ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ കബറിടം തുറന്നു പരിശോധിച്ചു
Thursday, April 24, 2014 12:09 AM IST
കോട്ടയം: ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനിസമൂഹത്തിന്റെ സ്ഥാപക പിതാവും ക്നാനായ സമുദായത്തിന്റെ ആത്മീയാചാര്യനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ കബറിടം ഇന്നലെ തുറന്നു പരിശോധിച്ചു.

കബറിടം തുറന്നു പരിശോധിക്കുന്നതിനുള്ള അനുവാദം റോമിലെ തിരുസംഘത്തില്‍നിന്നു ലഭിച്ചതനുസരിച്ച് ഇന്നലെ രാവിലെ 6.30-ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെയും സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെയും കാര്‍മികത്വത്തില്‍ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് 8.30-ന് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍-എപ്പിസ്കോപ്പല്‍ ഡലഗേറ്റ്, ഫാ.തോമസ് ആദോപ്പിള്ളില്‍- സബ് ഡലഗേറ്റ്,ഫാ.തോമസ് ആനിമൂട്ടില്‍-പ്രമോട്ടര്‍ ഓഫ് ജസ്റീസ്, ഫാ.മാത്യു മെത്താനത്ത്-നോട്ടറി എന്നിവരും മറ്റ് ട്രൈബ്യൂണല്‍ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

100 വര്‍ഷം മുമ്പ് അടക്കംചെയ്യപ്പെട്ട മാര്‍ മാക്കീലിന്റെ ഭൌതികശരീരം ഈ ഭൂമിയില്‍ അവസാനിക്കാന്‍ കാരുണ്യവാനായ ദൈവം അനുവദിച്ചില്ല. കല്ലറ തുറന്ന് ദൈവദാസന്റെ ഭൌതികാവശിഷ്ടങ്ങള്‍ ശേഖരിച്ച് ഡോ.ഏബ്രഹാം ജോസ് കുഴക്കിയില്‍, ഡോ.വല്‍സമ്മ മാത്യു കല്ലേലിമണ്ണില്‍ എന്നീ മെഡിക്കല്‍ വിദഗ്ധരും സഹായികളും ചേര്‍ന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് തയാറാക്കി. തുടര്‍ന്നു ഭൌതികാവശിഷ്ടങ്ങള്‍ പ്രത്യേക പേടകത്തിലാക്കി. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഔദ്യോഗിക കര്‍മങ്ങളോടെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. ഇടവക വികാരി ഫാ.തോമസ് ആദോപ്പള്ളില്‍ സ്വാഗതവും വിസിറ്റേഷന്‍ സന്യാ സിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ ആന്‍ ജോസ് നന്ദിയും പറഞ്ഞു.


1851 മാര്‍ച്ച് 27-നാണ് മാര്‍ മാക്കീലിന്റെ ജനനം. കോട്ടയം ജില്ലയിലെ മാഞ്ഞൂരില്‍ മാക്കീല്‍ പുത്തന്‍പുരയില്‍ തൊമ്മന്റെയും അന്നയുടെയും തൃതീയ പുത്രനാണ്. 1865-ല്‍ മാന്നാനം സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1866-ല്‍ വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയിലെ ഉപരിപഠനത്തിനുശേഷം 1874 മേയ് 30-നു വരാപ്പുഴ വികാരി അപ്പസ്തോലിക്കയായിരുന്ന ലയോനാര്‍ദ് മെല്ലാനോയുടെ കൈവയ്പുശുശ്രൂഷ വഴി വൈദിക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

കൈപ്പുഴ, ഇടയ്ക്കാട്ട്, ബ്രഹ്മമംഗലം എന്നീ പള്ളികളില്‍ വികാരിയായും വരാപ്പുഴ സഹായമെത്രാനായ മര്‍സിലിനോസ് ബരാര്‍ദിയുടെ സെക്രട്ടറിയായും സേവനംചെയ്തു. തുടര്‍ന്ന് 1889-ല്‍ തെക്കുംഭാഗ സമുദായത്തിന്റെ വികാരിജനറാളായി നിയമിക്കപ്പെട്ടു. 1892 ജൂണ്‍ 24-ന് ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ അദ്ദേഹം കൈപ്പുഴയില്‍ വിസിറ്റേഷന്‍ സന്യാസിനിസമൂഹം സ്ഥാപിച്ചു.

1896 ജൂലൈ 28-ന് ലെയോ 13-ാമന്‍ മാര്‍പാപ്പ ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി മോണ്‍.മാത്യു മാക്കീലിനെ നിയമിച്ചു. 1911 ഓഗസ്റ് 29-ന് തെക്കുംഭാഗക്കാര്‍ക്കായി വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചു. ഇതിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി മാര്‍ മാത്യു മാക്കീല്‍ നിയമിതനായി. 1914 ജനുവരി 26-ന് ആ ധന്യാത്മാവ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. അദ്ദേഹത്തിന്റെ പൂജ്യശരീരം ഇടയ്ക്കാട്ട് പള്ളിയിലെ മദ്ബഹയില്‍ അടക്കംചെയ്തു.

ഈ ആത്മീയാചാര്യന്റെ കബറിടത്തിങ്കല്‍ വിശ്വാസികള്‍ പ്രാര്‍ഥനാപേക്ഷകളുമായി വരുന്നു. 2009 ജനുവരി 26-ന് മാര്‍ മാക്കീലിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. നാമകരണത്തിനുവേണ്ടിയുള്ള രൂപതാ ട്രൈബ്യൂണലിന്റെ പഠനം ഏതാണ്ട് പൂര്‍ത്തിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.