റബര്‍വില റിക്കാര്‍ഡ് തകര്‍ച്ചയില്‍
റബര്‍വില റിക്കാര്‍ഡ് തകര്‍ച്ചയില്‍
Wednesday, April 23, 2014 12:11 AM IST
സ്വന്തം ലേഖകന്‍

കോട്ടയം: റബര്‍ വില കുത്തനെ ഇടിഞ്ഞതോടെ കാര്‍ഷിക കേരളം കടുത്ത പ്രതിസന്ധിയിലേക്ക്. അന്താരാഷ്ട്ര വിലയിടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തരവിലയും താഴേയ്ക്കു പതിക്കുകയാണ്. ആഭ്യന്തര വില ഇന്നലെ 138 രൂപയായി. ഒരാഴ്ചയ്ക്കുള്ളില്‍ ആര്‍എസ്എസ് നാല് ഗ്രേഡിനു കിലോഗ്രാമിനു10 രൂപയുടെ ഇടിവാണുണ്ടായത്. വില ഇനിയും താഴേക്കു പോകുമെന്ന സംശയത്തില്‍ വ്യവസായികള്‍ രണ്ടു ദിവസമായി ചരക്കെടുക്കുന്നില്ല. അതേസമയം, ഇറക്കുമതി തുടരുകയും ചെയ്യുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ സംഭരണം വന്‍പരാജയമായതോടെ കര്‍ഷകര്‍ക്കു പ്രതീക്ഷകള്‍ തകരുകയാണ്. ആകെ 250 ടണ്‍ റബര്‍ മാത്രമാണു സംഭരിച്ചത്. ഒട്ടുപാല്‍ വില നൂറു രൂപയ്ക്കു താഴെയിലെത്തി. ഷീറ്റിന്റെ ഇടിവിനു ചുവടുപിടിച്ചു ലാറ്റക്സ് വിലയിലും കുറവു വന്നുതുടങ്ങി.


വേനല്‍മഴയെത്തുടര്‍ന്ന് ഏറെ തോട്ടങ്ങളിലും ടാപ്പിംഗ് പുനാരംഭിച്ച സാഹചര്യത്തിലാണു വില വീണ്ടും ഇടിയുന്നത്.അന്താരാഷ്ട്ര വിപണിയില്‍ ക്രംബ് റബറിനു വരുംദിവസങ്ങളിലും വിലയിടിയുമോ എന്ന് ആശങ്കപ്പെടുന്നതായി റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് വാലി അഭിപ്രായപ്പെട്ടു. ടയര്‍ കമ്പനികള്‍ക്ക് മൂന്നു മാസത്തേക്കുള്ള റബര്‍ സ്റ്റോക്കുണ്ട്. മാത്രമല്ല, ഇറക്കുമതി നിയന്ത്രണമില്ലാതെ തുടരുകയും ചെയ്യുന്നു. 2009നുശേഷമുള്ള ഏറ്റവും വലിയ വിലയിടിവാണിതെന്നു റബര്‍ ഡീലേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പയസ് സ്കറിയ പൊട്ടംകുളം അഭിപ്രായപ്പെട്ടു. 2009ല്‍ 101.50 രൂപയായി വില ഇടിഞ്ഞി രുന്നു. ഇറക്കുമതി നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്താതെ ആഭ്യന്തരവില ഉയരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.