ഈസ്ററിനു സ്നേഹ ഊട്ടുമായി ഇക്കുറിയും കപ്പല്‍പ്പള്ളിക്കാരെത്തും
ഈസ്ററിനു സ്നേഹ ഊട്ടുമായി ഇക്കുറിയും കപ്പല്‍പ്പള്ളിക്കാരെത്തും
Friday, April 18, 2014 10:50 PM IST
സ്വന്തം ലേഖകന്‍

എറവ്(തൃശൂര്‍): ഈസ്റര്‍ദിനത്തില്‍ ഒറ്റപ്പെട്ടവരെയും അനാഥരെയും യാചകരെയും സ്നേഹം കൊണ്ട് ഊട്ടാന്‍ പതിവുതെറ്റിക്കാതെ എറവ് സെന്റ് തെരേസാസ് കപ്പല്‍പ്പള്ളി ഇടവകക്കാര്‍ 18-ാം തവണയും തൃശൂര്‍ നഗരത്തിലെത്തും.

ഇടവകയിലെ ബെത്സെയ്ദാ പ്രാര്‍ഥനാ ഗ്രൂപ്പുകാര്‍ തൃശൂര്‍ നഗരത്തിലെ തെരുവിന്റെ മക്കള്‍ക്ക് ഈസ്റര്‍ ദിനത്തില്‍ സദ്യവിളമ്പും. അതേസമയം, കെസിവൈഎം യൂണിറ്റ് പ്രവര്‍ത്തകര്‍ രാമവര്‍മപുരം ക്രൈസ്റ് വില്ലയിലെ അന്തേവാസികളോടൊത്ത് ഈസ്റര്‍ ആഘോഷിക്കും. പാടൂക്കാട് മഹിളാമന്ദിരത്തില്‍ സ്നേഹത്തിന്റെ പൊതിച്ചോറുകള്‍ സമര്‍പ്പിക്കും.

അമ്പതുനോമ്പിലെ തുടര്‍ച്ചയായ ആറു ഞായറാഴ്ചകളിലും നഗരത്തിലെ തെരുവിന്റെ മക്കള്‍ക്കായി ഇടവകയിലെ ഓരോ കുടുംബവും ഒരു പൊതിച്ചോറു മാറ്റിവച്ചിരുന്നു. ഞായറാഴ്ചകളില്‍ വീടുകളില്‍ തയാറാക്കുന്ന ഭക്ഷണത്തില്‍നിന്നാണ് ഈ പൊതിച്ചോറുകള്‍ മാറ്റിവച്ചിരുന്നത്. 17 കുടുംബ സമ്മേളന യൂണിറ്റുകളില്‍നിന്നു ശേഖരിച്ച പൊതിച്ചോറുകള്‍ രജതജൂബിലിയാഘോഷിക്കുന്ന എറവ് കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ചാണ് ഓരോ ഞായറാഴ്ചയും വിതരണം ചെയ്തത്.

തൃശൂര്‍ പടിഞ്ഞാറെക്കോട്ട, ശക്തന്‍ സ്റാന്‍ഡ്, മുനിസിപ്പല്‍ സ്റാന്‍ഡ്, തെക്കേ സ്റാന്‍ഡ്, പുത്തന്‍പള്ളി പരിസരം എന്നിവിടങ്ങളിലെ തെരുവിന്റെ മക്കള്‍ക്കാണു പൊതിച്ചോറുകള്‍ വിതരണം ചെയ്തത്.


ഈസ്റര്‍ ദിനത്തില്‍ രാവിലെ മുതല്‍ ഉച്ചവരെയാണു രാമവര്‍മപുരം ക്രൈസ്റ് വില്ലയിലെ അന്തേവാസികളോടൊപ്പം ഈസ്റര്‍ ആഘോഷിക്കുക. അന്തേവാസികളും ജീവനക്കാരും കെസിവൈഎം പ്രവര്‍ത്തകരുമൊത്തു സദ്യയൊരുക്കും. ചെലവുകളെല്ലാം കപ്പല്‍പ്പള്ളിക്കാര്‍ വഹിക്കും. പിന്നെ അന്തേവാസികളോടൊപ്പം പാട്ടും കളിയും ചിരിയും... പ്രവര്‍ത്തകര്‍ കലാപരിപാടികളും അവതരിപ്പിക്കും. ഇവരോടൊപ്പം പ്രവര്‍ത്തകര്‍ ഈസ്റര്‍ സദ്യയുണ്ണും.

നഗരത്തിലെ തെരുവിന്റെ മക്കള്‍ക്കു രാവിലെ ഒമ്പതു മുതല്‍ ഈസ്റര്‍ സദ്യ വിളമ്പും. 8.30നു കപ്പല്‍ പള്ളി വികാരി ഫാ. ചാക്കോ ചെറുവത്തൂര്‍, അസി. വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി എന്നിവര്‍ ഭക്ഷണം ആശീര്‍വദിക്കും. തുടര്‍ന്ന് ഭക്ഷണ വിഭവങ്ങളുമായി നഗരത്തിലേക്കു പുറപ്പെടും. പുത്തന്‍പള്ളി പരിസരത്തുനിന്നു ഭക്ഷണവിതരണം തുടങ്ങും. തുടര്‍ന്നു നഗരം മുഴുവന്‍ ചുറ്റിക്കറങ്ങി തെരുവിന്റെ മക്കളെ കാണുന്നിടത്തു സദ്യ നല്കും.

ചോറ്, കോഴിക്കറി, മീന്‍കറി, അച്ചാര്‍, പഴം എന്നിവയടങ്ങുന്നതാണു വിഭവങ്ങള്‍. ഊണു കഴിക്കാനുള്ള ഇലയും കുടിക്കാനുള്ള വെള്ളവും ഗ്ളാസും നല്കും.

1997 മുതലാണ് തെരുവിന്റെ മക്കള്‍ക്ക് ഈസ്റര്‍-ക്രിസ്മസ് ദിനങ്ങളില്‍ സദ്യ വിളമ്പിത്തുടങ്ങിയത്. ഇതുവരെയും പതിവു തെറ്റിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.