ഉയിര്‍പ്പുതിരുനാള്‍ ക്രിയാത്മക ശക്തിയാകാനുള്ള ഓര്‍മപ്പെടുത്തല്‍: മാര്‍ ജോര്‍ജ് ആലഞ്ചേരി
ഉയിര്‍പ്പുതിരുനാള്‍ ക്രിയാത്മക ശക്തിയാകാനുള്ള  ഓര്‍മപ്പെടുത്തല്‍: മാര്‍ ജോര്‍ജ് ആലഞ്ചേരി
Sunday, April 20, 2014 12:50 AM IST
കൊച്ചി: സ്നേഹത്തിന്റെ സുവിശേഷം ലോകത്തെ അറിയിക്കാനും സമൂഹത്തില്‍ ക്രിയാത്മക ശക്തിയായി പ്രവര്‍ത്തിക്കാനും ഉയിര്‍പ്പു തിരുനാള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഉത്ഥിതനായ ക്രിസ്തു മഗ്ദലേന മറിയത്തിനും അപ്പസ്തോലന്മാര്‍ക്കും നല്‍കിയ കടമകള്‍ ഇന്നു നമുക്കും നല്‍കുന്നുണ്ട്. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ത്യാഗപൂര്‍വം മറ്റുള്ളവര്‍ക്കു സേവനം ചെയ്യാനും വേദനിക്കുന്നവര്‍ക്ക് ആശ്വാസം പകരാനും നമുക്കു സാധിക്കണം. മര്‍ത്യകുലത്തെ തിന്മയില്‍നിന്നു വിമോചിപ്പിച്ച ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായ ഉയിര്‍പ്പുതിരുനാളിന് എക്കാലവും പ്രസക്തിയുണ്ട്. ഇന്നു സഭയിലും സമൂഹത്തിലുമുള്ള പ്രശ്നങ്ങളിലും വേദനകളിലുംനിന്നു നമ്മെ വിമോചിപ്പിക്കാന്‍ ഉത്ഥിതന്‍ ഒരിക്കല്‍ക്കൂടി നമ്മിലേക്കു വരികയാണ്.

സമൂഹത്തില്‍ വേദനയനുഭവിക്കുന്നവരുടെ ആവശ്യങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് ആശ്വാസമാവുകയും ചെയ്യേണ്ടതു ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന്റെ മഹത്വം ദര്‍ശിക്കുന്ന നാമെല്ലാവരുടെയും കടമയാണ്. സ്നേഹത്തിന്റെ മഹ ത്തായ സന്ദേശവുമായി ലോകത്തിലേക്കുവന്ന ക്രിസ്തു കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും തന്റെ സ്നേഹത്തിനു പൂര്‍ണത നല്‍കുകയായിരുന്നു. ക്രിസ്തു നമ്മെ പഠിപ്പിച്ച സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് സഭയിലും സമൂഹത്തിലും സ്നേഹത്തിന്റെയും സേവനത്തിന്റെയും സാക്ഷികളാകാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാ വിശ്വാസികള്‍ക്കും നാനാജാതി മതസ്ഥര്‍ക്കും ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു- മാര്‍ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു.


വേദനിക്കുന്നവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാകണം ഈസ്റര്‍ : ഡോ. കല്ലറയ്ക്കല്‍

കൊച്ചി: പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തിരുനാളാകണം ഈസ്ററെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. രോഗത്തിലും കടബാധ്യതയിലും കഴിയുന്നവര്‍ക്കു പ്രതീക്ഷയുടെ ആഘോഷമാണിത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊന്‍കിരണങ്ങള്‍ നാനാജാതി മതസ്ഥരായ മക്കളുടെ ജീവിതത്തിലേക്കു പകരുന്ന ഈസ്റര്‍ മഹോത്സവം ആത്മീയ ആഘോഷത്തിന്റെ പുണ്യദിനമാണ്. സ്വാതന്ത്യ്രത്തിന്റെയും പാപങ്ങളുടെ മേലുള്ള വിജയത്തിന്റെയും സന്ദേശമേകുന്ന ഉയിര്‍പ്പ് തിരുനാള്‍ ഏവര്‍ക്കും ആത്മീയ സൌഖ്യത്തിന്റെ അനുഭൂതിയാകുന്നു. പ്രശ്നങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന അധികാരി വര്‍ഗത്തിനു നേരേയുള്ള തിരുത്തല്‍ കൂടി ഉയിര്‍പ്പി തിരുനാള്‍ ഓര്‍മിപ്പിക്കുന്നു. നന്മയുടേതായ മൂല്യാധിഷ്ഠിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നമ്മുടെ നേതാക്കള്‍ക്കു കഴിയുമ്പോള്‍, അനേകം ജീവിതങ്ങള്‍ക്ക് ഈശോ നല്‍കിയ സ്വാതന്ത്യ്രത്തിന്റെ ഉണര്‍വും ഉയിര്‍ത്തെഴുന്നേല്‍പ്പും ഉണ്ടാകും.

മറ്റുള്ളവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാന്‍ നമുക്കു കടമയുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവമക്കള്‍ക്കും നാനാജാതി മതസ്ഥരായ ദൈവമക്കള്‍ ക്കും ഈസ്റര്‍ ആശംസകള്‍ നേരുന്നതായി ആര്‍ച്ച്ബിഷപ് ഡോ. കല്ലറയ്ക്കല്‍ സന്ദേശത്തില്‍ പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.