ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: തന്റെ ആരോപണം സത്യമെന്നു തെളിഞ്ഞതായി വിഎസ്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: തന്റെ ആരോപണം സത്യമെന്നു തെളിഞ്ഞതായി വിഎസ്
Sunday, April 20, 2014 12:28 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും രാജകുടുംബത്തിനുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മറുപടി പറയണം. വിശ്വാസികളെ കബളിപ്പിച്ചതിനു മാപ്പുപറയണം.രാജകുടുംബത്തില്‍പ്പെട്ടവര്‍ ക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കടത്തുന്നുണ്െടന്നു രണ്ടര വര്‍ഷം മുമ്പു താന്‍ ആരോപണം ഉന്നയിച്ചിരുന്നു. അമ്പലത്തില്‍നിന്നു പായസം കൊണ്ടുപോകുന്ന പാത്രത്തില്‍ സ്വര്‍ണംകൂടി കൊണ്ടുപോകുന്നുവെന്നു പറഞ്ഞപ്പോള്‍ അതു കാര്യമാക്കിയില്ലെന്നു മാത്രമല്ല, രാജകുടുംബത്തെ ആക്ഷേപിക്കാന്‍ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നു പറഞ്ഞു പരിഹസിക്കുകയും ചെയ്തു.

ഒരു മാസത്തിലേറെ നീണ്ട പരിശോധനയും നിരീക്ഷണവും നട ത്തി കണ്െടത്തിയ തെളിവുകളാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിക്കു സമര്‍പ്പിച്ചത്. താന്‍ നേരത്തേ ഉന്നയിച്ച ആരോപണം ശരിവയ്ക്കുന്നതാണു റിപ്പോര്‍ട്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ടു തിരുവിതാംകൂര്‍ രാജകുടുംബം നടത്തുന്ന ക്രമക്കേടുകള്‍ക്കു സര്‍ക്കാരിന്റെ ഒത്താശയും പിന്തുണയും ഉള്ളതായാണ് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്.

ക്ഷേത്രത്തില്‍നിന്നു സ്വര്‍ണം കടത്തുന്നതു നേരില്‍ കാണാനിടയായവര്‍ ദുരൂഹമരണത്തിന് ഇരയായ പല സംഭവങ്ങളുമുണ്ടായി. സ്വര്‍ണം കടത്തുന്നതു തടഞ്ഞ ശാന്തിക്കാരന്റെ ദേഹത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ പദ്മതീര്‍ഥക്കുളത്തില്‍ പരിക്കുകളോടെ മരിച്ചു കിടന്നു. ക്ഷേത്ര ജീവനക്കാര്‍ക്കു നേരേ ലൈംഗികാതിക്രമമുണ്ടായി. ഇതെല്ലാം അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവം നടന്നപ്പോള്‍ ഇവയെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു താന്‍ സര്‍ക്കാരിനു കത്തയച്ചിരുന്നു. ക്രിമിനല്‍ കേസ് എവിടെ നടന്നാലും അന്വേഷിക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍, രാജകുടുംബത്തിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുകയാണ്.


താന്‍ മുഖ്യമന്ത്രിയായിരിക്കെ 2011 ജനുവരി 29ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു ഗുരുവായൂര്‍ മാതൃകയില്‍ ഭരണസമിതിയുണ്ടാക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

വിധിക്കെതിരേ കോടതിയെ സമീപിക്കേണ്െടന്നു സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഉത്രാടം തിരുനാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിനിടെ, തെരഞ്ഞെടുപ്പു വന്നു.തുടര്‍ന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ രാജകുടുംബവുമായി ഒത്തുകളിച്ചു സുപ്രീംകോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചു. ഇപ്പോള്‍ ആരാണു ക്ഷേത്രം ഭരിക്കുന്നതെന്നറിയില്ല.

കോടിക്കണക്കിനു രൂപയുടെ സ്വത്തിരിക്കുന്ന ബി നിലവറ തുറന്നാല്‍ അപകടമെന്നാണ് ദേവപ്രശ്നം നടത്തിയ ജ്യോതിഷികള്‍ ക്ഷേത്രത്തിനു പുറത്തു വന്നു പറഞ്ഞത്. ബി നിലവറ തുറന്നുവെന്നു മാത്രമല്ല നിലവറയുടെ ഫോട്ടോയെടുത്തു വിദേശത്തേക്കുപോലും അയച്ചതിന്റെ രേഖകളാണ് അമിക്കസ് ക്യൂറി കോടതിക്കു നല്‍കിയത്. ബി നിലവറയില്‍നിന്നു സ്വര്‍ണക്കട്ടികള്‍ കടത്തിക്കൊണ്ടു പോയ കാര്യവും വിശദീകരിക്കുന്നു.

സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും കള്ളക്കളി പുറത്തുകൊണ്ടുവരുന്നതിന് ആത്മാര്‍ഥമായി ശ്രമിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ അഭിനന്ദിക്കുന്നതായും അച്യുതാനന്ദന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.