നികുതി കുടിശിക പിരിച്ചെടുക്കാന്‍ ഊര്‍ജിത നടപടി: കെ.എം. മാണി
നികുതി കുടിശിക പിരിച്ചെടുക്കാന്‍ ഊര്‍ജിത നടപടി: കെ.എം. മാണി
Wednesday, April 23, 2014 12:14 AM IST
തിരുവനന്തപുരം: വാണിജ്യനികുതി ഇനത്തില്‍ നിലവിലുള്ള കുടിശിക പിരിച്ചെടുക്കാന്‍ നികുതി വകുപ്പ് ഊര്‍ജിത നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി കെ. എം. മാണി അറിയിച്ചു. ധന മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗം ഇതിനുള്ള കര്‍മപരിപാടിക്കു രൂപം നല്കി.

നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേഖലാതല അവലോകനയോഗം 25, 26, 28 തീയതികളില്‍ നടക്കും. മധ്യമേഖലായോഗം 25ന് എറണാകുളത്തും ഉത്തരമേഖലാ യോഗം 26ന് കോഴിക്കോട്ടും ദക്ഷിണമേഖലാ യോഗം 28ന് തിരുവനന്തപുരത്തും നടക്കും. ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെയും അപ്പീല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും യോഗങ്ങള്‍ 29ന് ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേരും.

സ്റേയിലുള്ള അപ്പീലുകള്‍ എത്രയും പെട്ടെന്നു തീര്‍പ്പാക്കുന്നതിനും അതിലുള്ള നികുതി പിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനു ഗവണ്‍മെന്റ് പ്ളീഡര്‍മാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. റവന്യൂ റിക്കവറിയിലുള്ള തുകകള്‍ സമയബന്ധിതമായി പിരിച്ചെടുക്കാന്‍ കളക്ടര്‍മാരുടെ യോഗവും ഉടന്‍ വിളിച്ചുചേര്‍ക്കും.


സര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ ഉപാധിരഹിത സ്റേകളും വെക്കേറ്റ് ചെയ്യും. കുടിശികത്തുകയുടെ 30 ശതമാനം കെട്ടിവയ്ക്കുന്ന കേസുകളിലേ സ്റേ അനുവദിക്കുകയുള്ളു. റബര്‍, സിമന്റ് എന്നിവ ഒഴികെയുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ഓണ്‍ലൈന്‍ ഡെലിവറി നോട്ട് നിര്‍ബന്ധമാക്കും. പൂര്‍ത്തീകരിക്കാനുള്ള നികുതി നിര്‍ണയങ്ങള്‍ എത്രയും പെട്ടെന്നു തീര്‍പ്പാക്കുന്നതിനു നിര്‍ദേശം നല്കാനും ഉന്നതതലയോഗം തീരുമാനിച്ചു.

ധനമന്ത്രിക്കു പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) വി.സോമസുന്ദരവും, നികുതി സെക്രട്ടറി എ. അജിത്കുമാറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.