പരപ്പനങ്ങാടി എടിഎം കവര്‍ച്ച; മൂന്നു പേര്‍ പിടിയില്‍
പരപ്പനങ്ങാടി എടിഎം കവര്‍ച്ച; മൂന്നു പേര്‍ പിടിയില്‍
Wednesday, April 23, 2014 12:18 AM IST
എടക്കര: സംസ്ഥാനത്തുടനീളം വന്‍ കവര്‍ച്ച നടത്തിവന്ന സംഘത്തിലെ മൂന്നു പേരെ എടക്കര പോലീസ് അറസ്റ് ചെയ്തു. പരപ്പനങ്ങാടി റെയില്‍വെ പുറംപോക്കില്‍ താമസിക്കുന്ന കുഞ്ഞന്‍ എന്ന അറുമുഖന്‍ മാരിയപ്പന്‍ (21), രാജേഷ് എന്ന ഉടുമ്പ് ഹരി (19), ഇവരുടെ സംഘത്തിലെ പതിനഞ്ചുകാരന്‍ എന്നിവരെയാണ് എടക്കര എസ്.ഐ. ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ് ചെയ്തത്.

പതിനാലിനു പരപ്പനങ്ങാടി അരിയല്ലൂരിലെ കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎം കൌണ്ടര്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ചതടക്കം മോഷണക്കേസുകളില്‍ പ്രതികളാണിവര്‍. മോഷ്ടിച്ച ബൈക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട കുഞ്ഞന്‍ എന്ന അറുമുഖമാണ് മുപ്പിനിയില്‍ പോലീസ് പട്രോളിംഗിനിടെ ആദ്യം പിടിയിലായത്. മോഷണം നടത്താന്‍ പറ്റിയ സ്ഥലം നോക്കിയെത്തിയതായിരുന്നു ഇയാള്‍. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് സംഘത്തിലുള്ള രണ്ട് പേരെ നിലമ്പൂര്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സ് പരിസരത്തുനിന്ന് അറസ്റ് ചെയ്തത്. രണ്ടുപേര്‍ ഓടി രക്ഷപെടുകയും ചെയ്തു. മോഷ്ടിച്ച രണ്ടു ബൈക്കുകളും ഒരു ലക്ഷം രൂപയും ഇവരുടെ പക്കല്‍ നിന്നും കണ്െടടുത്തു.

ബൈക്കുകള്‍ കോട്ടക്കല്‍ കോഴിച്ചെന, കുന്നംകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍നിന്നു മോഷ്ടിച്ചവയാണെന്ന് വ്യക്തമായി. പണം കുന്നംകുളത്തെ പി.എല്‍. ചാക്കോ ആന്‍ഡ് സണ്‍സിന്റെ പെട്രോള്‍ പമ്പിന്റെ ഓഫീസ് കുത്തിത്തുറന്നു മോഷ്ടിച്ചതായിരുന്നു. കിട്ടിയ പണവുമായി ഊട്ടിയിലേക്ക് ഉല്ലാസയാത്ര പോകുന്നതിനുംകൂടിയാണ് സംഘം നിലമ്പൂരിലെത്തിയത്.

കഴിഞ്ഞ പതിമൂന്നിനു കോട്ടക്കല്‍ ടൌണിലെ രണ്ടു തുണിക്കടകള്‍ കുത്തിത്തുറന്ന പ്രതികള്‍ ഒരു കടയില്‍നിന്നു പതിനാറായിരം രൂപയും തുണിത്തരങ്ങളും കവര്‍ന്നു. അടുത്ത തുണിക്കടയില്‍ സിസിടിവി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപ വിലയുള്ള കംപ്യൂട്ടറുകളും സിസിടിവി കാമറകളും സംഘം തകര്‍ത്തു. ഒരു ലാബറട്ടറിയിലും അന്ന് സംഘം മോഷണം നടത്തിയിരുന്നു. തേഞ്ഞിപ്പലം പാണമ്പ്രയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കടയില്‍നിന്നു പണവും പിച്ചള സാധനങ്ങളും, ഒരു മാസം മുമ്പ് പട്ടാമ്പി ടൌണിലെ കടയില്‍ നിന്ന് അറുപതിനായിരം രൂപ, ചെരുപ്പ്, ഷൂ എന്നിവയും, മൊബൈല്‍ കടയില്‍നിന്നു ഫോണുകള്‍, പണം എന്നിവയും സംഘം മോഷ്ടിച്ചിട്ടുണ്ട്.


ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് ശക്തമായ പോലീസ് പട്രോളിംഗ് ഉള്ളപ്പോഴാണ് വേങ്ങര പോലീസ് സ്റേഷനു സമീപം അഞ്ചു കടകളില്‍ സംഘം പൂട്ടു തകര്‍ത്ത് മോഷണം നടത്തിയത്. പരപ്പനങ്ങാടിയില്‍ എടിഎം കൌണ്ടര്‍ തകര്‍ത്ത സംഘം റോഡിലൂടെ ഒരാള്‍ നടന്നുവരുന്നത് കണ്ടു ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു.

ഒന്നാം പ്രതി അറുമുഖം രണ്ട് വര്‍ഷം മുമ്പ് തിരൂരിലെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ കേസില്‍ കോഴിക്കോട് ജയിലില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ആളാണ്. നേരത്തെ മോഷണക്കേസില്‍ കോയമ്പത്തൂര്‍ പോലീസ് കോടതിയിലേക്ക് കൊണ്ടുപോകുംവഴി ഹോട്ടലിലെ കക്കൂസിന്റെ വെന്റിലേറ്റര്‍ തകര്‍ത്തു പോലീസിനെ കബളിപ്പിച്ചു രക്ഷപെട്ടയാളാണ് അറുമുഖം. തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി റെയില്‍വേ പരിസരങ്ങളിലും കൊപ്പത്തെ ആക്രിക്കടകളുടെ പരിസരങ്ങളിലുമാണ് സംഘം താമസിച്ചുവരുന്നത്. മറ്റ് രണ്ടു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.

ഒന്നും രണ്ടും പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയിലും ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റഡിയില്‍ വാങ്ങും.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.പി. വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ നിലമ്പൂര്‍ സിഐ മാത്യു അഗസ്റിന്‍, എസ്ഐ ജയദേവന്‍, എടക്കര എസ്ഐ ജ്യോതീന്ദ്രകുമാര്‍, എസ്ഐടി അംഗങ്ങളായ എം. അസൈനാര്‍, പ്രമോദ്, സിപിഒമാരായ ജാബിര്‍, അനീഷ് ചാക്കോ, ശ്യാം, സലിം, ഉണ്ണികൃഷ്ണന്‍, സദക്കത്തുള്ള, വിനോദ്, വിജിത എന്നിവരാണ് അന്വേഷണം നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎസ്പി കെ.പി വിജയകുമാര്‍, എസ്ഐ ജ്യോതീന്ദര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.