വാഹനനികുതി: പ്രചാരണം അവാസ്തവം
Thursday, April 24, 2014 11:56 PM IST
തിരുവനന്തപുരം: വാഹനനികുതി നിരക്കില്‍ വന്‍വര്‍ധനയുണ്ടായെന്ന പ്രചാരണം വസ്തുതാവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സ്വകാര്യവാഹനങ്ങളുടെ നികുതിനിരക്കില്‍ ഒരു രൂപയുടെപോലും വര്‍ധനയുണ്ടായിട്ടില്ല. ടാക്സികള്‍ക്കുള്ള പ്രത്യേക ആനുകൂല്യം ആഡംബരവാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ടാക്സി വാഹനങ്ങളുടെ അഞ്ചു കൊല്ലത്തെ നികുതി ഒരുമിച്ച് അടയ്ക്കുന്നതിന് 2014-15 ബജറ്റില്‍ അംഗീകരിച്ച ഭേദഗതിയാണു നടപ്പാക്കിയത്. വ്യക്തിഗത വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണമെന്ന നിയമം നിലനില്ക്കെ ടാക്സികള്‍ക്ക് അത് അഞ്ചു വര്‍ഷത്തേതായി ഭേദഗതി ചെയ്യുകയാണുണ്ടായത്.

ആഡംബരവാഹനങ്ങള്‍ ടാക്സിയുടെ ആനുകൂല്യം പറ്റി ഒരു വര്‍ഷത്തെ നികുതിയടച്ച് സ്വകാര്യ വാഹനമായി ഉപയോഗിക്കുന്നു എന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണു നിയമത്തില്‍ ഭേദഗതി വരുത്തിയത്. വര്‍ഷംതോറും നികുതിയടയ്ക്കുന്നതിനു വാഹന ഉടമകള്‍ക്കും വകുപ്പിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതിലൂടെ കഴിയും.

പുതുതായി രജിസ്റര്‍ ചെയ്യുന്ന ചരക്ക് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ð അത് അഞ്ചു വര്‍ഷത്തേക്കായി ചുരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

ആഡംബര മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ നികുതിനിരക്കിലും ഒരു രൂപ പോലും വര്‍ധനയില്ല. ഒറ്റത്തവണ നികുതി അടച്ചിട്ടുള്ള മോട്ടാര്‍ സൈക്കിള്‍, കാറുകള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ കാലാവധി അവസാനിക്കുമ്പോള്‍ വീണ്ടും അഞ്ചു വര്‍ഷത്തേക്കു രജിസ്ട്രേഷന്‍ പുതുക്കി നല്കുന്നവേളയില്‍ രണ്ടു വര്‍ഷത്തേക്കുള്ള നികുതിയാണ് ഒരുമിച്ച് ഈടാക്കിയിരുന്നത്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും പ്രത്യേകം തുക അടയ്ക്കണം. അതൊഴിവാക്കാന്‍ നികുതി നിരക്കു വര്‍ധന വരുത്താതെ അഞ്ചു കൊല്ലത്തെ നികുതി ഒരുമിച്ച് അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുകയാണു ബജറ്റിലൂടെ ചെയ്തത്. നികുതി നിശ്ചയിക്കുമ്പോള്‍ വാങ്ങല്‍ വിലയില്‍ എക്സൈസ്, കസ്റംസ് ഡ്യൂട്ടി, വാറ്റ്, സെസ് എന്നിവ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നു ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചാണ് ഒറ്റത്തവണ നികുതിയുടെ ഘടന പരിഷ്കരിച്ചത്. ഇതുമൂലം സര്‍ക്കാരിന് അധികവരുമാനമുണ്ടാകുന്നില്ല. ഇക്കാര്യം ബജറ്റില്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


വാഹനനികുതി അടയ്ക്കാനുള്ള സമയം 25 വരെ നീട്ടി

തിരുവനന്തപുരം: ഏപ്രില്‍ മാസത്തില്‍ ഒട്ടേറെ അവധിദിവസങ്ങള്‍ തുടര്‍ച്ചയായി വന്നതിനാല്‍ 15നു മുമ്പ് ഒടുക്കേണ്ട വാഹനനികുതി അടയ്ക്കാനുള്ള സമയം 25 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങി. സമയം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധിച്ച ഉത്തരവു പുറപ്പെടുവിക്കാന്‍ താമസമുണ്ടായി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉത്തരവ് ഉടന്‍ തന്നെ പുറപ്പെടുവിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കു കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.