പതിനഞ്ചു സീറ്റ് ഉറപ്പെന്നു സുധീരന്‍; ആദ്യഘട്ടത്തിലെ മുന്‍തൂക്കം പിന്നീടുണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി
പതിനഞ്ചു സീറ്റ് ഉറപ്പെന്നു സുധീരന്‍; ആദ്യഘട്ടത്തിലെ മുന്‍തൂക്കം പിന്നീടുണ്ടായില്ലെന്ന് ഉമ്മന്‍ ചാണ്ടി
Wednesday, April 23, 2014 12:13 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പതിനഞ്ചു സീറ്റ് ഉറപ്പെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ആദ്യഘട്ടത്തില്‍ നേടിയ മുന്‍തൂക്കം അതേപടി പിന്നീടു നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കെപിസിസി നിര്‍വാഹക സമിതിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ മുഴുവന്‍ ഡിസിസി പ്രസിഡന്റുമാരും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമുള്ള നിസഹകരണത്തെക്കുറിച്ചും പലരും പരാതിപ്പെട്ടു. രാവിലെ ആരംഭിച്ച യോഗം ഉച്ചഭക്ഷണത്തിനു പിരിയുന്നതു വരെ പതിന്നാലു ഡിസിസി പ്രസിഡന്റുമാരുടെ വിലയിരുത്തലാണു നടന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലുണ്ടായ പാളിച്ചകള്‍ വിശദമായി തന്നെ പ്രതിപാദിക്കപ്പെട്ടു. ഇടുക്കിയില്‍ കസ്തൂരിരംഗന്‍ പ്രശ്നം ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടു ചോര്‍ച്ചയുണ്ടായതായും വിലയിരുത്തലുണ്ടായി.

ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തിച്ചതായി ഡിസിസി കുറ്റപ്പെടുത്തി. മഹിളാ സംഘടനയുടെ യോഗം വിളിച്ചുകൂട്ടി ഇടതു സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള പ്രശ്നം യുഡിഎഫിനെ ബാധിച്ചതായാണു റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും വിജയസാധ്യത ഉണ്െടന്നായിരുന്നു ഡിസിസിയുടെ നിലപാട്.


കൊല്ലത്ത് ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനിന്നു. ആദ്യഘട്ടത്തില്‍ നിസഹകരിച്ച ലീഗ് നേതാക്കള്‍ പിന്നീടു പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. സീറ്റ് മോഹികളായ ചില നേതാക്കളുടെ ഭാഗത്തുനിന്നു പ്രശ്നങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണു ഡിസിസിയുടെ വിലയിരുത്തല്‍.

ബിഎല്‍ഒമാര്‍ വഴി വിതരണം ചെയ്ത സ്ളിപ്പുകളുപയോഗിച്ച് വോട്ടു ചെയ്യുന്ന സംവിധാനം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. തളിപ്പറമ്പ്, മട്ടന്നൂര്‍, കല്യാശേരി, പയ്യന്നൂര്‍ എന്നീ നിയോജകമണ്ഡലങ്ങളിലാണ് ദുരുപയോഗം കൂടുതലായി നടന്നതെന്ന് തെളിവു സഹിതം ഡിസിസി റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ചു ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിതയായും യോഗത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.