മുഖപ്രസംഗം: അപകടക്കുഴികളും ചുഴികളും അധികൃതരുടെ അലംഭാവവും
Monday, April 21, 2014 10:32 PM IST
കടുത്ത വേനലില്‍ നദികളിലെ ജലനിരപ്പു താഴ്ന്നു നില്‍ക്കുമ്പോഴും കടല്‍ പ്രക്ഷുബ്ധമല്ലാതിരിക്കുമ്പോഴും നദികളിലും കടല്‍ത്തീരത്തും നിരവധി ജീവന്‍ പൊലിയുന്നത് ആശങ്കയുണര്‍ത്തുന്നു. ആലപ്പുഴ കടപ്പുറത്ത് ഒരാഴ്ചമുമ്പു മൂന്നു കുട്ടികള്‍ തിരയില്‍പെട്ടു മരിക്കാനിടയായ സംഭവം അപകടസാധ്യതയുള്ള ആ സ്ഥലത്തെക്കുറിച്ചു വേണ്ടത്ര മുന്നറിയിപ്പു നല്‍കാന്‍ അവിടെ സംവിധാനമൊന്നും ഇല്ലാതിരുന്നതുകൊണ്ടാണെന്നു പരാതിയുണ്ട്. കഴിഞ്ഞദിവസം കാലടി പാലത്തിനു സമീപം പെരിയാറ്റില്‍ നാലു യുവാക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചതും അവിടെയുള്ള മണല്‍ക്കുഴികളെക്കുറിച്ചു യാതൊരു വിധ മുന്നറിയിപ്പും ആ പ്രദേശത്തില്ലാതിരുന്നതുമൂലമാണ്.

ദുരന്ത നിവാരണത്തെക്കുറിച്ചും അതിനു നല്‍കേണ്ട മുന്നറിയിപ്പുകളെക്കുറിച്ചുമൊക്കെ അപകടങ്ങളുണ്ടാകുമ്പോള്‍ അധികൃതര്‍ ഏറെ വാചാലരാകാറുണ്ട്. എന്നാല്‍, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ വളരെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ചെയ്യാവുന്ന ദുരന്ത സാധ്യതാ മുന്നറിയിപ്പു ബോര്‍ഡുകള്‍ വയ്ക്കുന്നതിനുപോലും ആരും മുതിരുന്നില്ല. ആരാണ് ഇതു ചെയ്യേണ്ടതെന്ന തര്‍ക്കമാകാം ഒരു കാരണം. പൊതുമരാമത്ത്, ജലവിഭവ, പരിസ്ഥിതി വകുപ്പുകള്‍ക്കൊക്കെ ഇക്കാര്യത്തില്‍ ക്രിയാത്മകമായ പല കാര്യങ്ങളും ചെയ്യാനാവും. ഏതൊക്കെ ചുമതലകള്‍ ആരൊക്കെ ചെയ്യണമെന്ന കാര്യത്തിലൊരു തീരുമാനം ഉണ്ടാകണമെന്നുമാത്രം.

പെരിയാറ്റില്‍ കാലടി പാലത്തിനുസമീപം കഴിഞ്ഞദിവസം ഏതാനും ചെറുപ്പക്കാര്‍ നദിയിലേക്കിറങ്ങിയപ്പോള്‍ അവിടെ തങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന പാതാളക്കുഴിയുണ്െടന്നു വിചാരിച്ചിട്ടുണ്ടാവില്ല. നിശ്ചലമായ നദിയും തീരത്തുനിന്നു നോക്കിയാല്‍ അപകടരഹിതമെന്ന തോന്നലും സ്ഥലം പരിചിതമല്ലാത്ത സഞ്ചാരികളെ വെള്ളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കാം. തീര്‍ഥാടകര്‍ മരിച്ച സ്ഥലത്ത് ഇരുപതടിയിലധികം താഴ്ചയുള്ള കുഴികള്‍ ഉണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ പറയുന്നത്. ഇത്തരം സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരമാണ്. പലപ്പോഴും ആദ്യം ഓടിയെത്തുന്നതു നാട്ടുകാരായിരിക്കും. അവരില്‍ എല്ലാവര്‍ക്കും നീന്തല്‍ വശമുണ്ടാകണമെന്നില്ല. അഥവാ നീന്തല്‍ അറിയാവുന്നവരുണ്െടങ്കില്‍ത്തന്നെ ഏറെ താഴ്ചയുള്ള കുഴികളില്‍ അകപ്പെട്ടവരെ രക്ഷിക്കണമെങ്കില്‍ അത്രകണ്ടു സാഹസികരും മുങ്ങല്‍ വിദഗ്ധരുമാണെങ്കില്‍ മാത്രമേ സാധിക്കൂ. കാലടിയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. വെള്ളത്തില്‍ വീഴുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ രക്ഷപ്പെടുത്തിയെങ്കില്‍ മാത്രമേ ജീവന്‍ തിരികെക്കിട്ടാന്‍ സാധ്യതയുള്ളൂ.

