വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്ത പ്രഫ.എ.ജി. റാവു വയനാട്ടില്‍
വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്ത പ്രഫ.എ.ജി. റാവു വയനാട്ടില്‍
Monday, April 21, 2014 11:23 PM IST
കല്പറ്റ: വോട്ടിംഗ് മെഷീന്‍ രൂപകല്പന ചെയ്തു പ്രശസ്തനായ മുംബൈ ഐഐടിയിലെ അനന്തപുരം ഗോപിനാഥ റാവു എന്ന പ്രഫ. എ.ജി. റാവു ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ രൂപകല്പനയിലാണ്. കലയെയും ശാസ്ത്രത്തെയും കൂട്ടിയിണക്കി തയാറാക്കിയ തന്റെ വിദ്യാഭ്യാസ പദ്ധതിയുമായി അദ്ദേഹം ഇപ്പോള്‍ വയനാട്ടിലുണ്ട്. ഒരുപക്ഷേ, വരുംനാളുകളില്‍ സ്ഥിരമായി വയനാട്ടുകാരനാകാന്‍ തന്നെയാണ് ആന്ധ്രപ്രദേശില്‍ ജനിച്ച കര്‍ണാടക സ്വദേശിയായ റാവുവിന്റെ പദ്ധതി. ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ സ്വദേശിയാണ് അവിവാഹിതനായ പ്രഫ.റാവു.

മനുഷ്യന്റെ തലച്ചോറിനെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു റാവു തന്റെ വിദ്യാഭ്യാസ പദ്ധതി തയാറാക്കിയിരിക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം സര്‍ഗാത്മകതയക്കും ഒരു ഭാഗം ശാസ്ത്രത്തിനുമായാണു നീക്കിവച്ചിരിക്കുന്നത്. സാധാരണ പഠന രീതികളില്‍ തലച്ചോറിന്റെ ഒരു ഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇതൊഴിവാക്കാന്‍ സര്‍ഗാത്മകതയെ ഗണിതം, ശാസ്ത്രം, കൈത്തൊഴില്‍, ഭാഷ എന്നിവയുമായി എങ്ങനെ വിജയകരമായി ബന്ധപ്പെടുത്താമെന്നാണ് അദ്ദേഹം കുട്ടികളെ അഭ്യസിപ്പിക്കുന്നത്. കളികളിലൂടെ കണക്കും ശാസ്ത്രവും കൈത്തൊഴിലും ഭാഷയും ഹൃദിസ്ഥമാക്കുന്ന വിദ്യ കുട്ടികള്‍ക്കു പരിചയപ്പെടുത്തി ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രഫ.റാവു തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രവും കല്പറ്റ അക്കാഡമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കമ്യൂണിക്കേഷനും സംയുക്തമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഞ്ചദിന കളരിയില്‍ ക്ളാസെടുക്കാനാണ് വയനാട്ടിലെത്തിയത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ചു മുതല്‍ എട്ടുവരെ ക്ളാസുകളില്‍ പഠിക്കുന്ന 25 കുട്ടികളാണു കളരിയില്‍. മുള ഉള്‍പ്പെടെ പ്രദേശിക വിഭവങ്ങള്‍ ചില അളവുകളില്‍ മുറിച്ചുമിനുക്കി ഇഷ്ടപ്പെട്ട പാവകളെ ഉണ്ടാക്കാനും അവയെ കഥാപാത്രങ്ങളാക്കി നാടകരചന നടത്താനുമാണ് ആദ്യദിനങ്ങളില്‍ കുട്ടികള്‍ പഠിക്കുന്നതെന്നു കളരിയുടെ കോ ഓര്‍ഡിനേറ്റര്‍ പി.ജി. രമ്യ, അക്കാഡമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍മാരായ ലൈല സൈന്‍, അനില്‍ ഇമേജ് എന്നിവര്‍ പറഞ്ഞു.


പാവകളുടെ നിര്‍മാണം ക്രാഫ്റ്റ്, ഗണിതം, ശാസ്ത്രം എന്നിവയിലും പാത്രസൃഷ്ടി, നാടകരചന തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനത്തിലും തലച്ചോറിന്റെ ഇടതും വലതും ഭാഗങ്ങളെ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്കു പ്രചോദനമാകുകയാണെന്ന് അവര്‍ വിശദീകരിച്ചു. ഇന്ത്യയിലെ നിലവിലെ വിദ്യാഭ്യാസ രീതിയുടെ പ്രധാന പ്രശ്നം അത് ബുദ്ധിയെ ഉണര്‍ത്തുന്നില്ലെന്നതാണെന്നു പ്രഫ.എ.ജി. റാവു പറഞ്ഞു. ശാസ്ത്രവും ഗണിതവും ഭാവനയുമായി കലരുമ്പോഴാണു പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ക്കു വഴിയൊരുങ്ങുന്നത്. ബുദ്ധിയെ പൂര്‍ണമായും ഉണര്‍ത്താന്‍ കഴിയാത്തതാണു പുസ്തകാധിഷ്ഠിത വിദ്യാഭ്യാസരീതി. ഇന്ത്യന്‍ പാഠ്യപദ്ധതികളില്‍ സമഗ്ര അഴിച്ചുപണിവേണം. ഐഐടികളില്‍ പോലും ക്രിയാത്മകതയ്ക്കു പ്രാധാന്യം ലഭിക്കുന്നില്ല. കുട്ടികളുടെ ശേഷികള്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഇല്ലാതാക്കുകയാണ്. സര്‍ഗാത്മക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പോലും മക്കളെ ഈ മേഖലയിലേക്കു പോകാന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കുട്ടിയെയും സ്വന്തം ശേഷിക്കും സങ്കല്‍പ്പത്തിനും അനുസരിച്ച് വളരാന്‍ സഹായിക്കുന്നതാകണം വിദ്യാഭ്യാസ രീതിയെന്ന് 42 വര്‍ഷമായി മുംബൈ ഐഐടിയിലെ ഇന്‍ഡസ്ട്രിയില്‍ ഡിസൈന്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്ന 69കാരനായ പ്രഫ. റാവു പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്തെങ്കിലും അദ്ദേഹത്തിന്റെ സേവനം ഒരു വര്‍ഷം കൂടി ഐഐടിയിലുണ്ടാകും. അതിനുശേഷം തൃക്കൈപ്പറ്റയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തു താമസിക്കാനാണ് അദ്ദേഹത്തിനു താത്പര്യം. ഉറവ്, എഎഫ്ആര്‍സി പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നാല്‍ ഇത്തരം പാഠ്യരീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.