ഇഎസ്എ: കഡസ്ട്രല്‍ മാപ്പ് തയാറാക്കല്‍ സങ്കീര്‍ണമാകും
Monday, April 21, 2014 10:32 PM IST
കട്ടപ്പന: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സംസ്ഥാനത്തെ 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷി, തോട്ടം മേഖലകളും ഇഎസ്എയില്‍നിന്ന് ഒഴിവാക്കാനായി തുടങ്ങിയ കഡസ്ട്രല്‍ മാപ്പ് തയാറാക്കല്‍ സങ്കീര്‍ണ നടപടിയാകും. 23നു മുമ്പു മാപ്പ് തയാറാക്കി നല്‍കാനാണു സര്‍ക്കാര്‍ പഞ്ചായത്തുതല കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ എന്നിവരടങ്ങിയതാണു പഞ്ചായത്തുതല സമിതി. ഈ സമിതി നാമമാത്രമായ ദിവസത്തിനുള്ളില്‍ ഫീല്‍ഡ് സര്‍വേ നടത്തി ഭൂമിയുടെ സ്ഥിതിവിവരം മാപ്പ് ആക്കി കളര്‍ചെയ്തു നല്‍കണമെന്നാണു നിര്‍ദേശം.

ഒരു സര്‍വേ ഉദ്യോഗസ്ഥന്റെ പോലും സഹായമില്ലാതെ പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസറും റേഞ്ച് ഓഫീസറും ഓഫീസിലിരുന്നു മാപ്പ് തയാറാക്കുകയാണിപ്പോള്‍. യാതൊരു ആധികാരികതയും ഈ മാപ്പുകള്‍ക്കുണ്ടാകില്ലെന്നതു ഇതിനകം വ്യക്തമായിട്ടുണ്ട്. അഞ്ചുസെന്റിമീറ്റര്‍ 50 ഹെക്ടര്‍ എന്ന തോതിലാണു മാപ്പ് തയാറാക്കുന്നത്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കളര്‍ നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന പാകപ്പിഴകള്‍ക്കു ഭൂമിയുടെ ഉടമസ്ഥര്‍ വലിയ വില നല്‍കേണ്ടിവരും. പഞ്ചായത്തുതലത്തില്‍ തയാറാക്കി പ്രാദേശിക ജനങ്ങളുടെ അനുമതിയോടെ സമര്‍പ്പിച്ചിരിക്കുന്ന മാപ്പ് എന്ന വ്യാഖ്യാനത്തില്‍ പിന്നീ ടു മാപ്പിലെ ന്യൂനതകള്‍ ഒരു സ്ഥല ത്തും ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥ ജനങ്ങള്‍ക്കുണ്ടാകും എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

വ്യക്തമായി ഭൂമി സര്‍വേ ചെയ്യാതെ സ്ഥിതിവിവരങ്ങള്‍ സ്ഥലത്തുപോയി ശേഖരിക്കാതെ തയാറാക്കുന്ന മാപ്പില്‍ ന്യൂനതകള്‍ സ്വാഭാവികമായി സംഭവിക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇടുക്കി ജില്ലയില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. സ്ഥലത്തിന്റെ യഥാര്‍ഥ അവകാശിയെയും സ്ഥലത്തിന്റെ വിസ്തീര്‍ണത്തെയും സംബന്ധിച്ച യഥാര്‍ഥ വിവരം ലഭിക്കണമെങ്കില്‍ റീസര്‍വേ പൂര്‍ത്തിയാകണം. ഇതുണ്ടാകാത്ത സാഹചര്യത്തില്‍ മിക്ക സ്ഥലങ്ങളുടെയും ഉടമ സര്‍ക്കാര്‍തന്നെയാകും.

കുത്തകപ്പാട്ട ഏലത്തോട്ടങ്ങളുടെയും അവകാശം സംബന്ധിച്ചു തര്‍ക്കം ഉണ്ടാകാം. ഇതും സര്‍ക്കാര്‍ ഭൂമിയായി രേഖപ്പെടുത്തിയാല്‍ ഇടുക്കി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും സര്‍ക്കാര്‍ വകയാകും.

പട്ടയമുള്ള ഭൂമിയുടെ വിവരങ്ങള്‍ അടയാളപ്പെടുത്താനാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുള്‍പ്പെടെ 11 വിവരങ്ങളാണു രേഖപ്പെടുത്തേണ്ടത്.

കഴിഞ്ഞ 14നു മാപ്പ് തയാറാക്കാന്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ച് 19നു മാപ്പ് സമര്‍പ്പിക്കേണ്ടതായിരുന്നു. ഇതാണ് 23 വരെ നീട്ടിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായ സമിതി തയാറാക്കി അംഗീകരിച്ചു നല്‍കുന്ന മാപ്പിന്റെ ഉത്തരവാദിത്വം പഞ്ചായത്തുതല സമിതിക്കായിരിക്കും എന്ന പ്രത്യേകതയും ഇപ്പോള്‍ തയാറാക്കുന്ന മാപ്പിനുണ്ട്. ഇതിനു സഹായമായി ആവശ്യമായ മാപ്പ് നല്‍കുന്നതു ബയോ ഡൈവേഴ്സിറ്റി ബോര്‍ഡാണ്.

റവന്യു വകുപ്പില്‍ ലഭ്യമല്ലാത്ത മാപ്പ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നല്‍കും എന്നാണു ജില്ലാ കളക്ടര്‍ പഞ്ചായത്തുതല സമിതികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. പശ്ചിമഘട്ട മേഖലയില്‍ വരാന്‍പോകുന്ന ദുരവസ്ഥയുടെ ചൂണ്ടുപലകയാണിതെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.