പാക്കിസ്ഥാനില്‍ കുടുങ്ങിയ ഹനീഫും കുടുംബവും ജന്മനാട്ടിലെത്തി
പാക്കിസ്ഥാനില്‍ കുടുങ്ങിയ ഹനീഫും കുടുംബവും ജന്മനാട്ടിലെത്തി
Monday, April 21, 2014 10:32 PM IST
പാനൂര്‍: സങ്കടങ്ങള്‍ക്കറുതിവരുത്തി പാക്കിസ്ഥാനില്‍ കുടുങ്ങിയ മലയാളി കുടുംബം നാട്ടിലെത്തി. പാനൂര്‍ ചെറുവത്ത് ചേമ്പിലക്കോത്ത് കനാലിനു സമീപത്തെ നിട്ടൂന്റവിട ഹനീഫും കുടുംബവുമാണു ദുരിതങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ തന്റെ വീട്ടിലെത്തിയത്.

പാക്കിസ്ഥാന്‍ പൌരത്വമുള്ള പരേതനായ നിട്ടൂന്റവിടെ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകന്‍ ഹനീഫ് ഏഴുവര്‍ഷം മുമ്പാണു ഭാര്യ ഹസീനയ്ക്കൊപ്പം പാക്കിസ്ഥാനിലേക്കു പോയത്. അവിടെജനിച്ച മക്കളായ ഹസീബ് (മൂന്ന്), ഹബീബ (നാലുമാസം) എന്നിവരുടെ പൌരത്വപ്രശ്നമാണു ഹനീഫിനു നാട്ടിലേക്കു മടങ്ങാന്‍ തടസമായത്. വെള്ളിയാഴ്ച രാത്രി 7.30ന് വിമാനമാര്‍ഗം കറാച്ചിയില്‍നിന്നു മുംബൈയിലേക്കും ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ മുംബൈയില്‍നിന്നു ട്രെയിന്‍ മാര്‍ഗം നാട്ടിലേക്കും തിരിക്കുകയായിരുന്നു.

മക്കള്‍ക്കു പാസ്പോര്‍ട്ട് അനുവദിച്ചുകിട്ടാന്‍ ഹനീഫ് നിരവധിതവണ ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയെങ്കിലും പരിഹാരമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എംബസിയിലേക്ക് അയയ്ക്കാന്‍ വൈകിയതും മക്കള്‍ക്കു പൌരത്വം അനുവദിച്ചുകിട്ടാന്‍ തടസമായി. പ്രശ്നത്തില്‍ മാധ്യമശ്രദ്ധ നേടിയതാണു ഹനീഫിനും കുടുംബത്തിനും നാട്ടിലേക്കുള്ള യാത്രയ്ക്കു വഴിയൊരുങ്ങിയത്.


പാക്കിസ്ഥാനില്‍ കുടുങ്ങിയ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പാസ്പോര്‍ട്ട് അനുവദിക്കാന്‍ ശക്തമായ ശ്രമം നടത്തുമെന്ന് എംബസിയില്‍നിന്നു വിളിച്ചറിയിച്ചതായി ഹനീഫ് പറഞ്ഞു. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എംപി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെയും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി.എം. കുട്ടിയുടെയും ശക്തമായ ഇടപെടലുകളാണു തുണയായതെന്നും ഇവരോടു നന്ദിയുണ്െടന്നും അദ്ദേഹം പറഞ്ഞു.

പൌരത്വത്തിന്റെ പേരില്‍ പ്രയാസമനുഭവിച്ചതിനാല്‍ പാക്കിസ്ഥാന്‍ മടുത്തു. ഇനി അവിടേക്കില്ല. പിതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിലപാടുകളില്‍ ഏറെ ദുഃഖമുണ്ടായതായും ഹനീഫ് പറഞ്ഞു. വീട്ടിലെത്തിയ ഹനീഫിന്റെയും കുടുംബത്തിന്റെയും ക്ഷേമമന്വേഷിക്കാന്‍ മന്ത്രി കെ.പി. മോഹനന്‍ നേരിട്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫോണില്‍ വിളിച്ചും ക്ഷേമാന്വേഷണം നടത്തി. ഹനീഫിനെ കാണാന്‍ നാട്ടുകാരും മറ്റു സാമൂഹ്യമേഖലയിലെ പ്രമുഖരും വീട്ടിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.