എം.ജി. കലോത്സവത്തിനു തിരിതെളിഞ്ഞു
എം.ജി. കലോത്സവത്തിനു തിരിതെളിഞ്ഞു
Thursday, April 24, 2014 11:58 PM IST
കൊച്ചി: പരീക്ഷാച്ചൂടും വേനല്‍ച്ചൂടും സംഘാടനത്തിലെ പാളിച്ചകളും ചേര്‍ന്നപ്പോള്‍ എം.ജി. സര്‍വകലാശാല യുവജനോത്സവ- കേളി 2014- ത്തിനു നിറം മങ്ങിയ തുടക്കം. വിദ്യാര്‍ഥികളുടെ പങ്കാളിത്തം പേരിനു മാത്രമായ ആദ്യദിനം കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലുണ്ടായ നടന്‍ മമ്മുട്ടിയുള്‍പ്പെടെയുള്ളവര്‍ സംഘാടകരെ അതൃപ്തിയുമറിയിച്ചു.

അനുചിതമായ സമയത്തു നടത്തുന്ന കലോത്സവം കലാപ്രതിഭകള്‍ക്കു ഗുണം ചെയ്യില്ലെന്നു ഉദ്ഘാടകന്‍ മമ്മുട്ടി പറഞ്ഞു. വേനലിന്റെയും പരീക്ഷയുടെയും ചൂട് കനത്തു നില്‍ക്കുന്ന സമയത്തു കലോത്സവം നടത്താതിരിക്കുന്നതാണ് നല്ലത്. പരീക്ഷയിലെ വിജയത്തിനു മാത്രമല്ല, കലകളുടെ വളര്‍ച്ചയ്ക്കും പ്രോത്സാഹനം നല്‍കണം. തന്നെ കലോത്സവത്തിന്റെ ഉദ്ഘാടത്തിനു ക്ഷണിച്ചതു ഒരു ദിവസം മുമ്പു മാത്രമാണെന്നു വിമര്‍ശിക്കാനും മമ്മുട്ടി മറന്നില്ല.

പ്രധാന വേദിയായ ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ നടന്ന സമ്മേളനത്തില്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ പി.ടി. അശ്വതി അധ്യക്ഷത വഹിച്ചു. പി. രാജീവ് എംപി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍, ഡോ.കെ.ആര്‍ വിശ്വംഭരന്‍, ഹരികുമാര്‍ ചെങ്ങമ്പുഴ, എം.എസ്. മുരളി, യൂണിയന്‍ ജനറല്‍ സെക്രട്ടറി വിഷ്ണു വേണുഗോപാല്‍, അനീഷ് എം.മാത്യു എന്നിവര്‍ പ്രസംഗിച്ചു.

തിരുവാതിര മത്സരമാണ് ആദ്യദിനം നടന്നത്. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കുറഞ്ഞെങ്കിലും പുലികളി, ചെണ്ടമേളം, ബാന്‍ഡ് മേളം, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ നഗരത്തിനു വേറിട്ട കാഴ്ചയായി.

ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട്, സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയം, മഹാരാജാസ് ഹോക്കി ഗ്രൌണ്ട്, ജി. ഓഡിറ്റോറിയം, ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ ആറു വേദികളിലായി 52 ഇനങ്ങളില്‍ മത്സരങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ മഹാരാജാസ് കോളജില്‍ മത്സരങ്ങള്‍ നടക്കുന്നില്ല. 289 കോളജുകളില്‍ നിന്നു വിദ്യാര്‍ഥിപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം 27 നു സമാപിക്കും.


പോരാട്ടം മഹാരാജാസും സെന്റ് തെരേസാസും തമ്മില്‍

കൊച്ചി: എംജി സര്‍വകലാശാല കലോത്സവത്തിനു തിരിതെളിഞ്ഞതോടെ കപ്പ് ഉയര്‍ത്താന്‍ എറണാകുളത്തെ കോളജുകള്‍ പോരാട്ടം തുടങ്ങി. കോട്ടയത്തു കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ കേട് തീര്‍ക്കാന്‍ മഹാരാജാസും കപ്പിലെ പിടി വിടാതിരിക്കാന്‍ സെന്റ് തെരേസാസുമാണ് അറബിക്കടലിനെ സാക്ഷിനിര്‍ത്തി പോരാടുന്നത്.

എംജി യുണിവേഴ്സിറ്റിയുടെ ആസ്ഥാനം കോട്ടയമാണെങ്കിലും കലോത്സവങ്ങളില്‍ പ്രധാന പോരാട്ടം എറണാകുളത്തെ കോളജുകള്‍ തമ്മിലാണ്. കഴിഞ്ഞതവണ കോട്ടയത്ത് ആദ്യ നാലിലെത്തിയ കോളജുകളെല്ലാം കൊച്ചിയില്‍ നിന്നുള്ളവയായിരുന്നു.

കോട്ടയം കലോത്സവത്തില്‍ 113 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ സെന്റ് തെരേസാസ് ഇത്തവണ സ്വന്തം തട്ടകത്തില്‍ ഇരട്ടി കരുത്തോടെയാണ് എത്തുന്നത്. കഴിഞ്ഞവര്‍ഷം 56 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തിയ മഹാരാജാസ് സംഘം മികച്ച മുന്നൊരുക്കമാണു നടത്തിയിരിക്കുന്നത്.

ഫോക് ഡാന്‍സ്, തിരുവാതിരകളി തുടങ്ങിയ ഇനങ്ങള്‍ക്കെല്ലാം മാസങ്ങള്‍ക്കുമുമ്പേ പരിശീലകരെ നിയോഗിച്ചിരുന്നു. തേവര സേക്രഡ് ഹാര്‍ട്ട് കോളജാണ് കിരീടത്തിലേക്കു പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മൂന്നാമത്തെ ടീം.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, അങ്കമാലി ഫിസാറ്റ്, കോട്ടയം ബസേലിയോസ് കോളജ് തുടങ്ങിയവരെല്ലാം ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ തയാറെടുത്തു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.