എച്ചിപ്പാറ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്നു കോടതി
Wednesday, April 23, 2014 12:29 AM IST
കൊച്ചി: എച്ചിപ്പാറ ട്രൈബല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. സ്കൂളിലെ വിദ്യാര്‍ഥി സി.പി. അഭിജിത് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂരും ജസ്റീസ് എ.എം. ഷെഫീഖുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

സ്കൂളിന് ഇപ്പോള്‍ എല്‍പി വിഭാഗം മാത്രമേയുള്ളു. യുപി സ്കൂള്‍ 14 കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍ ആദിവാസികുട്ടികള്‍ക്ക് പഠനത്തിനു പ്രയാസം നേരിടുന്നു.

2013 ജൂലൈ മുതല്‍ വിദ്യാര്‍ഥികള്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്ന ഉത്തരവിനുവേണ്ടി കാത്തിരിക്കുകയാണ്. 2014-15 അധ്യയന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് യുപി വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന വിധം ഉത്തരവ് പുറപ്പെടുവിക്കണമെന്നു കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 72 ട്രൈബല്‍ സ്കൂളുകളാണുള്ളത്.


10,448 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. പട്ടികജാതി വിഭാഗത്തിലെ 1,274 കുട്ടികളും പട്ടികവര്‍ഗ വിഭാഗത്തിലെ 4,734 വിദ്യാര്‍ഥികളും ഇതില്‍പെടും. 72 വിദ്യാലയങ്ങളിലായി 509 അധ്യാപകരുമുണ്ട്. ഇതു കൂടാതെ 27 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.