മലയാളം ലൈബ്രറി ഡിജിറ്റൈസേഷനു പദ്ധതി തയാറാക്കുന്നു
Wednesday, April 23, 2014 12:31 AM IST
മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല മലയാളം ലൈബ്രറി ഡിജിറ്റൈസേഷന് പദ്ധതി തയാറാക്കുന്നു. ലോകത്തെവിടെയുമുള്ള മലയാളമറിയാവുന്നവരെ ഉദ്ദേശിച്ചാണിത്. ഡിജിറ്റൈസ് ചെയ്ത മലയാളം പുസ്തകങ്ങളും രേഖകളും മറ്റും ഓണ്‍ലൈനായി കാണാനും വായിക്കാനും പകര്‍പ്പെടുക്കാനും സൌകര്യമുണ്ടാകും. ആദ്യ ഘട്ടം 10 ലക്ഷം പേജ് വരുന്ന പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് ഈ രംഗത്തെ വിദഗ്ധരുടെ ഒരു ചര്‍ച്ചായോഗം മലയാള സര്‍വകലാശാല അക്ഷരം കാമ്പസില്‍ നടത്തി. വൈസ് ചാന്‍സലര്‍ കെ.ജയകുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ആദ്യഘട്ടമായി പ്രധാനപ്പെട്ട പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പൌരാണിക ഗ്രന്ഥങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ ശേഖരിക്കും. വിവിധ കലാരൂപങ്ങള്‍, സാഹിത്യം, സംഗീതം, സിനിമ തുടങ്ങിയവയും ശേഖരിക്കും. അനിവാര്യമായും ഡിജിറ്റൈസ് ചെയ്യേണ്ട വിഷയങ്ങളുടെ ലിസ്റ് തയാറാക്കും. വിദഗ്ധ സമിതി യോഗം ഡിജിറ്റൈസേഷന്റെ സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. മലയാളം കംപ്യൂട്ടിംഗ്, തിരച്ചില്‍ സംവിധാനം, പകര്‍പ്പവകാശം എന്നിവയും പരിശോധിച്ചു. വിശദമായി പദ്ധതി രേഖ തയാറാക്കാനും തീരുമാനിച്ചു. ബാംഗളൂര്‍ ഡോകുമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ മേധാവി പ്രഫ. എ.ആര്‍.ഡി. പ്രസാദ്, പ്രഫ. വിജയകുമാര്‍ (കേരള സര്‍വകലാശാല), വി.ശ്രീരാം (സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റഡീസ്), ഡോ.ടി.എ. അബ്ദുള്‍ അസീസ് (കാലിക്കട്ട് സര്‍വകലാശാല), കെ.ജെ. ടോംസണ്‍ (ദേവഗിരി കോളജ്) എന്നിവരാണ് ചര്‍ച്ചയില്‍ പങ്കാളികളായത്. മലയാളസര്‍വകലാശാല ലൈബ്രറി കണ്‍സല്‍ട്ടന്റ് പി. ജയരാജന്‍ സ്വാഗതവും രജിസ്ട്രാര്‍ കെ.വി. ഉമര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.