മുഖപ്രസംഗം: മദ്യനയത്തില്‍ വ്യക്തത വേണം
Wednesday, April 23, 2014 11:31 PM IST
നിലവാരമില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ പകുതിയിലേറെ ബാറുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യം വ്യക്തവും സുതാര്യവുമായൊരു മദ്യനയം രൂപവത്കരിക്കുന്നതിനു സഹായകമാകണം. ബാറുകള്‍ പൂട്ടിയിട്ടു മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും ഏതുവിധേനയും അവ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നീക്കം സജീവമാണ്. എക്സൈസ് വകുപ്പ് ഇതിനനുകൂലമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കുകയും ചെയ്തിരിക്കുന്നു. ബാറുകള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ അടച്ചിട്ട ബാറുകളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള പണികളും നടക്കുന്നുണ്ട്. ഭൌതികമായ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു ബാര്‍ ഹോട്ടലുകള്‍ നക്ഷത്ര പദവി കൈവരിക്കുന്നതു മാത്രമാണോ ഇവിടെ പ്രശ്നം? നിലവാരം മെച്ചപ്പെടുത്തി ബാറുകള്‍ തുറന്നാല്‍ പരിഹരിക്കപ്പെടാവുന്ന പ്രശ്നമായി മാത്രം ഇതിനെ കാണാനാവില്ല.

മൂന്നാഴ്ച കേരളത്തിലെ 418 ബാറുകള്‍ അടഞ്ഞുകിടന്നതുകൊണ്ട് എന്തു കുഴപ്പമാണ് ഉണ്ടായത്? സര്‍ക്കാരിന്റെ മദ്യവില്പനശാലകളിലെ തിരക്കു വളരെ ഏറി. പല നഗരങ്ങളിലെയും ബാറുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സ്ഥിരം കുടിയന്മാര്‍ക്കു ദൂരസ്ഥലങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവന്നു. ബാറുകളിലേക്കുള്ള മദ്യവും ബിവറേജസ് കോര്‍പറേഷനില്‍നിന്നുതന്നെയാണ് എത്തുന്നത് എന്നതിനാല്‍ മൊത്തം വില്പനയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പിന്നെയുള്ളതു ബാറുകളില്‍ പോയിരുന്നു മദ്യപിച്ചിരുന്നവര്‍ക്കുണ്ടാകുന്ന പ്രയാസവും ബാറുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവുമാണ്. ഇതൊന്നും നയപരമായ ഒരു തിരുത്തലിനു പ്രേരിപ്പിക്കേണ്ട കാര്യങ്ങളല്ല. ഇരുപതിനായിരത്തോളം ബാര്‍ തൊഴിലാളികള്‍ക്കു ജീവിതമാര്‍ഗം തടസപ്പെട്ടിരിക്കുന്നതായി എക്സൈസ് വകുപ്പു കണക്കാക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടതുമൂലം കഷ്ടപ്പെടുന്ന ഇവരുടെ പ്രശ്നം തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ടതുതന്നെ. അതേസമയം, ബാറുകള്‍ പൂട്ടിയതുമൂലം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ക്കും പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സമാധാനം ഈ നഷ്ടങ്ങളെയൊക്കെ അപ്രസക്തമാക്കുന്നുണ്ട്.

ബാറുകള്‍ കൂട്ടത്തോടെ അടച്ചിട്ടതിനുശേഷം അപകടങ്ങളും അടിപിടികളും വലിയ തോതില്‍ കുറഞ്ഞിട്ടുണ്െടന്നു പോലീസിന്റെ കണക്കുകള്‍ തെളിയിക്കുന്നു. പല പോലീസ് സ്റേഷനുകളിലും ഈ മാസം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അടിപിടിക്കേസുകളുടെയും മദ്യപിച്ചു വാഹനമോടിച്ചതിനെത്തുടര്‍ന്നുള്ള അപകടങ്ങളുടെയും എണ്ണം കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് സ്റാന്‍ഡുകളിലെയും മറ്റും രാത്രികാല സാഹചര്യത്തില്‍ത്തന്നെ മാറ്റമുണ്ടായിരിക്കുന്നു. മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നവരെ ഇപ്പോള്‍ വിരളമായേ കാണാനുള്ളൂ. എക്സൈസ് വകുപ്പു കാണുന്നില്ലെങ്കിലും ഇത്തരം ചില നല്ല മാറ്റങ്ങള്‍ കണ്ടില്ലെന്നു ജനങ്ങളോടു കടപ്പാടുള്ള സര്‍ക്കാരിനു നടിക്കാനാവില്ല. സാധാരണ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്‍നിര്‍ത്തിയുള്ളതാവണം പുതിയ മദ്യനയം എന്ന കെസിബിസി മദ്യ വിരുദ്ധ സമിതിയുടെയും ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നിലപാട് ഇത്തരമൊരു സമാധാനാന്തരീക്ഷമാണു ലക്ഷ്യമിടുന്നത്.


