ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി പേര്‍
ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്ത്: കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി പേര്‍
Monday, April 21, 2014 10:57 PM IST
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വര്‍ണ നിലവറയുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ശ്രീപത്മനാഭ സ്വാമിയുടെ ഫോട്ടോ വിദേശത്തു വിറ്റഴിച്ച സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്റുഡിയോ ഉടമയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

മുന്‍ തിരുവിതാംകൂര്‍ മഹാരാജാവിനുവേണ്ടിയാണു ചിത്രം പകര്‍ത്തി വിദേശത്തു വിറ്റഴിച്ചതെന്ന പുതിയ വിവാദമാണ് ഉയര്‍ന്നിട്ടുള്ളത്. ശ്രീപത്മനാഭ സ്വാമിയുടെ യഥാര്‍ഥ ഫോട്ടോ എടുക്കാന്‍ ആരെയും അനുവദിക്കാറില്ല. ഫോട്ടോയില്‍ മാറ്റംവരുത്തിയ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് രാജകുടുംബം ഊരി വാങ്ങിയതായും സ്റുഡിയോ ഉടമ ആരോപിക്കുന്നു.

നേരത്തെ കൊട്ടാരത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവും രാജകുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജ്വല്ലറിയിലേക്കു സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കൊണ്ടുപോയി എന്നായിരുന്നു രാജുവിന്റെ ആരോപണം. പിന്നീടു മാധ്യമങ്ങളോടു പറഞ്ഞപ്പോള്‍ അമിക്കസ് ക്യൂറിയുടെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നാണു സ്വര്‍ണപ്പണിക്കാരനായ രാജു പറഞ്ഞത്. ഇതു ഭീഷണിയെത്തുടര്‍ന്നാണെന്നും പറയപ്പെടുന്നു.


സ്വര്‍ണക്കടത്തിനെ എതിര്‍ക്കുകയും ഇതിനെതിരേ പരാതി നല്‍കുകയും ചെയ്ത പദ്മനാഭ ദാസനായ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവവുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ രാജകുടുംബത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരനും രംഗത്തുവന്നിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ തന്നെ രാജകുടംബത്തിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വന്നശേഷം രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങളുമായി വിഎസ് വീണ്ടും രംഗത്തെത്തുകയായിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം 23നു സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിനും മോഷണമുതല്‍ കണ്െടത്തുന്നതിനും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം അമിക്കസ് ക്യൂറി മുന്നോട്ടുവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.