വീട്ടമ്മ കുത്തേറ്റു മരിച്ച കേസിലെ പ്രതി പിടിയില്‍
വീട്ടമ്മ കുത്തേറ്റു മരിച്ച കേസിലെ പ്രതി പിടിയില്‍
Friday, April 18, 2014 10:52 PM IST
കൊച്ചി: പട്ടാപ്പകല്‍ നടുറോഡില്‍ ഏഴു വയസുള്ള മകളുടെ മുമ്പിലിട്ട് അമ്മയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. പള്ളുരുത്തി കടേഭാഗം വേണാട്ടുപറമ്പില്‍ കെ.ഡി. മധു (34) ആണ് അറസ്റിലായത്. വ്യാസപുരം കോളനിയില്‍ കൊറശേരി വീട്ടില്‍ ജയന്റെ ഭാര്യ സിന്ധുവിനെ (38) ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് നടുറോഡില്‍ കുത്തിവീഴ്ത്തിയത്. മുന്‍വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

നാലു വര്‍ഷം മുമ്പ് സിന്ധുവിന്റെ വീട്ടില്‍ പ്ളബിംഗ് ജോലികള്‍ ചെയ്തതിന്റെ കൂലിയായി 400 രൂപ നല്‍കാനുണ്െടന്ന് അയല്‍വാസിയായ പ്രതി പറഞ്ഞിരുന്നു. വീട്ടില്‍ പ്ളംബിംഗ് പണിക്ക് എത്തിയ മധുവുമായി പിണങ്ങിയ സിന്ധു തുടര്‍ന്നു മറ്റൊരാളെ പ്ളംബിംഗ് ജോലികള്‍ ഏല്പ്പിച്ചു. പിന്നീട് ഇരുവരും കണ്ടുമുട്ടുമ്പോഴൊക്കെ 400 രൂപ തരാനുണ്െടന്നു മധു ഓര്‍മിപ്പിക്കുമായിരുന്നു. ഈ സംഭാഷണം മിക്കപ്പോഴും വാക്കുതര്‍ക്കത്തിലാണ് അവസാനിച്ചിരുന്നത്.

സംഭവ ദിവസം മകളുമൊത്തു റേഷന്‍ കടയിലേക്കു പോയ സിന്ധുവിനെ വഴിയില്‍ വച്ചു കണ്ട മധു ആ 400 രൂപയില്‍ 100 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കുതര്‍ക്കത്തിന് ഇടയാക്കി. ഭര്‍ത്താവിനെ വീട്ടിലേക്കു പറഞ്ഞു വിട്ടേക്കാമെന്നു സിന്ധു പറയുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന മധു വീട്ടില്‍ പോയി കത്തിയെടുത്ത് ഇടവഴിയില്‍ കാത്തുനിന്നു സിന്ധുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ 50 മീറ്റര്‍ അകലം മാത്രമാണുള്ളത്.

തനിക്കു വരുന്ന വിവാഹ ആലോചനങ്ങള്‍ മുടക്കുന്നതു സിന്ധുവാണെന്നു മധു ധരിച്ചിരുന്നു. തന്റെ വിവാഹം നടക്കാതിരിക്കാന്‍ സിന്ധു മന്ത്രവാദം ചെയ്തെന്നും മധു പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഈ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചത്.


സംഭവത്തിനു ശേഷം ഉദയംപേരൂരില്‍ അമ്മാവന്റെ വീട്ടിലെത്തിയ മധു അവിടെനിന്നു 300 രൂപ വാങ്ങി എറണാകുളം കെഎസ്ആര്‍ടിസി സ്റാന്‍ഡിലെത്തി. നേരത്തെ ജോലി ചെയ്തിരുന്ന അഗളിയിലേക്കു പോകാന്‍ ബസ് കയറി പാലക്കാട് കല്‍ക്കണ്ടിയിലെത്തിയെങ്കിലും സ്ഥലം പന്തിയല്ലെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഗുരുവായൂര്‍ ബസില്‍ കയറി.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ പിന്നാലെ പോലീസും എത്തി. മധു സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചതോടെ പോലീസ് നീക്കങ്ങള്‍ വേഗത്തിലാക്കി.

ഗുരുവായൂര്‍ ബസില്‍ സഞ്ചരിച്ചിരുന്ന മധു മുക്കാലിയില്‍ ഇറങ്ങി അവിടെനിന്ന് അടുത്ത ബസില്‍ എറണാകുളത്തേക്കു തിരിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞതോടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് ആലത്തൂര്‍ പോലീസിനു വിവരം കൈമാറി. രാവിലെ പത്തരയോടെ ബസ് ആലത്തൂരില്‍ എത്തിയപ്പോള്‍ മധുവിനെ ആലത്തൂര്‍ പോലീസ് കസ്റഡിയില്‍ എടുക്കുകയും പിന്നാലെയെത്തിയ പള്ളുരുത്തി എസ്ഐ യേശുദാസ് പ്രതിയെ അറസ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

പള്ളുരുത്തി എസ്വിഡി എല്‍പി സ്കൂളിലെ പിടിഎ പ്രസിഡന്റായ സിന്ധു മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയാണ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിന്ധു ജോയിയുടെ അപരയായി മത്സരിച്ച സിന്ധു ജയന്‍ ഏതാണ്ട് 2,500 വോട്ടു നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.