ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍
Wednesday, April 23, 2014 12:12 AM IST
കട്ടപ്പന: പരിസ്ഥിതിലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനെന്ന പേരില്‍ കഡസ്ട്രല്‍ മാപ്പ് തയാറാക്കുന്ന രീതിക്കെതിരേ വ്യാപകമായ പ്രതിഷേധം. മാപ്പ് തയാറാക്കുന്നതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാളെ എല്‍ഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനംചെയ്തു. ഹൈറേഞ്ച് സംരക്ഷണസമിതി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

മാപ്പ് തയാറാക്കുന്നതു സംബന്ധിച്ചു ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും യോഗം വിളിച്ചുചേര്‍ത്ത് ഉദ്ദേശ്യം ബോധ്യപ്പെടുത്തണം. സ്ഥലപരിശോധന നടത്തി മാത്രമേ മാപ്പ് തയാറാക്കാവൂ. ജനങ്ങളുടെ ആശങ്ക പരിഹരിച്ച രേഖയില്‍ മാത്രമേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഒപ്പുവയ്ക്കാവൂ എന്നും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.

മാപ്പ് തയാറാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം പരിമിതമാണ്. പഞ്ചായത്തുതല കമ്മിറ്റി അംഗീകരിച്ചു നല്‍കുന്ന മാപ്പും സ്കെച്ചും ഔദ്യോഗികമായി പരിഗണിക്കുമെന്നതിനാല്‍ രേഖ തയാറാക്കുന്നതില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജാഗ്രത കാട്ടണം.


ധൃതിപിടിച്ചുള്ള കഡസ്ട്രല്‍ മാപ്പ് തയാറാക്കലില്‍ ദുരുദ്ദേശ്യമുണ്െടന്നും സമിതി നേതാക്കള്‍ ആരോപിച്ചു. ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ആവശ്യപ്പെടുന്ന തരത്തില്‍ മാപ്പ് തയാറാക്കി നല്‍കാന്‍ ജില്ലാ ഭരണാധികാരികള്‍ക്കോ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കോ ബാധ്യതയില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കേണ്ടത് സര്‍ക്കാരാണെന്നും സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മുഹമ്മദ് റഫീക് അല്‍കൌസരി, കെ.കെ. ദേവസ്യ, കൊച്ചറ മോഹനന്‍നായര്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പി.പി. മാത്യു, എ.എച്ച്. കുഞ്ഞുമോന്‍ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.