ചികിത്സയിലിരുന്ന നവവരന്‍ മരിച്ചു; ചികിത്സാ പിഴവെന്നു ബന്ധുക്കള്‍
ചികിത്സയിലിരുന്ന നവവരന്‍ മരിച്ചു; ചികിത്സാ പിഴവെന്നു ബന്ധുക്കള്‍
Monday, April 21, 2014 10:57 PM IST
നെടുങ്കണ്ടം: കിഡ്നി സ്റോണിനു ചികിത്സയ്ക്കെത്തിയ നവ വരന്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. മരണം ചികിത്സാപിഴവുമൂലമെന്നു ബന്ധുക്കള്‍ ആരോപിച്ചു. വട്ടപ്പാറ തയ്യില്‍ ബിജു (32) ആണ് മരിച്ചത്. ഈ മാസം 17ന് വയറുവേദന കലശലായതിനെത്തുടര്‍ന്നു കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. 19ന് ഉച്ചയോടെ വേദന കുറഞ്ഞതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു. കിഡ്നി സ്റോണാണെന്നു സംശയമുണ്െടന്നും തുടര്‍ ചികിത്സയ്ക്കായി അള്‍ട്രാ സൌണ്ട് സ്കാനിംഗ് നടത്തണമെന്നും നിര്‍ദേശിച്ചു. സ്കാനിംഗിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വിവരം അന്വേഷിച്ചെങ്കിലും തിങ്കളാഴ്ചയേ സൌകര്യം ലഭിക്കൂയെന്ന് അറിയിച്ചു.

ഇതിനിടെ, ബിജുവിനു വീണ്ടും വേദന കൂടിയതിനെത്തുടര്‍ന്നു കല്ലാറിലെ ആശുപത്രിയിലേക്കു തിരികെ കൊണ്ടുവന്നു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം വേദന കലശലായെങ്കിലും വേണ്ടത്ര ചികിത്സ ആശുപത്രി അധികൃതര്‍ ലഭ്യമാക്കിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം. കുത്തിവയ്പ് എടുത്തെങ്കിലും വേദനയ്ക്കു ശമനം ഉണ്ടായില്ല. വിവരം പലതവണ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ അറിയിച്ചിട്ടും ശരിയായ പരിചരണം ലഭ്യമായില്ല. ഞായറാഴ്ച പുലര്‍ച്ചെ ആറോടെ ഇയാള്‍ക്കു വീണ്ടും ഇന്‍ജക്ഷന്‍ നല്‍കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, 6.30 ഓടെ ബിജു മരിച്ചെന്ന വിവരമാണു ഡോക്ടര്‍മാര്‍ നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്‍ജക്ഷനു ശേഷം ബിജുവിന്റെ തുടയില്‍ തീപ്പൊള്ളലേറ്റതു പോലെ കുമിളകള്‍ രൂപപ്പെട്ടതു ചികിത്സാ പിഴവിന്റെ ലക്ഷണമാണെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.


ബിജുവിന്റെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. ഇതേത്തുടര്‍ന്നു കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ആശുപത്രിയിലെത്തി. കേസെടുത്ത പോലീസ് രോഗിയുടെ ചികിത്സാഷീറ്റ് വാങ്ങി ഇതിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കുകയും ചെയ്തു. മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

അതേസമയം, ബിജുവിനു യഥാസമയം ചികിത്സ ലഭ്യമാക്കിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബിജുവിന്റെ കിഡ്നി പൊട്ടി രക്തസ്രാവം ഉണ്ടായതാണു മരണകാരണമെന്നു കരുതുന്നു. ഇങ്ങനെ സംഭവിക്കുന്നതു വളരെ അപൂര്‍വമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ബിജുവിന്റെ സംസ്കാരം ഇന്നു നടക്കും. ആറുമാസം മുന്‍പാണ് വിവാഹം നടന്നത്. ചങ്ങനാശേരി തണിമുത്തേടം സുകുമാരന്റെ മകള്‍ സുമിയാണ് ഭാര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.