കേരളത്തില്‍ മദ്യവില്പനയിലുണ്ടായിട്ടുള്ള കുതിപ്പിനു പ്രധാന കാരണം മദ്യത്തിന്റെ സുലഭ്യത തന്നെയാണ്. മദ്യഷാപ്പുകളുടെ ദൂരപരിധി നിയമംപോലും കാറ്റില്‍പറത്തി പലേടത്തും ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നഗരങ്ങളില്‍ എവിടെയും തലയെടുപ്പോടെ നില്‍ക്കുന്ന ബാറുകള്‍ കാണാം. തെരഞ്ഞുനടന്ന് ആരും കഷ്ടപ്പെടേണ്ടാത്തവിധത്തില്‍. മദ്യക്കച്ചവടം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഏല്‍പ്പിച്ചിട്ടുള്ള പ്രത്യാഘാതങ്ങള്‍ ഏറെയാണ്. അനേകം ജനങ്ങളുടെ ആരോഗ്യം, കുടുംബങ്ങളിലെ സമാധാനം, സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി തുടങ്ങി പലതും മദ്യംമൂലം തകര്‍ന്നു.

കേരളത്തിന്റെ മദ്യനയ രൂപവത്കരണവുമായി ബന്ധപ്പെട്ടു വ്യത്യസ്തമായ ചിന്താഗതികളാണു വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വച്ചുപുലര്‍ത്തുന്നതെങ്കിലും മദ്യം ഉയര്‍ത്തുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ച് ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്നാല്‍, മദ്യ ലോബിയുടെ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനം മദ്യത്തിനെതിരായ എല്ലാ നീക്കങ്ങളെയും തകര്‍ക്കാന്‍ പര്യാപ്തമാണ്. ഇതു സംബന്ധിച്ച ഒരു കേസിന്റെ വിധിപ്രസ്താവത്തില്‍നിന്നു ഇന്നലെ ഹൈക്കോടതി ജഡ്ജി ഒഴിയേണ്ടിവന്ന സാഹചര്യം ഇത്തരുണത്തില്‍ പ്രസക്തമാണ്.

കേരളത്തിലെ മദ്യമൊഴുക്കിനൊരു തടയിടണമെന്നു ചിന്തയുള്ള നേതാക്കള്‍ യുഡിഎഫില്‍ ഉണ്െടന്നുള്ളതു ശുഭോദര്‍ക്കമാണ്. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും വളരുന്ന തലമുറയുടെ ശാരീരികവും മാനസികവും ബൌദ്ധികവുമായ ആരോഗ്യത്തിന്റെയും കൂടി പ്രശ്നമാണിത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ വിവിധ തലങ്ങളില്‍ അഭിപ്രായങ്ങള്‍ തേടേണ്ടതാണ്. സര്‍ക്കാരിന്റെ മദ്യനയം രൂപവത്കരിക്കുന്നതിനുവേണ്ടി നിയോഗിച്ച ജസ്റീസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വളരെ ക്രിയാത്മകമായ പല നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ബിവറേജസ് ചില്ലറ വില്പനശാലകളിലും ബാര്‍ ഹോട്ടലുകളിലും എത്തുന്ന മദ്യപരില്‍ 40 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണെന്നാണു കമ്മീഷന്റെ കണ്െടത്തല്‍. കേരളത്തില്‍ മദ്യപാനം ഏറെ വര്‍ധിച്ചുവെങ്കിലും മലയാളികളുടെ ഇടയില്‍ മദ്യപാനശീലം അത്രകണ്ടു വര്‍ധിച്ചിട്ടില്ലത്രേ. അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണെങ്കിലും നാട്ടുകാര്‍ക്കാണെങ്കിലും അനായാസം മദ്യം ലഭിക്കുമെന്നായാല്‍ അതുപയോഗിക്കാനുള്ള സാധ്യത വര്‍ധിക്കും. അതുകൊണ്ടുതന്നെ മദ്യനയത്തിന്റെ കാര്യത്തില്‍ വളരെ ബോധപൂര്‍വമായ തീരുമാനം ഉണ്ടാകണം. എങ്കില്‍മാത്രമേ കേരളത്തെ മദ്യപരുടെ നാട് എന്ന നാണക്കേടില്‍നിന്നു രക്ഷിക്കാനാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.