കൂറുമാറ്റം: നാരങ്ങാനത്ത് രണ്ടംഗങ്ങളെ അയോഗ്യരാക്കി
Wednesday, April 23, 2014 12:26 AM IST
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിനു പത്തനംതിട്ട ജില്ലയില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യരാക്കി. പഞ്ചായത്തിലെ മറ്റൊരംഗമായ സൂസന്‍ ഏബ്രഹാം നല്‍കിയ ഹര്‍ജിയിലാണ്, അംഗങ്ങളായ ശശികല രാധാകൃഷ്ണന്‍, പി.പി. മത്തായി എന്നിവരെയാണ് അയോഗ്യരാക്കിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 14 അംഗഭരണസമിതിയില്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് മൂന്നും ബിജെപി രണ്ടും സ്വതന്ത്രര്‍ മൂന്നും സീറ്റുകളില്‍ വിജയിച്ചു. തുടര്‍ന്നു സ്വതന്ത്രാംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ ശശികല രാധാകൃഷ്ണന്‍ പ്രസിഡന്റായി. രണ്ടുവര്‍ഷത്തിനുശേഷം ശശികല സ്ഥാനമൊഴിയാനും പകരം സൂസന്‍ ഏബ്രഹാമിനെ പ്രസിഡന്റാക്കാനും കോണ്‍ഗ്രസില്‍ ധാരണയുണ്ടായിരുന്നു. നിശ്ചിത സമയത്തുതന്നെ ശശികല പ്രസിഡന്റു സ്ഥാനം രാജിവച്ചു. എന്നാല്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്ന് ശശികലയും മത്തായിയും വിട്ടുനിന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വോട്ടെടുപ്പില്‍നിന്നു മനഃപ്പൂര്‍വം വിട്ടുനിന്ന നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയ കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.