അന്നു ബാലന്‍ കെ. നായര്‍; ഇന്നു സുരാജ്
അന്നു ബാലന്‍ കെ. നായര്‍; ഇന്നു സുരാജ്
Sunday, April 20, 2014 12:32 AM IST
ഡി. ദിലീപ്

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നടന് അതേ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം നഷ്ടപ്പെടുന്നത് ഇതു രണ്ടാം തവണ. ആദ്യമായി ആ നഷ്ടം സംഭവിച്ചതു മലയാളത്തിന്റെ സ്വന്തം വില്ലന്‍ ബാലന്‍ കെ. നായര്‍ക്കായിരുന്നെങ്കില്‍ രണ്ടാം തവണ അതു സംഭവിച്ചതു സമകാലിക മലയാള സിനിമയിലെ സ്റാര്‍ കൊമേഡിയന്‍ സുരാജ് വെഞ്ഞാറമൂടിനാണ്.

ദേശീയതലത്തില്‍ മികച്ച നട നുള്ള പുരസ്കാരം നേടിയെങ്കിലും മികച്ച ഹാസ്യതാരമാണെന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ സമിതിയുടെ വിധി എഴുത്താണ്, ഒരേ വര്‍ഷം ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയ നടന്മാരുടെ പട്ടികയില്‍നിന്നു സുരാജിനെ മാറ്റിനിര്‍ത്തിയത്. ഒപ്പം, ദേശീയ പുരസ്കാരത്തില്‍ ശ്രദ്ധ നേടുകയും മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്ത ഒരു സിനിമ പൂര്‍ണമായി അവഗണിക്കപ്പെട്ടതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിലെ അപൂര്‍വതകളായി.

നന്നായി അഭിനയിച്ചിട്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടും സുരാജിനു പുരസ്കാരം നേടിക്കൊടുത്ത ഡോ. ബിജുവിന്റെ 'പേരറിയാത്തവര്‍' മത്സരരംഗത്തുണ്ടായിരുന്നിട്ടും സംവിധായകന്‍ പി. ഭാരതിരാജ അധ്യക്ഷനായ സംസ്ഥാന ജൂറി സുരാജിനെ മികച്ച നടനുള്ള മത്സരത്തിനായി പോലും പരിഗണിച്ചില്ല. ഫഹദ് ഫാസിലും ലാലും ജയറാമുമാണു മികച്ച നടനുള്ള പുരസ്കാരത്തിനായി അവസാന റൌണ്ടില്‍ പോരാടിയത്. പകരം, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ സിനിമകളിലെ പ്രകടനം മുന്‍നിര്‍ത്തി സുരാജിനെ മികച്ച ഹാസ്യതാരമായി തെരഞ്ഞെടുക്കുകയാണു ജൂറി ചെയ്തത്. സംഭവം കേട്ടപ്പോള്‍ സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ അദ്ഭുതപ്പെട്ടുപോയി. എന്നാല്‍, മത്സരചിത്രങ്ങള്‍ മുഴുവന്‍ കാണാതെ താന്‍ മടങ്ങിപ്പോയെന്ന ആരോപണത്തിനു മറുപടി പറഞ്ഞ ജൂറി ചെയര്‍മാന്‍ അതിനൊടൊപ്പം ഇക്കാര്യം കൂടി വിശദീകരിച്ചതോടെ എല്ലാവര്‍ക്കും അക്കാര്യം പൂര്‍ണമായി മനസിലായി. ദേശീയ തലത്തിലും സംസ്ഥാന തലത്തി ലും വ്യത്യസ്ത ജൂറികളാണു സിനിമകള്‍ വിലയിരുത്തുന്നതെന്നും അതുകൊണ്ടുതന്നെ ജൂറി മാറുമ്പോള്‍ കാഴ്ചപ്പാടും മാറുമെന്നുമായിരുന്നു വിശദീകരണം. തനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടതു സുരാജിന്റെ കോമഡിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


1973ല്‍ പി.ജെ. ആന്റണിയാണ് 'നിര്‍മാല്യ'ത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം ആദ്യമായി കേരളത്തിലെത്തിച്ചത്. അതേ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിനായിരുന്നു. 1977ല്‍ കൊടിയേറ്റത്തിലൂടെ ഭരത്ഗോപി, 1988ല്‍ പിറവിയിലൂടെ പ്രേംജി, 1989ല്‍ മതിലുകള്‍, വടക്കന്‍വീരഗാഥ എന്നീ സിനിമകളിലൂടെയും 1993ല്‍ വിധേയന്‍, പൊന്തന്‍മാട എന്നീ ചിത്രങ്ങളിലൂടെയും മമ്മൂട്ടി, 1991ല്‍ ഭരതത്തിലൂടെയും 1999ല്‍ വാനപ്രസ്ഥത്തിലൂടെയും മോഹന്‍ലാല്‍, 2001ല്‍ നെയ്ത്തുകാരനിലൂടെ മുരളി, 2010 ല്‍ ആദാമിന്റെ മകന്‍ അബുവിലൂടെ സലിംകുമാര്‍ എന്നിവരും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയപ്പോള്‍ അതേ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും അവര്‍ക്കു തന്നെയായിരുന്നു.

1997ല്‍ കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിയും സമാന്തരങ്ങളിലെ അഭിനയത്തിനു ബാലചന്ദ്രമേനോനും മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ടപ്പോള്‍ ആ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം സുരേഷ് ഗോപി നേടി. സമാന്തരങ്ങളിലെ അഭിനയത്തിനു ബാലചന്ദ്രമേനോന്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടി. 1980ല്‍ ഓപ്പോളിലെ അഭിനയത്തിനു ദേശീയ പുരസ്കാരം നേടിയ ബാലന്‍ കെ. നായര്‍ക്കു മാത്രമാണ് ആ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിക്കാതിരുന്നത്. പക്ഷേ, മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാന പുരസ്കാരങ്ങള്‍ ഓപ്പോളിനു ലഭിച്ചിരുന്നു.

അതേസമയം, സുരാജിനെ ദേശീയ പുരസ്കാര ജേതാവാക്കിയ ‘പേരറിയാത്തവര്‍’ സംസ്ഥാനത്ത് ഒരു പുരസ്കാരത്തിനും പരിഗണിക്കപ്പെട്ടില്ല. ഒപ്പം, ജൂറിയുടെ കണ്ണില്‍ സുരാജ് മികച്ച ഹാസ്യതാരമായപ്പോള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ വേദനകളിലേക്കും പരാധീനതകളിലേക്കും പ്രകൃതി നേരിടുന്ന പീഡനങ്ങളിലേക്കും കണ്ണു തുറന്ന ഡോ. ബിജുവിന്റെപേരറിയാത്തവരും അതിലെ സുരാജിന്റെ പേരില്ലാത്ത കഥാപാത്രവും പാടേ വിസ്മരിക്കപ്പെടുകയും ചെയ്തു. ദേശീയതലത്തില്‍ പരിസ്ഥിതി വിഭാഗത്തിലാണു പേരറിയാത്തവര്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും ഇവിടെ അത്തരമൊരു വിഭാഗമില്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിനു ജൂറി ചെയര്‍മാന്‍ നല്‍കിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.