ബൈക്ക് സൈക്കിളില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
ബൈക്ക് സൈക്കിളില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
Monday, April 21, 2014 11:21 PM IST
കയ്പമംഗലം: ദേശീയപാത 17 കയ്പമംഗലം ബോര്‍ഡിനുസമീപം ബൈക്ക് സൈക്കിളില്‍ ഇടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിയും ചളിങ്ങാട് പള്ളിനടയില്‍ താമസക്കാരനുമായ പടവലപ്പറമ്പില്‍ മക്കാറിന്റെ മകന്‍ ഷാനവാസ്(28), ചെന്ത്രാപ്പിന്നി പുതിയവീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ ഷജീര്‍ അലി(24) എന്നിവരാണു മരിച്ചത്.

ഷാനവാസ് സൈക്കിള്‍ യാത്രക്കാരനും ഷജീര്‍ അലി ബൈക്ക് യാത്രക്കാരനുമാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷജീര്‍ അലിയുടെ ഇരട്ടസഹോദരന്‍ ഷക്കീര്‍ അലിയെ ആദ്യം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഷജീര്‍ അലിയും ഷക്കീര്‍ അലിയും സഞ്ചരിച്ചിരുന്ന ബൈക്ക് സൈക്കിളില്‍ ഇടിച്ചു നിയന്ത്രണംവിട്ടു റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂവരെയും ആക്ട്സ് ചെന്ത്രാപ്പിന്നി ശാഖ പ്രവര്‍ത്തകര്‍ ഉടന്‍തന്നെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷാനവാസ് ആദ്യവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ഷജീര്‍ അലിയും മരിച്ചു. ഷാനവാസ് കെട്ടിട നിര്‍മാണ തൊഴിലാളി ആയിരുന്നു. ചെന്ത്രാപ്പിന്നിയിലെ ഓട്ടോഡ്രെെവര്‍ ആയിരുന്നു ഷജീര്‍ അലി.


ഷാനവാസിന്റെ മൃതദേഹം ചെന്ത്രാപ്പിന്നി ചിറക്കല്‍ ജുമാ മസ്ജിദിലും ഷജീര്‍ അലിയുടെ മൃതദേഹം ചാമക്കാല ജുമാ മസ്ജിദിലും ഖബറടക്കി. ഷജീര്‍ അലിയുടെ മാതാവ് സുബൈദ.സഹോദരി: റജീന. ഷാനവാസിന്റെ മാതാവ്: ആമിന. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.