സര്‍ക്കാര്‍ ജോലി: അന്വേഷണം കുറ്റമറ്റതാക്കാന്‍ പോലീസിനു നിര്‍ദേശം
Wednesday, April 23, 2014 12:22 AM IST
ബെന്നി കോച്ചേരി

കുറവിലങ്ങാട്: സര്‍ക്കാര്‍ മേഖലയിലെ ജോലിയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥിയുടെ സ്വഭാവവും പൂര്‍വകാല ചരിത്രവും സംബന്ധിച്ചു നടത്തുന്ന പോലീസ് അന്വേഷണം കുറ്റമറ്റതും ഗൌരവമുള്ളതുമാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ജോലിയില്‍ പ്രത്യേകിച്ചു പോലീസ് സേനയില്‍ അനാവശ്യ ഘടകങ്ങളെ ആരംഭത്തില്‍ത്തന്നെ ഒഴിവാക്കേണ്ടതുള്ളതിനാല്‍ അന്വേഷണം ശക്തമാക്കണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇന്റലിജന്‍സ് എഡിജിപിക്കും നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്.

പോലീസ് സേനയിലേക്കുള്ള ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള അന്വേഷണം പരിശീലനം ആരംഭിക്കുംമുമ്പെ നടത്തേണ്ടതുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ അലംഭാവം കടന്നെത്തുന്നതിനാല്‍ ക്രിമിനല്‍കുറ്റകൃത്യങ്ങളിലടക്കം ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളെ സര്‍വീസിലേക്കു ശുപാര്‍ശ ചെയ്യപ്പെടുന്ന സാഹചര്യം ഉടലെടുക്കുന്നുണ്ട്. ഈ നീക്കം ഒഴിവാക്കേണ്ടതും ഗൌരവമായി കാണേണ്ടതുമാണ്. - സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.


അന്വേഷണം കൂടുതല്‍ ജാഗ്രതയോടെ നടത്തണമെന്നും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കുറ്റമറ്റതാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള വീഴ്ച വ്യക്തമായാല്‍ ബന്ധപ്പെട്ട ഓഫീസര്‍ക്കെതിരേ ശക്തമായ അച്ചടക്കനടപടികള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പും സംസ്ഥാന പോലീസ് മേധാവി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.