മുണ്ടക്കയത്തു പുലിയിറങ്ങി
മുണ്ടക്കയത്തു പുലിയിറങ്ങി
Monday, April 21, 2014 11:55 PM IST
മുണ്ടക്കയം: വനത്തില്‍നിന്നു നാട്ടിലെത്തിയ പുലി നാട്ടുകാരെ മണിക്കൂറോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ശബരിമല വനത്തിന്റെ അതിര്‍ത്തി ഗ്രാമമായ 504 കോളനി മാങ്ങാപ്പേട്ട പഴംപുരയ്ക്കല്‍ രാജപ്പന്റെ വീടിനു മുന്‍ഭാഗത്താണ് ഇന്നലെ രാവിലെ ഏഴോടെ പുലിയെ കണ്ടത്.

രാജപ്പന്റ വീട്ടിലുണ്ടായിരുന്ന നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടു മകന്‍ ജീനേഷ് പുറത്തിറങ്ങിയപ്പോഴാണു വീടിന്റ മുന്‍ഭാഗത്തു പുലി നില്‍ക്കുന്നതു കണ്ടത്. പുലിയെ കണ്ട് ജിനേഷ് നിലവിളിച്ചതോടെ പുലി അയല്‍വാസിയായ കൊച്ചുപറമ്പില്‍ ശേഖരന്റെ റബര്‍ത്തോട്ടത്തിലൂടെ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

വിവരമറിയിച്ചതിനെത്തുടര്‍ന്നു വാര്‍ഡ് അംഗം സി.സി. തോമസും നാട്ടുകാരും പാട്ടകള്‍ കൊട്ടിയും ഈറ്റക്കമ്പുകള്‍ നിലത്തടിച്ചും ശബ്ദമുണ്ടാക്കി. കാടിനുള്ളിലൊളിച്ച പുലി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈറ്റയ്ക്കപ്പറമ്പില്‍ മധുവിന്റ വീട്ടുമുറ്റത്തു കൂടെ മുണ്ടക്കയം-കുഴിമാവ് റോഡിലിറങ്ങി. തുടര്‍ന്നു മുള്ളുവേലി ചാടി വനത്തിലേക്കു ഓടിമറഞ്ഞു.


പുലിക്ക് ആറടിയോളം നീളവും മൂന്നടിയോളം പൊക്കവുമുണ്െടന്നു നാട്ടുകാര്‍ പറയുന്നു. പുലി ഓടിയ സ്ഥലങ്ങളില്‍ കാല്‍പ്പാദങ്ങളും പതിഞ്ഞിട്ടുണ്ട്. കമ്പി വേലി ചാടിയപ്പോള്‍ മുള്ളുകമ്പിയില്‍ ഉരഞ്ഞ പുലിയുടെ രോമവും നാട്ടുകാര്‍ ശേഖരിച്ചു.

ഡെപ്യൂട്ടി റേഞ്ചര്‍ ആര്‍. ജയചന്ദ്രന്‍, ബീറ്റ് ഫോറസ്റ് ഓഫീസര്‍മാരായ കെ.പി. രാജേഷ്, ടി.എസ്. സന്ധ്യ എന്നിവര്‍ സ്ഥലത്തെത്തി. എന്നാല്‍, പുലി കാട്ടിനുള്ളിലൂടെ പുല്‍മേട് വനത്തിലേക്കു കടന്നതിന്റെ കാല്‍പ്പാടുകള്‍ കണ്െടന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി റേഞ്ചര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.