12 നീര യൂണിറ്റുകള്‍ക്കുള്ള സബ്സിഡിയടക്കം 87.97 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
12 നീര യൂണിറ്റുകള്‍ക്കുള്ള സബ്സിഡിയടക്കം 87.97 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി
Thursday, April 24, 2014 11:55 PM IST
കൊച്ചി: വൈവിധ്യമാര്‍ന്ന കേരോത്പന്നങ്ങളുടെ നിര്‍മാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാളികേര ടെക്നോളജി മിഷന്‍ 87.97 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. 30 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതിനായി 11.15 കോടിയുടെ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് അധ്യക്ഷനായ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി നടത്തിയ പദ്ധതി വിശകലനത്തിനുശേഷമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ടെക്നോളജി മിഷന്‍ പദ്ധതിയുടെ കീഴില്‍ നാളികേര സംസ്കരണത്തിനും ഉത്പന്ന വൈവിധ്യവത്കരണത്തിനും വേണ്ടിയുള്ള 26 പദ്ധതികളില്‍ നീര സംസ്കരണത്തിനുള്ള 12 പദ്ധതികളും ഉള്‍പ്പെടുന്നു.

മൂന്ന് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് യൂണിറ്റുകള്‍ക്കും ആറു ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും ഒരു കോക്കനട്ട് ചിപ്സ് യൂണിറ്റിനും ഒരു ഉണ്ടകൊപ്ര യൂണിറ്റിനും രണ്ട് ചിരട്ടക്കരി യൂണിറ്റിനും ഒരു ചിരട്ടക്കരി പൊടി (ഉത്തേജിത കരി) യൂണിറ്റിനും അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നീര ഉത്പാദനത്തിനായി പ്രോജക്ട് സമര്‍പ്പിച്ച് ബോര്‍ഡിനു കീഴില്‍ രജിസ്റര്‍ ചെയ്ത 12 നാളികേര ഉത്പാദക കമ്പനികള്‍ക്കും നീരയുത്പാദനത്തിനും സംസ്കരണത്തിനും വിവിധ നീരയധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുമായി 5,982.02 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ആറു കോടിയുടെ സബ്സിഡിയാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ 12 നീര സംസ്കരണ

യൂണിറ്റിനും മൂന്ന് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസസിംഗ് യൂണിറ്റുകള്‍ക്കും പ്രതിദിനം 25,000 നാളികേരം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റിനും പ്രതിദിനം 2,000 നാളികേരം സംസ്കരിക്കാന്‍ ശേഷിയുള്ള ചിപ്സ് യൂണിറ്റിനും 310 ക്വിന്റല്‍ നാളികേരം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള ഒരു ഉണ്ടകൊപ്ര യൂണിറ്റിനും അനുമതി ലഭിച്ചിട്ടുണ്ട്.


പ്രതിദിനം 10,000, 32,000 നാളികേരം വീതം സംസ്കരിച്ചെടുക്കാവുന്ന രണ്ട് ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റുകളും പ്രതിദിനം 3,600 ടണ്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ചിരട്ടപ്പൊടി യൂണിറ്റുമാണ് കര്‍ണാടകയ്ക്ക് ലഭിച്ചത്.

തമിഴ്നാട്ടില്‍ മൂന്ന് ഡെസിക്കേറ്റഡ് കോക്കനട്ട് പൌഡര്‍ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കി. ഇവിടെ പ്രതിദിനം 35,000 മുതല്‍ 80,000 വരെ നാളികേരം സംസ്കരിക്കാവുന്നതാണ്. 30,000 കിലോ ചിരട്ടക്കരി സംസ്കരിക്കാനുള്ള ഒരു യൂണിറ്റിനും അനുമതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പ്രതിദിനം 16 മെട്രിക് ടണ്‍ സംസ്കരണ ശേഷിയുള്ള ഒരു ചിരട്ടക്കരി യൂണിറ്റിനും അനുമതി നല്‍കി.

മൈസൂര്‍ സിഎഫ്ടിആര്‍ഐയിലെ ചീഫ് സയന്റിസ്റ് ഡോ. കെ.എസ്.എം.എസ്. രാഘവ റാവു, കേരള സംസ്ഥാന കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി.വി. പുഷ്പാംഗദന്‍, കര്‍ണാടക ഹോര്‍ട്ടിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കെ.ബി. ദുണ്ഡി, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, കൊച്ചി ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇന്‍സ്പെക്ഷനിലെ അസിസ്റന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് അഡ്വൈസര്‍ ഡോ. ആര്‍. അനില്‍കുമാര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയാഫര്‍, നാളികേര വികസന ബോര്‍ഡ് ചീഫ് കോക്കനട്ട് ഡെവലപ്മെന്റ് ഓഫീസര്‍ സുഗതഘോഷ്, ഡയറക്ടര്‍ ഡോ. കെ. മുരളീധരന്‍ എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.