അരവിന്ദാക്ഷന്‍ പക്ഷത്തെ രണ്ടു പേര്‍ക്കു സഹകരണസ്ഥാപന പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു
Thursday, April 24, 2014 12:04 AM IST
കണ്ണൂര്‍: സിഎംപിയിലെ അരവിന്ദാക്ഷന്‍ പക്ഷത്തുള്ള രണ്ടു പേര്‍ക്കുകൂടി സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു. മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അരവിന്ദാക്ഷന്‍ പക്ഷത്തുള്ള സി.വി. ശശീന്ദ്രനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയപ്പോള്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കും മുമ്പുതന്നെ പരിയാരം മെഡിക്കല്‍ കോളജ് സെന്റര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പ്രഫ. ഇ. കുഞ്ഞിരാമന്‍ രാജിവച്ചു. സിഎംപി സ്ഥാപകനേതാവ് എം.വി. രാഘവന്റെ മകളുടെ ഭര്‍ത്താവാണു കുഞ്ഞിരാമന്‍.

തളിപ്പറമ്പ്, ആലക്കോട് അര്‍ബന്‍ ബാങ്കുകളുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അരവിന്ദാക്ഷന്‍ വിഭാഗത്തില്‍പ്പെട്ടവരെ കഴിഞ്ഞദിവസം അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. സിഎംപി പിളര്‍ന്ന് അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതിനേത്തുടര്‍ന്നാണു പുറത്താക്കല്‍ നടപടികള്‍ നടക്കുന്നത്.

മട്ടന്നൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുത്ത ഇന്നലത്തെ യോഗത്തില്‍ പ്രസിഡന്റായ ശശീന്ദ്രന്‍ ഹാജരായിരുന്നില്ല. ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഏഴുപേര്‍ പങ്കെടുത്തു. ഒരാള്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഒന്‍പത് ഡയറക്ടര്‍മാരില്‍ സിഎംപിക്ക് അഞ്ചും കോണ്‍ഗ്രസിനു രണ്ടും മുസ്ലിംലീഗിന് ഒന്നും വീതമാണുള്ളത്. ഒരാള്‍ സ്വതന്ത്രനാണ്. അഞ്ച് സിഎംപി ഡയറക്ടര്‍മാരില്‍ ശശീന്ദ്രന്‍ മാത്രമാണ് അരവിന്ദാക്ഷന്‍ പക്ഷത്തുള്ളത്. മറ്റുള്ളവര്‍ സി.പി. ജോണ്‍ പക്ഷത്തുള്ളവരാണ്.


റിട്ടേണിംഗ് ഓഫീസര്‍ പി.പി. ജയപ്രകാശന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സൊസൈറ്റി രൂപീകരിച്ചതു മുതല്‍ സി.വി. ശശീന്ദ്രന്‍ ആയിരുന്നു പ്രസിഡന്റ്. ഡയറക്ടര്‍മാരായ കെ. ഗോവിന്ദന്‍, കെ.വി. അബ്ദുള്ളക്കുട്ടി, വി.പി. ഉമ്മര്‍കുട്ടി, കെ. ഗോപാലന്‍, പി. ചന്ദ്രിക, പി.വി. രാധ, എ. ശ്രീജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മറ്റൊരു ഡയറക്ടറായ ദേവദാസനാണ് അവധിക്ക് അപേക്ഷ നല്‍കിയിരുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സൊസൈറ്റിക്കു മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജ് സെന്റര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പ്രഫ. ഇ. കുഞ്ഞിരാമനെതിരേയുള്ള അവിശ്വാസപ്രമേയം ഇന്നു രാവിലെ 11 ന് ഭരണസമിതിയോഗം ചേര്‍ന്നു പരിഗണിക്കാനിരിക്കേ ഇന്നലെ ഉച്ചയോടെ ദൂതന്‍വശം രാജിക്കത്ത് കുഞ്ഞിരാമന്‍ സൊസൈറ്റി ഓഫീസില്‍ എത്തിക്കുകയായിരുന്നു. ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഏഴുപേരും അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നു. സൊസൈറ്റിയുടെ തുടക്കം മുതല്‍ കുഞ്ഞിരാമന്‍ തന്നെയായിരുന്നു പ്രസിഡന്റ്. പ്രസിഡന്റ് രാജി സമര്‍പ്പിച്ചുവെങ്കിലും നിശ്ചയിച്ചതുപോലെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള യോഗം ഇന്നു ചേരും. കോണ്‍ഗ്രസ് നേതാവ് പി. ആനന്ദ്കുമാറിനെ പുതിയ പ്രസിഡന്റായി ഇന്നു ചേരുന്ന ഡയറക്ടര്‍മാരുടെ യോഗം തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.