പ്രതീക്ഷിക്കാത്ത അംഗീകാരം: ലാല്‍
പ്രതീക്ഷിക്കാത്ത അംഗീകാരം: ലാല്‍
Sunday, April 20, 2014 12:49 AM IST
കൊച്ചി: ആഗ്രഹിച്ചിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണ് ഇതെന്നു മികച്ച നടനുള്ള അവാര്‍ഡ് ജേതാവില്‍ ഒരാളായ ലാല്‍ പറഞ്ഞു. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു ലാലിനെ മികച്ച നടനുള്ള അവാര്‍ഡിനു തെരഞ്ഞെടുത്തത്.

ഒച്ചപ്പാടിന്റെയും ബഹളങ്ങളുടെയും ഇടയില്‍ ജയറാമിന്റെയും ഫഹദിന്റെയും മോഹന്‍ ലാലിന്റെയുമൊക്കെ പേരുകളാണു കേട്ടിരുന്നത്. തന്നെ ചെറുതായി പോലും ആരും പരാമര്‍ശിച്ചിരുന്നില്ല. അങ്ങനെയാണു പ്രതീക്ഷ നഷ്ടപ്പെട്ടത്. തനിക്കാണ് അവാര്‍ഡ് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

വളരെ പ്രത്യേകതയുള്ള സിനിമയാണ് അയാള്‍. ഏറെക്കാലത്തിനു ശേഷം സുരേഷ് ഉണ്ണിത്താന്‍ വീണ്ടും രംഗത്തേക്കു വന്ന സിനിമ. ഗൌരവത്തോടെയാണു ചിത്രീകരിച്ചത്. സക്കറിയയുടെ ഗര്‍ഭിണികളും അങ്ങനെ തന്നെ. രണ്ടു കഥാപാത്രങ്ങളെയും പേടിയോടെയാണ് അവതരിപ്പിച്ചതെന്നും ലാല്‍ പറഞ്ഞു. നൂറു ശതമാനം സത്യസന്ധതയോടെയാണു ജൂറി പ്രവര്‍ത്തിച്ചത്. ഇത്തവണ പുതിയ ആളുകളെയാണു കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്. അവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ ജൂറി തയാറായി.

ഇത് വലിയൊരു തുടക്കമാണ്. സ്വന്തമായി നിലപാടുകളുള്ള വളരെ മുതിര്‍ന്ന ആളുകളാണ് ജൂറി അംഗങ്ങളായി ഉണ്ടായിരുന്നത്. ബാഹ്യശക്തികളുടെ യാതൊരു പ്രേരണയുമില്ലാതെയാണു ജൂറി അംഗങ്ങള്‍ അവാര്‍ഡ് നിര്‍ണയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിതം: ശ്യാമ പ്രസാദ്

തിരുവനനന്തപുരം: അവാര്‍ഡ് നിര്‍ണയത്തിന്റെ ദിശപോലും മാറി നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മികച്ച നടി ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ ആര്‍ട്ടിസ്റ് കരസ്ഥമാക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ശ്യാമപ്രസാദ്.


ജൂറികളുടെ കാഴ്ചപ്പാടാണ് ഓരോ അവാര്‍ഡും. ദേശീയ തലത്തിലുള്ള ജൂറിയല്ല, ഇവിടുത്തേത്. അത് അവാര്‍ഡുകളിലും നിഴലിച്ചു. വളരെ സന്തോഷം തോന്നുന്ന നിമിഷമാണിത്. ഡ്രീംസ് ഇന്‍ പേര്‍ഷ്യന്‍ ബ്ളൂ എന്ന നോവലില്‍നിന്നാണ് ആര്‍ട്ടിസ്റ് പിറവിയെടുക്കുന്നത്. ആ പുസ്തകം വായിച്ചപ്പോള്‍ തന്നെ അതില്‍ നല്ലൊരു സിനിമയുണ്െടന്നു മനസിലാക്കിയിരുന്നു.

ഫഹദും ആന്‍ അഗസ്റിനും അവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഫഹദിന്റെയും ആനിന്റെയും അഭിനയം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതു പുരസ്കാം കൊണ്ടു കൂടി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്െടന്നും അദ്ദേഹം പ്രതികരിച്ചു.

മൂകാംബിക അമ്മയുടെഅനുഗ്രഹം: സുദീപ് വാസുദേവന്‍

കൊച്ചി: മൂകാംബിക അമ്മയുടെ അനുഗ്രഹമാണു തനിക്കു ലഭിച്ച സംസ്ഥാന അവാര്‍ഡ് എന്നു മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ലഭിച്ച സുദീപ് വാസുദേവന്‍ പറഞ്ഞു.

കൊല്ലൂര്‍ മൂകാംബികാ സന്നിധിയില്‍ തൊഴുതിറങ്ങുമ്പോഴാണ് അവാര്‍ഡ് വിവരം അറിഞ്ഞത്. സിനിമയിലെ ആദ്യപുരസ്കാരമാണ്. അയാള്‍, മെമ്മറീസ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. മെമ്മറീസിനു വേണ്ടി നന്നായി സ്ക്രിപ്റ്റ് പഠിച്ച് ഹോംവര്‍ക്ക് ചെയ്താണു കാമറയെടുത്തതെന്നും സുദീപ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.