ഇനി ജൂറിക്കു മുന്നില്‍ സ്ക്രീനിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ മാത്രം
Sunday, April 20, 2014 12:41 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളുടെ ഘടനയിലും നിയമാവലിയിലും കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തണമെന്ന ഭാരതിരാജ ചെയര്‍മാനായ സംസ്ഥാന ചലചിത്ര പുരസ്കാര ജൂറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായി സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമാവലി പരിഷ്കരിക്കുന്നതു സംബന്ധിച്ചു പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നു മന്ത്രി അവാര്‍ഡ് പ്രഖ്യാപനത്തിനിടെ അറിയിച്ചു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് ആവശ്യപ്പെടും. ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേളകള്‍ സംഘടിപ്പിക്കും. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ തയാറാകുന്നില്ലെങ്കില്‍ അതിനുള്ള സൌകര്യം സര്‍ക്കാര്‍ നല്‍കും. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്കു സബ്സിഡി നല്‍കില്ല. അതേസമയം, നല്ല ഉദ്ദേശ്യത്തോടെ നിര്‍മിക്കുന്ന സിനിമകള്‍ക്കുള്ള സബ്സിഡി തുക വര്‍ധിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേള ഈ വര്‍ഷം മുതല്‍ കൂടുതല്‍ ഭംഗിയായി നടത്തും. ഇതിനായി ചലച്ചിത്ര മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം അടുത്ത മാസം അഞ്ചിനു ചേരുമെന്നും മന്ത്രി അറിയിച്ചു.


സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനുളള സംവിധാനങ്ങള്‍ സമഗ്രമായി പരിഷ്കരിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ചിത്രങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. നമ്മുടെ സിനിമ വളരുന്നതിന്റെ തെളിവാണത്. പുരസ്കാരത്തിനെത്തുന്ന ചിത്രങ്ങള്‍ ഇനിമുതല്‍ ഒരു സ്ക്രീനിംഗ് കമ്മിറ്റി കണ്ടതിനുýശേഷമാകും ജൂറിയുടെ മുന്നിലെത്തുക. കൂടുതല്‍ ചിത്രങ്ങള്‍ പുരസ്കാരത്തിനു മത്സരിക്കാനെത്തുമ്പോള്‍ അത് അത്യാവശ്യമാണ്. ദേശീയ പുരസ്കാര നിര്‍ണയത്തില്‍ ഓരോ സംസ്ഥാനത്തെയും സിനിമകള്‍ പ്രത്യേകം സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തിയ ശേഷം മികച്ച സിനിമകളാണു ജൂറിക്കു മുന്നിലെത്തുന്നതെന്നു ഭാരതിരാജയും വ്യക്തമാക്കി. പുരസ്കാര നിര്‍ണയസമിതിയുടെ ഈ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കുന്നെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ യാതൊരിടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.