ഗുജറാത്തില്‍ മരിച്ച യുവ വൈദികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Monday, April 21, 2014 11:22 PM IST
ആലുവ: കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വൈദ്യുതാഘാതമേറ്റു മരിച്ച സിഎംഐ സഭയുടെ ഗുജറാത്ത് മിഷനില്‍ ഭവ്നഗര്‍ ചാവറ വൈസ് പ്രോവിന്‍സ് അംഗമായ ഫാ.ജയ്സണ്‍ പുളിക്കല്‍ സിഎംഐ (33)യുടെ മൃതദേഹം ഇന്നലെ ഗുജറാത്തില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ചാവറ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് കുഴിച്ചാലില്‍ സിഎംഐയും രണ്ടു വൈദികരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കാക്കനാട് ചാവറ ഹില്‍ സിഎംഐ ജനറലേറ്റ് ലോക്കല്‍ ഹൌസ് ഇന്‍ ചാര്‍ജ് സൂപ്പീരിയര്‍ ഫാ. ജോസ് തച്ചില്‍, കോട്ടയത്തുനിന്നുള്ള സിഎംഐ പ്രൊവിന്‍ഷ്യല്‍ കൌണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ഇന്നലെ വൈകുന്നേരം മൂന്നരയോടെ മൃതദേഹം ഏറ്റുവാങ്ങി ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നു പ്രാര്‍ഥനാശുശ്രൂഷ നടന്നു. പിന്നീടു കുമളിയിലേക്കു കൊണ്ടുപോയി. ആലുവ സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തിലെയും ഇതര സിഎംഐ ഹൌസുകളിലെയും നാല്പതോളം വൈദികര്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.


സംസ്കാരം ഇന്നു പത്തിനു ചക്കുപള്ളം ആറാംമൈല്‍ സിഎംഐ കര്‍മലമാതാ പള്ളിയില്‍ നടക്കും. സിഎംഐ സഭാ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, ഫാ.ജോസ് പന്തപ്ളാംതൊട്ടിയില്‍ എന്നിവര്‍ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കും. കുമളി ഒന്നാം മൈല്‍ (അമരാവതി) പുളിക്കല്‍ ചാക്കോ-മേരി ദമ്പതികളുടെ പുത്രനാണു പരേതനായ വൈദികന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.