ബോബി ചെമ്മണൂരിന്റെ മാരത്തണ്‍ സമാപിച്ചു
ബോബി ചെമ്മണൂരിന്റെ മാരത്തണ്‍ സമാപിച്ചു
Thursday, April 24, 2014 12:00 AM IST
തിരുവനന്തപുരം: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ ബ്ളഡ് ബാങ്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബോബി ചെമ്മണൂര്‍ നയിച്ച മാരത്തണ്‍ ഇന്നലെ തലസ്ഥാനത്തു സമാപിച്ചു. കഴിഞ്ഞ മാസം 12ന് കാസര്‍ഗോഡ് നിന്നാരംഭിച്ച മാരത്തണ്‍ 812 കിലോമീറ്റര്‍ പിന്നിട്ടാണു തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ സമാപിച്ചത്. സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

മഹത്തായ സന്ദേശം സമൂഹത്തിനു നല്‍കുന്ന ബോബി ചെമ്മണൂരിന്റെ മാരത്തണില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്െടന്നു മുഖ്യമന്ത്രി പറഞ്ഞു. മലയാളി എന്ന നിലയില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ പേരുവന്നതില്‍ അഭിമാനമുണ്െടന്നു ബോബി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാനാണു താന്‍. മദര്‍ തെരേസയുടെ പുസ്തകത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടു മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണു സന്തോഷം തോന്നിത്തുടങ്ങിയത്. സ്നേഹം മാത്രമേയുള്ളു ലോകത്തില്‍ മടുപ്പനുഭവപ്പെടാത്ത ഏകകാര്യമെന്നും തനിക്കുള്ളതൊന്നും തന്റെ സ്വന്തമല്ലെന്നുമുള്ള തിരിച്ചറിവാണു സന്തോഷത്തിനു കാരണം. 92 വയസുകാരിവരെ തനിക്കൊപ്പം ഓടി. സ്വന്തം കാര്യം നോക്കാന്‍ നേരമില്ലാത്ത ഇക്കാലത്ത് ഈ പരിപാടിക്കെത്തിയവരെല്ലാം മനുഷ്യസ്നേഹികളാണെന്നും അദ്ദേഹം പറഞ്ഞു.

മാരത്തണ്‍ തുടങ്ങിയതു മുതല്‍ നിരവധിപേര്‍ സംശയവുമായി രംഗത്തു വന്നിരുന്നു. രാഷ്ട്രീയ പ്രവേശനത്തിനും സിനിമയില്‍ അഭിനയിക്കാനും താത്പര്യമില്ല. അതൊക്കെ വലിയ കഷ്ടപ്പാടുള്ള ജോലിയാണ്. രക്തം കിട്ടാതെ ആരും മരിക്കരുത്. അതുമാത്രമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം: അദ്ദേഹം പറഞ്ഞു.

ഇന്ത്യ ബുക് ഓഫ് റിക്കാര്‍ഡ്സില്‍ ബോബി ചെമ്മണൂരിന്റെ പേര് ചേര്‍ത്തതായും വേള്‍ഡ് റിക്കാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ഇന്ത്യന്‍ ബുക് ഓഫ് റിക്കാര്‍ഡ്സ് ചെയര്‍മാന്‍ വിവേക് രാജ പറഞ്ഞു. മാര്‍ച്ച് 12ന് രാവിലെ 10.30ന് കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ് പരിസരത്തുനിന്നു പി.കരുണാകരന്‍ എംപിയാണ് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തത്.


24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന വിപുലമായ ബ്ളഡ് ബാങ്കും കുറഞ്ഞ ചെലവില്‍ മരുന്നു ലഭിക്കുന്ന മരുന്ന് ഷോപ്പും, എല്ലാ ദിവസവും ഒരു നേരം ആഹാരം നല്‍കുന്ന പദ്ധതിയും ഇതോടൊപ്പം ഓരോ ജില്ലയിലും ആരംഭിക്കാനും പദ്ധതിയുണ്ട്. ദിവസവും ശരാശരി 50 കിലോമീറ്റര്‍ വീതമാണ് ഓടിയത്. ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അംഗീകരിച്ച ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ്പ് ഘടിപ്പിച്ച നെക്ക് കമ്പനിയുടെ ഷൂസ് ധരിച്ചായിരുന്നു ഓട്ടം. ഓടുന്ന ദൂരം കൃത്യമായി ഈ ചിപ്പില്‍ റിക്കാര്‍ഡ് ചെയ്യും. അമേരിക്കയില്‍ നിന്നാണ് ഷൂസ് എത്തിച്ചിത്. ലോകത്ത് എല്ലാ സ്ഥലങ്ങളിലും ബ്ളഡ് ബാങ്ക് രൂപവത്കരിക്കുകയാണ് ആത്യന്തിക ലക്ഷ്യം.

ഒന്നരമാസമായി തുടരുന്ന ഓട്ടത്തില്‍ പിന്നിട്ട 600 ഓളം പ്രദേശങ്ങളില്‍ സമൂഹത്തിന്റെ നാനതുറകളിലുള്ള നിരവധി പേര്‍ പങ്കാളികളായി. രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ധനസഹായവും നല്‍കിക്കൊണ്ടാണു കടന്നുപോകുന്നത്. ഇവിടങ്ങളില്‍ ആംബുലന്‍സ്, വീല്‍ചെയര്‍, ചികില്‍സയ്ക്കുള്ള ധനസഹായം, വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായം എന്നിവ വിതരണം ചെയ്തു. രക്തദാനത്തിന് സന്നദ്ധത അറിയിച്ചവരില്‍നിന്ന് തെരഞ്ഞെടുത്ത 812 പേര്‍ക്ക് സമാപന യോഗത്തില്‍ സ്വര്‍ണ നാണയം വിതരണം ചെയ്തു.

ഇന്നലെ വൈകുന്നേരം അഞ്ചിനു സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, എം.കെ.മുനീര്‍, മുന്‍മന്ത്രി എം.വിജയകുമാര്‍, എംപിമാരായ പിതാംബരക്കുറപ്പ്, എ.സമ്പത്ത്, മേയര്‍ അഡ്വ.കെ ചന്ദ്രിക, ഒ. രാജഗോപാല്‍, പുരുഷന്‍ കടലുണ്ടി, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്പോട്സ് കൌണ്‍സില്‍ സെക്രട്ടറി പദ്മിനി തോമസ്, ചലച്ചിത്ര താരം വി.കെ. ശ്രീരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.