അനധികൃത മണലെടുപ്പാണ് അപകടക്കുഴികള്‍ ഉണ്ടാകാന്‍ ഒരു കാരണം. മഴക്കാലത്തു വെള്ളം ശക്തിയായി ഒഴുകുന്നതും മണ്ണൊലിപ്പിനു കാരണമാകുന്നുണ്ട്. വലിയ പാലങ്ങളുടെ കൂറ്റന്‍ തൂണുകള്‍ക്കു സമീപം ചെളി അടിഞ്ഞുകിടക്കുന്നിടത്ത് ഇറങ്ങിയാലും കാല്‍ ചെളിയില്‍ പുതഞ്ഞ് അപകടത്തിലേക്കു വീഴാം. മലയാറ്റൂര്‍ തീര്‍ഥാടനകാലത്തും ആലുവ ശിവരാത്രി ആഘോഷവേളയിലും അതുപോലെ വന്‍ ജനത്തിരക്കുള്ള സമയങ്ങളിലും ഇത്തരം പ്രദേശങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ വയ്ക്കുന്ന കാര്യം അടിയന്തര പരിഗണനഅര്‍ഹിക്കുന്നു. അത് ഏതു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാണു ചെയ്യേണ്ടതെന്നു കൂട്ടായി ആലോചിച്ചു തീരുമാനിക്കണം. അതതു പ്രദേശത്തെ തദ്ദേശസ്ഥാപനഅധികാരികളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. ശബരിമല തീര്‍ഥാടനകാലത്ത് അന്യസംസ്ഥാനങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ വിദൂര പ്രദേശങ്ങളില്‍നിന്നുമൊക്കെ വരുന്ന തീര്‍ഥാടകര്‍ വഴിയോരത്തുള്ള നദികളിലിറങ്ങി കുളിക്കുന്നതു പതിവാണ്. ഇവര്‍ക്കാര്‍ക്കും അവിടെ പതിയിരിക്കുന്ന അപകടക്കെണികളെക്കുറിച്ചു യാതൊരു ധാരണയുമുണ്ടാവില്ല.


ദേശീയ ഭൌമശാസ്ത്ര പഠനകേന്ദ്രവും അതിന്റെ കീഴിലുള്ള പരിസ്ഥിതി ശാസ്ത്ര വിഭാഗവുമൊക്കെ നദികളിലെ മണലൂറ്റലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാറുണ്ട്. മണലൂറ്റലിന്റെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു നിരവധി മുന്നറിയിപ്പുകളും ശാസ്ത്രലോകം നല്‍കുന്നു. അനധികൃതമായി നടത്തുന്ന മണലൂറ്റല്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍ അധികാരത്തിലിരുന്നിട്ടുള്ള ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. മണല്‍ മാഫിയക്കെതിരേ ശക്തമായ നിലപാടെടുത്ത ജില്ലാ കളക്ടറെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുംപോലും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ള സംഘങ്ങള്‍ ഇപ്പോഴും ശക്തമാണ്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി അഹോരാത്രം യത്നിക്കുന്നവരും ഇത്തരം മാഫിയകള്‍ക്കുമുന്നില്‍ പത്തി താഴ്ത്തി നില്‍ക്കുന്നു.

നദികള്‍ക്കു കുറുകെയുള്ള പാലങ്ങളോടു ചേര്‍ന്ന പ്രദേശത്തു മണല്‍ കൂടുതലായി അടിയുന്നതുമൂലം അവിടെ മണല്‍വാരലിനു സാധ്യത കൂടുതലാണ്. കാലടി ശ്രീശങ്കരാ പാലത്തിനു സമീപവും ഇത്തരം അനധികൃത മണല്‍വാരല്‍ തകൃതിയാണെന്നു പരാതിയുണ്ട്. അപ്രകാരം രൂപപ്പെട്ട ഒരു വന്‍കുഴിയിലാണു കഴിഞ്ഞ ദിവസം ഏതാനും ചെറുപ്പക്കാര്‍ കുടുങ്ങിയത്. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിനുള്ളില്‍ മണല്‍വാരല്‍ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ അത് അഞ്ഞൂറു മീറ്ററാക്കി നിയമനിര്‍മാണം നടത്തി. ഈ നിയന്ത്രണംപോലും ഫലപ്രദമായി നടപ്പാക്കാനാവുന്നില്ല.

കേരളത്തിലെ പല ബീച്ചുകളിലും ആവശ്യത്തിനു ലൈഫ് ഗാര്‍ഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ആലപ്പുഴ ബീച്ചില്‍ കടല്‍ വെള്ളത്തിന്റെ പ്രത്യേക തള്ളലും ഉള്‍വലിവുമൊക്കെ ഉള്ള ചില പ്രദേശങ്ങളുണ്ട്. ബീച്ചിലെത്തുന്നവര്‍ അത്തരം സ്ഥലങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ വയ്ക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും മാത്രമാണു കരണീയം. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ കുറെ ഒച്ചപ്പാടുണ്ടാക്കിയതുകൊണ്ടുമാത്രം പ്രശ്നങ്ങള്‍ക്കു പരിഹാരമാവില്ല. അതിനു വ്യക്തമായ പദ്ധതികളും അതു നടപ്പാക്കുന്നതിനുള്ള കര്‍മശേഷിയുമാണു വേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.