നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചു സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കുന്നു
നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യംവച്ചു സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കുന്നു
Friday, April 18, 2014 10:50 PM IST
സാബു ജോണ്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുങ്ങുന്നു. ഓരോ നിയോജകമണ്ഡലത്തിലും രണ്ടു വര്‍ഷത്തിനകം നടപ്പിലാക്കേണ്ട വികസനപദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ എഴുതി നല്‍കാനാവശ്യപ്പെട്ട് എല്ലാ യുഡിഎഫ് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചു.

അടുത്ത 22നു ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യമാണു ചര്‍ച്ച ചെയ്യുന്നത്. സര്‍ക്കാര്‍ തുടങ്ങിവച്ച സ്വപ്നപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പുതുതായി തുടങ്ങേണ്ട പദ്ധതികള്‍ക്കു രൂപംനല്‍കാനുമാണു മന്ത്രിസഭാ യോഗം ചേരുന്നത്. ഓരോ വകുപ്പിലും നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ വകുപ്പു മന്ത്രിമാരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇരുപത്തിരണ്ടു മാസം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടി, എംഎല്‍എമാര്‍ക്കുള്ള കത്തു തുടങ്ങുന്നത്. തെരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള സമയമായെന്ന് ഓര്‍മിപ്പിക്കുന്ന കത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മെഗാ പദ്ധതികളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും മോണോ റെയില്‍ തുടങ്ങിയ പദ്ധതികളൊക്കെ യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളാണെന്നു പറയുന്ന കത്തില്‍ ഓരോ നിയോജകമണ്ഡലത്തിലും നടപ്പിലാക്കേണ്ട അടിയന്തര പ്രവര്‍ത്തനങ്ങളെക്കുറിച്ചാണു മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്. മുന്‍ഗണനാക്രമത്തില്‍ ഇവ രേഖപ്പെടുത്തി അടിയന്തരമായി സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാര്‍ ഒഴികെയുള്ള എല്ലാ യുഡിഎഫ് എംഎല്‍എമാര്‍ക്കുമാണു മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.


ലോക്സഭാ തെരഞ്ഞെടുപ്പു പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള കര്‍മപദ്ധതിക്കാണ് സര്‍ക്കാര്‍ ഇനി ഊന്നല്‍ നല്‍കുക. അതുവഴി അടുത്ത തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനുള്ള നീക്കങ്ങളാണു മുഖ്യമന്ത്രി നടത്തുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നൂറുദിന കര്‍മപരിപാടിയും ഒരു വര്‍ഷ കര്‍മപരിപാടിയും നടപ്പിലാക്കിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി രണ്ടു തവണ നടത്തി.

ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനും ഭരണത്തിനും മികച്ച പ്രതിച്ഛായ സൃഷ്ടിക്കാന്‍ സഹായിച്ചു എന്ന വിലയിരുത്തലിലാണു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഭരണപരമായ നടപടികള്‍ക്കും ഊന്നല്‍ കൊടുക്കുന്നതിനുള്ള തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.