഡ് എല്‍എസ്ഡി മയക്കുമരുന്നിന് 1,000 രൂപ മുതല്‍

1,500 രൂപ വരെ ഈടാക്കുന്നു. ആദ്യമായി ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കു ലഹരി 48 മണിക്കൂര്‍ വരെ കിട്ടും. വളരെ പെട്ടെന്നു അഡിക്ഷന്‍ ഉണ്ടാക്കുന്ന ലഹരിമരുന്നാണിത്. സ്റാംപ്, സ്റിക്കര്‍, ബ്ളോട്ട് തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പ്രഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥികളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്െടന്ന് അന്വേഷണ സംഘം പറയുന്നു. കേരളത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ഈ മരുന്നിന്റെ വ്യാപാരം വ്യാപകമായി നടക്കുന്നുണ്ട്. കൊച്ചിയില്‍ ഈ ലഹരി മരുന്ന് വിപണിയിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി.

കഴിഞ്ഞ മാസം പോലീസും എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്വകാഡും നടത്തിയ റെയ്ഡില്‍ ലഹരി വില്‍പ്പനയ്ക്കിടെ മുപ്പതിലേറെ പേരാണ് അറസ്റിലായത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണു ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ടു പിടിയിലായത്. പണമുണ്ടാക്കാനാണു പലരും ഈ വഴിയിലേക്കെത്തുന്നത്.


കഞ്ചാവ് വില്പനയും തകൃതിയാണ്. കിലോയ്ക്കു 6,000 മുതല്‍ 12,000 രൂപ വരെ വിലയുള്ള കഞ്ചാവ് നാട്ടിലേക്കെത്തുന്നുണ്ട്. അഞ്ചു ഗ്രാം വരുന്ന ഒരു പൊതിയായി വില്‍ക്കുമ്പോള്‍ നൂറു രൂപ ഈടാക്കുന്നു. പരിചയക്കാര്‍ക്കു മാത്രമാണു കഞ്ചാവ് നല്‍കുന്നത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണു മാഫിയകളുടെ പ്രധാന പ്രവര്‍ത്തനം.

അറസ്റിലാകുന്നവര്‍ക്കെതിരേ പലപ്പോഴും ചുമത്തുന്നതു ദുര്‍ബലമായ വകുപ്പുകളാണെന്ന് ആക്ഷേപമുണ്ട്.

ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശംവച്ചാല്‍ ആറു മാസം തടവും 10,000 രൂപയുമാണു ശിക്ഷ. സ്റേഷന്‍ ജാമ്യം ലഭിക്കുകയും ചെയ്യും. ഒന്നു മുതല്‍ രണ്ടു കിലോ വരെയായാല്‍ ശിക്ഷ ഒരു ലക്ഷം രൂപയും പത്തു വര്‍ഷവും വരെയാകാം. അതില്‍ കൂടിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണു ലഭിക്കുക. അതിനാല്‍ ഒരു കിലോയില്‍ താഴെയുള്ള കഞ്ചാവ് ഇടപാടുകള്‍ വന്‍തോതില്‍ നടക്കുന്നുണ്ട്.

കൊച്ചിയിലേക്കുള്ള കഞ്ചാവിന്റെ മുഖ്യസ്രോതസ് ഇടുക്കിയാണെന്നു പോലീസ്, എക്സൈസ് അധികൃതര്‍ പറയുന്നു. കഞ്ചാവില്‍ തന്നെ നീലചടയന്‍ എന്ന ഇനത്തിനാണ് ഡിമാന്റ്. ഇതു പ്രധാനമായും ഇടുക്കിയിലാണു കൃഷി ചെയ്യുന്നത്. ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍നിന്നു കഞ്ചാവ് ഇടുക്കിയിലെത്തിച്ച ശേഷം ഇടുക്കി ബ്രാന്‍ഡ് എന്ന പേരിലും വില്‍പനയുണ്ട്.

കൊച്ചിയില്‍ ലഹരി മാഫിയ ശക്തമായതോടെ വിവിധ സിറ്റി പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ മാസം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തില്‍പ്പെട്ട അഞ്ചു പേരെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നാലു പേര്‍ വിദ്യാര്‍ഥികളായിരുന്നു. ഒരാളുടെ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നതായും പോലീസ് കണ്െടത്തി. അന്യസംസ്ഥാന തൊഴിലാളികളും ഇപ്പോള്‍ ഈ രംഗത്തുണ്ട്.

കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഒഡീഷക്കാരായ രണ്ടു പേര്‍ പിടിയിലായി. വടുതല കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. അന്യസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന കഞ്ചാവാണ് ഇവര്‍ വില്‍ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.