മകളെ വെടിവച്ച സംഭവം: പിതാവ് റിമാന്‍ഡില്‍
മകളെ വെടിവച്ച സംഭവം: പിതാവ് റിമാന്‍ഡില്‍
Wednesday, April 23, 2014 12:15 AM IST
ചാത്തന്നൂര്‍: മകളെ വെടിവച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് അറസ്റിലായ പിതാവിനെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോട്ടയം അതിരമ്പുഴ പടിഞ്ഞാറ് ഉള്ളാട്ടുകുളം വീട്ടില്‍ റോയി ചെറിയാനാണു മകള്‍ റോണിയെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചു പരിക്കേല്പിച്ചത്. പരിക്കേറ്റ റോണി ശസ്ത്രക്രിയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ റോയി ചെറിയാനെ എറണാകുളം അമൃത മെഡിക്കല്‍ കോളജ് ഗസ്റ് ഹൌസില്‍ നിന്നു ചേരാനല്ലൂര്‍ പോലീസ് തിങ്കളാഴ്ച രാത്രിയോടെ പിടികൂടി അന്വേഷണ സംഘത്തിനു കൈമാറി. തുടര്‍ന്നു പൂയപ്പളളി പോലീസ് സ്റേഷനില്‍ എത്തിച്ച പ്രതിയെ ഇന്നലെ 11.15ഓടെ സംഭവം നടന്ന മീയണ്ണൂരിലെ വാടകവീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ 23 വര്‍ഷമായി താന്‍ വളര്‍ത്തിയ മകള്‍ തന്നില്‍ നിന്നകന്ന് അമ്മയോടൊപ്പം പോകുമെന്ന വിഷമമാണു കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു റോയി പോലീസിനോടു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ റോയി കടയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകള്‍ റോണി ഒരുങ്ങി നില്‍ക്കുന്നതാണു കണ്ടത്. എവിടെ പോകുന്നെന്നു ചോദിച്ചപ്പോള്‍ കോളജില്‍ പോകുന്നെന്നു പറഞ്ഞു. കോളജില്‍ ക്ളാസില്ല പിന്നെ എങ്ങോട്ടാണു പോകുന്നതെന്നു ചോദിച്ച് സമീപത്തെ ഭിത്തിയില്‍ ചാരിവച്ചിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ചു മകള്‍ക്കു വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ രക്ഷപ്പെട്ടു. തോക്ക് യാത്രാമധ്യേ ചന്ദനത്തോപ്പ് മാമൂട് ഇന്ത്യന്‍ ബാങ്കിനു സമീപത്തെ വഴിവക്കില്‍ ഉപേക്ഷിച്ചതായും കാര്‍ കൊല്ലത്തുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ പാര്‍ക്കു ചെയ്തശേഷം ബസില്‍ യാത്ര ചെയ്താണ് എറണാകുളത്തേക്കു പോയതെന്നും ഇയാള്‍ അന്വേഷണ ഉദ്യാഗസ്ഥരോടു പറഞ്ഞു.


വഴിയില്‍ ഉപേഷിച്ച തോക്കും കാറും പോലീസ് കണ്െടടുത്തു. അലമാരയില്‍ നിന്നു മറ്റൊരു എയര്‍ഗണ്‍ നേരെത്തെ കണ്െടടുത്തിരുന്നു. അന്വേഷണ സംഘത്തില്‍ ഡിവൈഎസ്പി എം.കെ.സുള്‍ഫിക്കര്‍, പൂയപ്പളളി എസ്ഐ മുബറക്ക്, എഎസ്ഐ വിജയകുമാര്‍, എസ്സിപിഒ വിജയന്‍, സൈബര്‍ സെല്‍ സിപിഒ ബിനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.