നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല; ആനമയക്കി മുതല്‍ സയനൈഡ് വരെ ആര്‍ക്കും കിട്ടും
Thursday, April 24, 2014 12:04 AM IST
ഇരിട്ടി: വിഷരാസവസ്തുക്കളുടെ വിപണനവും വിതരണവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സംസ്ഥാനത്തു നടക്കുന്നതായി റിപ്പോര്‍ട്ട്. മാരക വിഷാംശമുള്ളതും ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെടുത്തി അതീവ സുരക്ഷയോടെ സൂക്ഷിക്കേണ്ടതും കര്‍ശന ഉപാധികളോടെ മാത്രം വിതരണം ചെയ്യേണ്ടതുമായ പൊട്ടാസ്യം സയനൈഡ്, മീഥൈല്‍ ആല്‍ക്കഹോള്‍, ക്ളോറോള്‍ ഹൈഡ്രേറ്റ് തുടങ്ങിയവ ഏതൊരാള്‍ക്കും ലഭിക്കും വിധത്തിലാണു വിപണനം നടത്തുന്നത്. ഒരു ഫോണ്‍കോളില്‍ സാധനം എവിടെവേണമെങ്കിലും എത്തിച്ചു നല്‍കാന്‍ ഏജന്റുമാരുണ്െടന്നും പറയുന്നു.

സ്വര്‍ണപ്പണിക്കാര്‍ക്കു വേണ്ടിയാണു യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഏജന്റുമാര്‍ സയനൈഡ് എത്തിച്ചുകൊടുക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് സയനൈഡ് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ളവര്‍ ചുരുക്കം ചിലര്‍ മാത്രമാണ്. കള്ളിനു വീര്യം കൂട്ടാനായി ഉപയോഗിക്കുന്ന ക്ളോറോ ഹൈഡ്രേറ്റ് (ആനമയക്കി) കൈവശം വയ്ക്കാന്‍ സംസ്ഥാനത്ത് പത്തില്‍ താഴെ പേര്‍ക്കു മാത്രമാണു ലൈസന്‍സുള്ളതെങ്കിലും ഇതും വിപണിയില്‍ ആര്‍ക്കുവേണമെങ്കിലും ലഭിക്കും.

വറ്റല്‍മുളകിലെ എരിവ് നീക്കാനാണു മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നതെങ്കിലും വ്യാജമദ്യ നിര്‍മാണലോബിയാണ് വന്‍തോതില്‍ ഈ രാസവസ്തു കൈവശം വയ്ക്കുന്നത്. മീഥൈല്‍ ആല്‍ക്കഹോളും ക്ളോറോ ഹൈഡ്രേറ്റും മറ്റു ചില രാസവസ്തുക്കളും കൂട്ടിച്ചേര്‍ത്ത് കഞ്ചാവിനേക്കാള്‍ ശക്തിയേറിയ മയക്കുമരുന്ന് നിര്‍മിക്കുന്ന സംഘവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം രാസവസ്തുക്കള്‍ വാങ്ങുന്നതും വില്‍ക്കുന്നതും ലൈസന്‍സുള്ളവരാകണമെന്നും ഇവ പ്രത്യേക അലമാരയില്‍ സൂക്ഷിക്കണമെന്നും എസ്എസ്എല്‍സി പാസായ വ്യക്തി ഇതിന്റെ സ്റോര്‍ കീപ്പറായിരിക്കണമെന്നും ഇവയുടെ വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേക രജിസ്ററില്‍ ചേര്‍ക്കണമെന്നുമൊക്കെ വ്യവസ്ഥയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ലൈസന്‍സുള്ള എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നുപോലും അറിയില്ലെന്നാണു ഡ്രഗ് കണ്‍ട്രോള്‍ അധികൃതരില്‍നിന്നു ലഭിക്കുന്ന സൂചന.


ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമോ പോലീസോ എക്സൈസോ അടുത്ത കാലത്തൊന്നും ഇത്തരം വിഷവസ്തുക്കളുടെ കാര്യത്തില്‍ പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും പറയുന്നു. അഞ്ചല്‍ മദ്യദുരന്തം ഉണ്ടായപ്പോള്‍ കോടതിതന്നെ ഇത്തരം മാരകവിഷങ്ങള്‍ സംസ്ഥാനത്തു വ്യാപകമാകുന്നതു തടയാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയും ഇതു സംബന്ധിച്ചു ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ആരോഗ്യവകുപ്പിനു സമഗ്രനിയമനിര്‍മാണത്തിനു ശിപാര്‍ശ നല്‍കുകയും ചെയ്തെങ്കിലും അതിന്റെ ഫയല്‍ ഇതുവരെ വെളിച്ചം കണ്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.