നടുക്കം വിട്ടുമാറാതെ ഇടുക്കി
നടുക്കം വിട്ടുമാറാതെ ഇടുക്കി
Sunday, April 20, 2014 12:26 AM IST
തൊടുപുഴ: ദുഃഖവെള്ളിയാഴ്ച കാലടിയില്‍ പെരിയാറ്റിലും പെരുമ്പാവൂരിലുമുണ്ടായ വ്യത്യസ്ത ദുരന്തങ്ങളില്‍ പൊലിഞ്ഞതു പിഞ്ചുകുഞ്ഞും വിദ്യാര്‍ഥിയും ഉള്‍പ്പെടെ ഇടുക്കി ജില്ലക്കാരായ ആറു പേരുടെ വിലപ്പെട്ട ജീവനുകള്‍. മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞു മടങ്ങവേ കാലടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നാര്‍ സ്വദേശികളായ നാലു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചതറിഞ്ഞ് ഇടുക്കി വിറങ്ങലിച്ചു നില്‍ക്കുന്നതിനിടെയാണു പെരുമ്പാവൂരിലുണ്ടായ അപകടത്തില്‍ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികളായ രണ്ടു പേര്‍ മരിച്ചെന്ന വിവരംകൂടി അറിയുന്നത്.

മൂന്നാര്‍ സെറ്റില്‍മെന്റ് കോളനിയില്‍ എ. രാജേഷ് (28), മൂന്നാര്‍ ന്യൂ കോളനിയില്‍ എ. അന്തോണി (31), മൂന്നാര്‍ ചൊക്കനാട് എസ്റേറ്റിലെ ജി. സുരേഷ് (26), മറയൂര്‍ ബാബുനഗറില്‍ ഗില്‍ബര്‍ട്ട് ജോസഫ് (15) എന്നിവരാണു കാലടിയില്‍ മുങ്ങിമരിച്ചത്. തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറും സ്വകാര്യ ബസും പെരുമ്പാവൂരിനു സമീപം കാഞ്ഞിരക്കാട്ട് കൂട്ടിയിടിച്ചു ഉടുമ്പന്നൂര്‍ കളത്തില്‍വീട്ടില്‍ ആന്റണി (60), പേരക്കുട്ടി റിയാന്‍ (രണ്ടര) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ആറു പേര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എംസി റോഡില്‍ കാഞ്ഞിരക്കാട്ട് വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു അപകടം. പെരുമ്പാവൂരില്‍നിന്നു കോടനാടിനു പോകുകയായിരുന്ന കെടിസി ബസാണു കാറിലിടിച്ചത്. മരിച്ച ആന്റണിയാണ് കാര്‍ ഓടിച്ചിരുന്നത്. ആന്റണിയുടെ ഭാര്യ പെണ്ണമ്മ(60), മക്കളായ അനൂപ്(30), അനിത(26), സരിത(24), അനിതയുടെ മകന്‍ സിയാന്‍(അഞ്ച്), അനൂപിന്റെ സുഹൃത്ത് ഉടുമ്പന്നൂര്‍ കോയിക്കല്‍ പ്രവീണ്‍(26) എന്നിവരാണ് ആശുപത്രിയിലുള്ളത്. പാമ്പാക്കുട ആമിക്കാട്ടുകുഴി റോയി- സരിത ദമ്പതികളുടെ ഏകമകനാണു റിയാന്‍. റോയി വിദേശത്തായതിനാല്‍ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആന്റണിയും മക്കളും പേരക്കുട്ടികളും മലയാറ്റൂരിലേക്കു പുറപ്പെട്ടത്. മുളപ്പുറം മിഷന്‍കുന്ന് സിഎസ്ഐ പളളിയില്‍ ആന്റണിയുടെ മൃതദേഹം സംസ്കരിച്ചു.

തീര്‍ഥാടനത്തിനുശേഷം കാലടിയില്‍ കുളിക്കാനിറങ്ങിയ സംഘമാണു രാവിലെ 11.30ന് ഒഴുക്കില്‍പ്പെട്ടു മരിച്ചത്. മറയൂര്‍ കോ യില്‍ക്കടവ് ഗവ. ഹൈസ്കൂളി ല്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയായിരുന്ന ഗില്‍ബര്‍ട്ടിന്റെ വിജയവാര്‍ത്ത എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഈ ദുരന്തവാര്‍ത്ത. മരിച്ച മറ്റു മൂന്നു പേരും മൂന്നാര്‍ ടൌണില്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. രാജേഷ് പെയ്ന്റിംഗ് ജോലിക്കും പോകാറുണ്ട്. മൂന്നു ഓട്ടോകളിലായി സ്ത്രീകളും കുട്ടികളുമടക്കം 15 പേരാണു മല കയറാനെത്തിയത്. മടങ്ങുംവഴി കാലടി ടൌണില്‍ ശ്രീശങ്കര പാല ത്തിനു താഴെ ഇവര്‍ കുളിക്കാനിറങ്ങി. ഒഴുകിപ്പോയ ചെരിപ്പു പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗില്‍ബര്‍ട്ട് കയത്തില്‍ മുങ്ങുകയായിരുന്നു. ഗില്‍ബര്‍ട്ടിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റു മൂന്നുപേരും അപകടത്തില്‍ പ്പെട്ടത്. വ്യാഴാഴ്ച രാത്രി ഏഴിനാണു സംഘം മൂന്നാറില്‍നിന്നു പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് ഇവര്‍ കുരിശുമുടി അടിവാരത്തെത്തി.


തിരുപ്പൂര്‍ അന്‍പുര്‍ പാളയം സ്വദേശിയാണു സഹായദാസ്. അമ്മ റജിനദേവിയുടെ മറയൂരിലെ വീട്ടില്‍നിന്നാണു ഗില്‍ബര്‍ട്ട് എസ്എസ്എല്‍സിക്കു പഠിച്ചിരുന്നത്. കനകയാണു മരിച്ച രാജേഷിന്റെ ഭാര്യ. മക്കള്‍: അനീഷ്, ആഷിക്. വിമലയാണു സുരേഷിന്റെ ഭാര്യ, മക്കള്‍: വിഘ്നേഷ്, രണ്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയുമുണ്ട്. ഗണേശന്‍-സഹായമേരി ദമ്പതികളുടെ മകനാണു സുരേഷ്. മരിച്ച അന്തോണിയുടെ ഭാര്യ സ്റെല്ല. മക്കള്‍: ജസീന്ത, മെര്‍വിന്‍. ആരോഗ്യദാസ് - അല്‍ഫോന്‍സാ ദമ്പതികളുടെ മകനാണു മരിച്ച അന്തോണി. ഇന്നലെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചു.

ഒരാഴ്ചമുമ്പ് ആലപ്പുഴ ബീച്ചില്‍ കുളിക്കാനിറങ്ങുന്നതിനിടെ തിരയില്‍പ്പെട്ട് ഇടുക്കി പടമുഖം സ്വദേശികളായ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതിന്റെ ഞെട്ടലില്‍നിന്നു മുക്തമാകുംമുമ്പാ ണു കാലടിപ്പുഴയിലെ ദുരന്തം. ഈ വര്‍ഷം ഇതുവരെ ജില്ലയിലും അന്യജില്ലകളിലുമായി റിപ്പോര്‍ട്ട് ചെയ്ത മുങ്ങിമരണങ്ങളില്‍ ഇടുക്കി ജില്ലക്കാരായ 13 പേരുടെ ജീവനാണു നഷ്ടപ്പെട്ടത്. നാലര മാസത്തിനകം ഇടുക്കിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതു 14 അപകടമരണങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.